ലണ്ടനിലെ കാൻസർ ചികിത്സയ്ക്കിടെ, വേദന അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന വേളയിൽ, ഒരു ദിവസം ഇർഫാൻ ഖാൻ എഴുതിയ വളരെ വൈകാരികമായ ഒരു കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ. വിവർത്തനം : ബാബു രാമചന്ദ്രൻ.

 

എനിക്ക് 'ന്യൂറോ എൻഡോക്രൈൻ കാൻസർ' ആണെന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് അവർ പറഞ്ഞത്. ആ വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു അന്ന്. 

അസുഖത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ്, അത് വളരെ അപൂർവമായി മാത്രം വരുന്ന ഒരു മാരക രോഗമാണ്, വളരെ കുറച്ചുപേർക്ക് മാത്രമേ ഇന്നുവരെ വന്നിട്ടുള്ളൂ എന്നതുകൊണ്ടുതന്നെ അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും വളരെ കുറച്ചുമാത്രമേ നടന്നിട്ടുള്ളൂ എന്നൊക്കെ ഞാനറിഞ്ഞത്. ചികിത്സ എങ്ങനെ വേണം എന്നകാര്യത്തിൽ കൃത്യമായ ധാരണ ഡോക്ടർമാർക്കും ഇല്ലാത്തതുകൊണ്ട്, ഞാനും അവരുടെ 'ട്രയൽ ആൻഡ് എറർ' പരീക്ഷണങ്ങളുടെ ഭാഗമാകാൻ പോവുകയാണ് എന്നും എനിക്ക് മനസ്സിലായി. 

വല്ലാത്തൊരു ഓട്ടപ്പാച്ചിലിൽ ആയിരുന്നു ഞാൻ. എന്തൊക്കെയോ സ്വപ്നങ്ങളുടെ, ആകാംക്ഷകളുടെ, ലക്ഷ്യസ്ഥാനങ്ങളുടെ ഒക്കെ പിന്നാലെ പായുന്ന തീവണ്ടിയിലെ യാത്രികനായിരുന്നു ഞാൻ. ഒരു നിമിഷം പോലും വിശ്രമിക്കാതെയുള്ള പ്രയാണം; അതിൽ പൂർണമായും നിമഗ്നനായിരുന്നു ഞാൻ. 

പെട്ടെന്നാണ്, ഓർത്തിരിക്കാതെ ആരോ എന്നെ  ചുമലിൽത്തട്ടി വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ അത് ടിടിഇ ആയിരുന്നു. "നിങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റേഷനെത്തി. വരൂ.. ഇറങ്ങൂ." എന്നദ്ദേഹം. 

അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. പ്രതിഷേധസ്വരത്തിൽ, "ഇല്ല, ആയിട്ടില്ല. എന്റെ സ്റ്റേഷൻ ഇതല്ല. എനിക്കിറങ്ങാനുള്ള സ്റ്റേഷൻ ഇനിയും കുറേ ദൂരം കൂടി, കുറേ നേരംകൂടി കഴിഞ്ഞിട്ടാണ്" എന്ന് ഞാൻ മറുപടി നൽകി. 

"ഇനി ഏതുനിമിഷവും നിങ്ങൾക്ക് ഇറങ്ങേണ്ടി വന്നേക്കാം. അടുത്ത സ്റ്റേഷനിലാണ് നിങ്ങൾ ഇറങ്ങേണ്ടത്." എന്ന് മറുപടി. 

അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. നിമിഷനേരം കൊണ്ടാണ് വേദനിപ്പിക്കുന്ന ഒരു സത്യം ഞാൻ തിരിച്ചറിയുന്നത്. കടലിലെ തിരമാലകളിൽ പെട്ടുലഞ്ഞു നീങ്ങുന്ന ഒരു കോർക്ക് മാത്രമാണ് ഞാൻ. കടലിൽ ദിക്കറിയാതെ അലകൾക്കൊപ്പം എങ്ങോട്ടെന്നില്ലാതെ നീങ്ങുമ്പോഴും തിരമാലകളെ ജയിച്ചവനാണ് ഞാനെന്നാണ് ഉള്ളിൽ കരുതിയിരുന്നത്. 

അങ്ങനെ ആകെ പരിഭ്രമിച്ച്, കലുഷിതമായ മനസ്സോടെ, വല്ലാത്തൊരു ആന്തലോടെ ആശുപത്രികൾ കയറിയിറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം ഞാൻ എന്റെ മകനോട് പറഞ്ഞു, " ഈ പ്രതിസന്ധിയെ ഇപ്പോൾ ഞാനിരിക്കുന്ന മാനസികാവസ്ഥയിൽ നേരിടേണ്ടി വരരുതേ എന്ന ഒരാഗ്രഹം മാത്രമേ എനിക്കുള്ളൂ. എനിക്ക് സ്വന്തം കാലിൽ നിവർന്നുതന്നെ നിൽക്കണമെന്നുണ്ട്. ഭയവും അങ്കലാപ്പും എന്നെ കീഴടക്കുന്ന അവസ്ഥ വരരുത്.  അതെന്നെ ദുരിതത്തിലാക്കരുത്. "

അതുമാത്രമായിരുന്നു എന്റെ ആഗ്രഹം, മോഹം. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ കലശലായ വേദനയോടെ ഏതോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വേദനയുണ്ടാകും എന്നെനിക്ക് അറിയാമായിരുന്നു. പക്ഷേ, ഇങ്ങനെ ഒരു വേദന, ഹാ...! ഇപ്പോഴാണ് എനിക്ക് വേദന എന്നുവെച്ചാൽ സത്യത്തിൽ എന്താണ് എന്ന് മനസ്സിലായത്. 

ഒന്നും എന്നെ ഏശുന്നതേയില്ല. ഒരു ആശ്വാസവാക്കും എന്നെ സ്വാധീനിക്കുന്നില്ല. ഒന്നും എനിക്ക് പ്രതീക്ഷ തരുന്നില്ല. ഈ ലോകത്തിൽ ആ നിമിഷം ഒരേയൊരു സത്യമേ ഉണ്ടായിരുന്നുള്ളൂ. വേദന. സഹിക്കാനാവാത്ത വേദന. വേദന ദൈവത്തെക്കാൾ വലുതാണ് എന്ന് ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞു. 

 

 

എന്നെ അവർ കിടത്തിയിരിക്കുന്ന ആശുപത്രിമുറിക്ക് ഒരു ബാൽക്കണി കൂടിയുണ്ടായിരുന്നു. അവിടെയിരുന്നാൽ പുറത്തെ കാഴ്ചകൾ കാണാം. റോഡിന്റെ ഒരു വശത്ത് ആശുപത്രിയാണ്, മറുവശത്തു ലോർഡ്‌സ് സ്റ്റേഡിയവും. കുട്ടിക്കാലത്ത് ഞാൻ സ്വപ്നം കണ്ടിരുന്ന ക്രിക്കറ്റിന്റെ മെക്ക. ഇപ്പുറത്ത് ഞാൻ വേദനകൊണ്ടു പുളഞ്ഞുകൊണ്ടിരിക്കെ, അവിടെ വലിയൊരു പോസ്റ്ററിൽ വിവിയൻ റിച്ചാർഡ്‌സ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. കാണാൻ ഏറെ കൊതിച്ചിരുന്ന ഒരിടമായിരുന്നിട്ടും എനിക്ക് ഒന്നും തന്നെ തോന്നിയില്ല. ഞാനുമായി അതിന് യാതൊരു ബന്ധവുമില്ല എന്നെനിക്ക് തോന്നി. 

അപ്പോൾ ഞാൻ പൂർണ്ണമായും വേദനയുടെ പിടിയിലായിക്കഴിഞ്ഞിരുന്നു.  

ഞാൻ കിടക്കുന്നതിന്റെ നേരെ മുകളിലത്തെ നിലയിലാണ് കോമാ വാർഡ്. എന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഒരു ദിവസം എനിക്കൊരു തിരിച്ചറിവുണ്ടായി. ഈ ജീവന്മരണപോരാട്ടത്തിൽ ഒരു നിരത്തു മാത്രമാണ് ഉണ്ടെന്നു പറയാനാവുന്നത്. ഒരു വശത്ത് ഈ ആതുരാലയം, മറുവശത്ത് ആ കളിസ്ഥലവും. ഞാൻ ആതുരാലയത്തിന്റെയോ, കളിസ്ഥലത്തിന്റെയോ ഭാഗമാണെന്ന് ഒരിക്കലും ഉറപ്പിച്ചു പറയാനാവില്ല. ആ ചിന്ത എന്നെ വല്ലാതെ സ്വാധീനിച്ചു കളഞ്ഞു. എനിക്കുകിടക്കാനുള്ള ആശുപത്രിയുടെ മർമ്മപ്രധാനമായ ആ സ്ഥാനം എന്നെ വല്ലാതെ അതിശയിപ്പിച്ചു. ഈ ലോകത്ത് സുനിശ്ചിതമായിട്ടുള്ളത് അനിശ്ചിതത്വം മാത്രമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ആ ഒരു തിരിച്ചറിവാണ് എന്നെ പൂർണ്ണമായ ബോധ്യത്തോടെ, തയ്യാറോടെ, വിശ്വാസത്തോടെ, ഫലം എന്തുമാകട്ടെ എന്ന വിചാരത്തോടെ, ഞാൻ എവിടെച്ചെന്നവസാനിച്ചാലും പ്രശ്നമില്ല എന്ന കരളുറപ്പോടെ ഇവിടെ പിടിച്ചു നില്ക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. അടുത്ത നാലുമാസം കഴിഞ്ഞാൽ, എട്ടുമാസം കഴിഞ്ഞാൽ, രണ്ടു വർഷം കഴിഞ്ഞാൽ ഞാനെവിടെയാവും എന്ന ചിന്ത ഇപ്പോൾ എന്നെ തെല്ലും അലട്ടുന്നില്ല. അത്തരം ചിന്തകൾ എന്റെ മനസ്സിൽ നിന്ന് ഒഴിഞ്ഞു, തീർത്തും ഇല്ലാതായി എന്നുതന്നെ പറയാം. ജീവിതത്തിന്റെയും മരണത്തിന്റെയുമൊക്കെ രഹസ്യങ്ങൾ എന്റെ ഹൃദയം തിരിച്ചറിഞ്ഞു എന്നുതന്നെ ഞാൻ കരുതുന്നു.

കുറേനാളുകൾക്കുശേഷം ആദ്യമായി സ്വാതന്ത്ര്യം എന്തെന്ന് ഞാനറിഞ്ഞു. എന്തൊക്കെയോ വെട്ടിപ്പിടിച്ചപോലെ ഒരു തോന്നൽ. ജീവിതമെന്തെന്ന് ആദ്യമായി രുചിച്ചറിയുന്ന ഒരു സുകൃതം ഞാനറിഞ്ഞു. അതിന്റെ മായികത അനുഭവവേദ്യമായി. പ്രപഞ്ചത്തിന്റെ സിദ്ധിയിൽ ഇന്നെനിക്ക് പൂർണ്ണവിശ്വാസമുണ്ട്. എന്റെയുള്ളിൽ അവശേഷിച്ചിരുന്നത് പ്രപഞ്ചത്തിന്റെ നിസ്സീമമായ ശക്തിയിലുള്ള തികഞ്ഞ വിശ്വാസം മാത്രമായിരുന്നു. അതെന്റെ ഓരോ കോശങ്ങളിലും വന്നു നിറഞ്ഞപോലെ എനിക്ക് തോന്നി. 

ഈ തോന്നൽ എന്നിൽ നിലനിൽക്കുമോ എന്നതിന് കാലമാണ് സാക്ഷ്യം പറയാനുള്ളത്. 

 

 

അസുഖത്തിലൂടെയുള്ള യാത്രയിൽ ഈ ലോകത്തെ എന്റെ അഭ്യുദയകാംക്ഷികൾ എല്ലാവരും തന്നെ എന്നിക്ക് മംഗളമാശംസിക്കുന്നുണ്ട്. എന്റെ ആയുരാരോഗ്യസൗഖ്യത്തിനായി ഉള്ളുരുകി പ്രാർത്ഥിക്കുന്നുമുണ്ട്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള സന്ദേശങ്ങൾ എന്നെത്തേടി എത്തുന്നുണ്ടിവിടെ. അറിയുന്നവരിൽ നിന്ന്, നേരിൽ കണ്ടിട്ടില്ലാത്ത, കേട്ടറിവ് മാത്രമുള്ളവരിൽ നിന്ന്, എനിക്ക് അറിയുകയേ ചെയ്യാത്തവരിൽ നിന്നൊക്കെയുള്ള സന്ദേശങ്ങൾ. പല ദേശങ്ങളിൽ, പല ടൈം സോണുകളിൽ ഇരുന്നുകൊണ്ട് അവർ എനിക്കുവേണ്ടി പ്രാർത്ഥിക്കുണ്ട്. ആ പ്രാർത്ഥനകളൊക്കെ ഒന്നായി, ഒരൊറ്റ ശക്തിയായി മാറുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അത് വല്ലാത്തൊരുന്മേഷമായി, ബലമായി, ഒരു വൈദ്യുതീകമ്പനമായി, എന്റെ നട്ടെല്ലിന്റെ അറ്റത്തു പ്രവേശിച്ച്, മേലോട്ടൊഴുകി, എന്റെ ഉച്ചിയിൽ പ്രകാശിച്ചു നിൽക്കുന്നതായി എനിക്കനുഭവപ്പെടുന്നു. 

അത് മുളച്ച് ചിലപ്പോൾ ഒരു തളിരായി പൊടിക്കുന്നു, ഒരു മൊട്ടായി വിടരുന്നു.  ഒരു വള്ളിയായി പടർന്നു കയറുന്നു. ഒരിലയായി, ചില്ലയായി, ശാഖയായി എന്നിൽ വളരുന്നു. അതൊക്കെ കണ്ട് ഞാൻ ആഹ്ലാദിക്കയാണ്. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകളിൽ നിന്ന് പൊടിക്കുന്ന ഓരോ തളിരും, മൊട്ടും, ഇലയും, ചില്ലയും, ശാഖയും എന്നെ ഓരോ പുതുലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നു. കടലിന്റെ നടുവിൽ ഒഴുകിനടക്കുന്ന കോർക്കിന് അലകൾക്കുമേൽ നിയന്ത്രണം വേണമെന്നില്ല എന്നു ഞാനറിയുന്നു. പ്രകൃതിയുടെ തൊട്ടിലിൽ വിരലുണ്ടുറങ്ങുന്നൊരു ചോരക്കുഞ്ഞാണ് ഞാനെന്നും.