ഇനി പറയാൻ പോകുന്നത് ഒരു വിശേഷയിനം കള്ളിമുൾച്ചെടിയെപ്പറ്റിയാണ്. ഇത് വളരുന്നത് മെക്സിക്കോയിലെ തരിശുനിലങ്ങൾക്ക് നടുവിലാണ്. വരണ്ടുണങ്ങിയ ഭൂമിയിൽ, വെയിലിന്റെ തീക്ഷ്ണതയെ അതിജീവിച്ചും വളർന്നുവരുന്ന ഇവ മണ്ണിനു ഭംഗി പകരുന്നു. ഇതിന്റെ ഇലകളെ കഷ്ണമാക്കി സാലഡിൽ ഇടാം. ഇതിനെ പ്രോസസ് ചെയ്തെടുത്ത് ചിപ്സും ഉണ്ടാക്കുന്നുണ്ട്. പാലും കൂട്ടി അടിച്ചെടുത്താൽ നല്ല ഒന്നാന്തരം ഷേക്ക് ഉണ്ടാക്കാം. ഇപ്പോഴിതാ ഇതിന്റെ മാലിന്യത്തിൽ നിന്ന് ബയോ-ഫ്യൂവൽ ഉണ്ടാക്കാനുള്ള മാർഗവും ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇതൊരു അത്ഭുതസസ്യം തന്നെയാണ്. 

 

 

മെക്സിക്കൻ ജനത ഇതിനെ വിളിക്കുന്ന പേര് നോപ്പാൽ എന്നാണ്.  ഒപ്പുൻറിയ കാക്റ്റി എന്ന ശാസ്ത്രനാമമുള്ള ഇതിനെ  പ്രിക്‌ലി പിയർ എന്നും പറയും. ഈ സസ്യം മനുഷ്യരാശി ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും ഉത്തരമാകാം. കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതാനുള്ള നടപടികളുടെ ഭാഗമാകാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള സസ്യങ്ങളിൽ ഒന്നാണ് നോപ്പാൽ എന്ന ഈ കള്ളിച്ചെടി. മെക്സിക്കോയിലെ കെമേംബ്രോ എന്ന  ആദിവാസി സമൂഹം ഉപജീവനാർത്ഥം  ഈ ചെടി വ്യാപകമായി കൃഷിചെയ്തു വരുന്നുണ്ട്. അത്ര ഫലഭൂയിഷ്ഠമല്ലാത്ത തരിശുഭൂമികളിൽ നിന്നുപോലും ഹെക്ടർ ഒന്നിന് 300 മുതൽ 400 ടൺ വരെ നോപ്പാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. വേണ്ടത്ര ഫലഭൂയിഷ്ഠമായ ഭൂമിയാണെങ്കിൽ ഇത് അതിന്റെ രണ്ടോ മൂന്നോ ഇരട്ടി വിളവുനൽകും. ഈ കൃഷിക്ക് വളരെ കുറച്ച് വെള്ളം നൽകിയാൽ മതി എന്നത് മറ്റൊരു ലാഭമാണ്. 

 

 

ഒരു പഴം എന്ന വിഭാഗത്തിൽ നോപ്പാലിൽ നിന്ന് വിളവ് കിട്ടും. അതിനുപുറമെ, ഈ ഫലം പ്രോസസ് ചെയ്യുമ്പോൾ വരുന്ന മാലിന്യം ബയോഫ്യൂവൽ ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യാം.മിഗുവേൽ ഏഞ്ചൽ എന്ന വ്യവസായിയാണ് നാപ്പാലിൽ നിന്ന് ജൈവ ഇന്ധനം നിർമിക്കാൻ ശ്രമം നടത്തുന്നത്. തുടക്കത്തിൽ ആംബുലൻസുകൾ, പൊലീസ്, മറ്റു സർക്കാർ വാഹനങ്ങൾ എന്നിവയ്ക്ക് ഇന്ധനം ലഭ്യമാക്കാനാണ് നീക്കം. 

 

 

ഈ കള്ളിച്ചെടിയെ പ്രോസസ് ചെയ്ത് ഒരു പ്രത്യേകയിനം ആട്ട നിർമ്മിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുണ്ടാക്കുന്ന ടോർട്ടില എന്നറിയപ്പെടുന്ന ചപ്പാത്തി പോലെയുള്ള ഒരുത്പന്നം മെക്സിക്കോയിൽ ഏറെ ജനപ്രിയമാണ്. പ്രോസസിംഗ് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന മാലിന്യമാണ് ചാണകത്തോടൊപ്പം ചേർത്ത് ജൈവ ഇന്ധനമാക്കി മാറ്റുന്നത്. 

ലോകത്ത് ഇന്നുത്പാദിപ്പിക്കപ്പെടുന്ന ജൈവ ഇന്ധനങ്ങളിൽ 97 ശതമാനവും വരുന്നത് കരിമ്പ്, ചോളം, സോയാബീൻ എന്നീ ഉത്പന്നങ്ങളുടെ മാലിന്യത്തിൽ നിന്നാണ്. നോപ്പാൽ എന്ന കള്ളിച്ചെടിയിൽ നിന്നുത്പാദിപ്പിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ മെക്സിക്കോയിൽ ഇന്നും തുടരുകയാണ്.