ഇന്ന് ബെനിറ്റോ മുസ്സോളിനിയുടെ 75-ാം ചരമവാർഷികദിനമാണ്. 'വാളെടുത്തവൻ വാളാൽ' എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഒരു കാലത്ത് സ്വന്തം പ്രജകൾക്കുമേൽ അതിക്രമങ്ങൾ പ്രവർത്തിച്ച്, അവരെ പരമാവധി ഗതികെടുത്തിയ പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്. ചുരുക്കം ചില ആരാധകർ ഒഴിച്ച് മറ്റാരും തന്നെ ആ വിയോഗങ്ങളിൽ ഒരിറ്റു കണ്ണുനീർ പോലും പൊഴിച്ചില്ല.  പലരും ശത്രുക്കളാൽ വധിക്കപ്പെട്ടു. ചിലർ ശത്രുക്കളാൽ പിടിക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അപമാനവും, പീഡനങ്ങളും ഭയന്ന് പിടിയിൽ അകപ്പെടും മുമ്പ് തന്നെ ആത്മാഹുതി ചെയ്തു. ക്രൂരത എമ്പാടും പ്രവർത്തിച്ചിട്ടും സ്വച്ഛന്ദമൃത്യു തേടിയെത്തിയവർ ഈദി അമീനെയും പോൾപോട്ടിനെയും പോലുള്ള ചുരുക്കം ചിലർ അപവാദങ്ങളായുണ്ടെങ്കിലും മിക്കവാറും എല്ലാവരും തന്നെ സ്വന്തം ശക്തി പരമാവധി ക്ഷയിക്കുന്നതിന് സാക്ഷ്യം വഹിച്ച് നിസ്സഹായാവസ്ഥയിൽ എത്തി തന്നെയാണ് മരണം വരിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും ദയനീയമായിരുന്നു ഒരുകാലത്ത് സ്വേച്ഛാധിപത്യത്തിന്റെ കൊടുമുടികളിൽ വിരാജിച്ചിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ മരണം. 

 

 

ഇറ്റലിയിൽ ദീർഘകാലം ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തലപ്പത്തിരുന്ന രാഷ്ട്രനേതാവാണ് മുസോളിനി. 1922 -ൽ ഭരണത്തിലേറിയ അദ്ദേഹം, 1943 ജൂലൈയിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട് ഭരണം നഷ്ടമാവുന്നതുവരെ ഉഗ്രപ്രതാപി തന്നെയായിരുന്നു. ഭരണത്തിൽ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുന്നു. സെപ്തംബർ വരെ മധ്യ ഇറ്റലിയിലെ 'ക്യാംപോ ഇമ്പേറാത്തോർ' എന്ന ഹോട്ടലിൽ തടവിൽ കഴിയുന്ന മുസ്സോളനിയെ ഒടുവിൽ ജർമൻ പാരാട്രൂപ്പർമാർ രക്ഷപ്പെടുത്തി ജർമനിയിലെത്തിക്കുന്നു. പിന്നീട് ഉത്തര ഇറ്റലിയിലെ ലൊംബാർദിയിൽ കഴിയുന്നു ശിഷ്ടകാലം. അവിടെ നിന്ന്, ഒടുവിൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്  മുമ്പ് തന്റെ കാമുകി ക്ളാരാ പെട്ടാച്ചിയുമായി സ്പെയിനിലോട്ട് കടക്കാൻ ശ്രമിക്കവേ മുസോളിനി കമ്യൂണിസ്റ്റ് പോരാളികളുടെ കയ്യിൽ ചെന്നുപെടുന്നു. അവർ മുസോളിനിയെ വിചാരണ ചെയ്ത് വെടിവെച്ചു കൊന്നുകളഞ്ഞു. എന്നിട്ട് മുൻകാലങ്ങളിൽ മുസോളിനി ആന്റി-ഫാസിസ്റ്റ് പോരാളികളെ കൊന്നുകെട്ടിത്തൂക്കിയിരുന്ന അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ ശവവും തലകീഴായി തൂങ്ങിയാടി.  മുസോളിനിയുടെ ക്രൂരതകൾക്ക് ഇരയായിരുന്നവരുടെ ബന്ധുക്കൾ ആ ശവങ്ങൾക്കു നേരെ കാറിത്തുപ്പി.. കല്ലെറിഞ്ഞു. അതിന്റെ ഫോട്ടോഗ്രാഫുകൾ അന്ന് പരക്കെ പ്രചരിച്ചു പോന്നു. ആളുകൾ പണം കൊടുത്തുവരെ വാങ്ങി സൂക്ഷിച്ചിരുന്നു ആ ചിത്രങ്ങളെന്ന് അന്നത്തെ ബിബിസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

 

 

മുസ്സോളിനിയുടെ പേര് ഇന്ത്യൻ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത് 2016  മാർച്ചിൽ  കനയ്യ കുമാറിന്റെ ഒരു പരാമർശത്തെത്തുടർന്നായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വസംഘടനകളിൽ പലതിനും, വിശിഷ്യാ ഹിന്ദു മഹാ സഭയ്ക്ക് ഫാസിസ്റ്റ് ശക്തികളുമായി പണ്ട് നേർബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും, ആർഎസ്എസിന്റെ തത്വവികാചാര്യനുമായ ഗുരുജി എം എസ് ഗോൾവാൾക്കർ ഇറ്റലിയിൽ ചെന്ന് ബെനിറ്റോ മുസ്സോളിനിയുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടുള്ള ആളാണ് എന്ന് ആക്ഷേപിച്ചിരുന്നു. എന്നാൽ, കനയ്യ അന്ന് പറഞ്ഞതിൽ നേരിയ പിഴവുണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ. മകരന്ദ് പരഞ്‍ജ്പേ അതിനെ ഇങ്ങനെ തിരുത്തി, " മുസ്സോളിനിയെ കണ്ടത് ഗോൾവാൾക്കർ അല്ല, മറിച്ച് മറ്റൊരു സംഘപരിവാർ സംഘടനാ ഭാരവാഹിയായിരുന്ന ഡോ. ബിഎസ് മൂഞ്ചേ ആയിരുന്നു. എല്ലാവരും അറിയുന്നത് ഗോൾവാൾക്കർ മാത്രമാകും. എന്നാൽ ഡോ. ബിഎസ് മൂഞ്ജേ അത്രതന്നെ പ്രസക്തനായ മറ്റൊരു ബുദ്ധികേന്ദ്രം തന്നെയായിരുന്നു ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം. ഹൈന്ദവ ഭാരതീയത എന്ന സങ്കൽപം വളർത്തിക്കൊണ്ടുവന്നതിൽ ഗോൾവാൽക്കറോളം തന്നെ പങ്കു വഹിച്ചിട്ടുള്ള ആളാണ് ഡോ. ബിഎസ് മൂഞ്ജേയും. 

 

 

അറിയപ്പെടുന്ന ഒരു നേത്രരോഗ വിദഗ്ധനായിരുന്ന ഡോ. ബാലകൃഷ്ണ ശിവറാം മൂഞ്ജേ എന്ന ഡോ. ബിഎസ് മൂഞ്ചേയാണ് തിമിരത്തിനുള്ള ഒരു പുതിയ ശസ്ത്രക്രിയാ രീതി വികസിപ്പിച്ചെടുത്തത്. മുംബൈയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് 1898 -ൽ മെഡിക്കൽ ബിരുദം നേടിയ ശേഷം അദ്ദേഹത്തിന് അന്നത്തെ ബോംബെ മുനിസിപ്പൽ കോർപ്പറേഷനിൽ മെഡിക്കൽ ഓഫീസറായി ജോലി കിട്ടിയിരുന്നു. സൈനിക സേവനത്തിൽ തത്പരനായിരുന്ന ഡോ. മൂഞ്ചേ താമസിയാതെ ആ ഉദ്യോഗം രാജിവെച്ച് ബോവർ യുദ്ധത്തിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെ ബ്രിട്ടീഷ് ആർമിയിൽ ഒരു കിങ്‌സ് കമ്മീഷൻഡ് ഓഫീസർ ആയി സേവനമനുഷ്ഠിച്ചു അദ്ദേഹം. വൈദ്യശാസ്ത്രത്തിലുള്ള അറിവിന് പുറമെ വേദനോപനിഷത്തുക്കളിൽ പാണ്ഡിത്യമുള്ള ഒരു സംസ്കൃത വിദ്വാൻ കൂടിയായിരുന്നു ഡോ. മൂഞ്ജേ. 

അതിനു ശേഷം നാട്ടിൽ വന്ന ഡോ. മൂഞ്ജേ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ച് ബാലഗംഗാധര തിലകന്റെ അനുയായിയായി കൂടെ പ്രവർത്തിച്ചു. തീവ്രവാദി -മിതവാദി അഭിപ്രായഭിന്നത രൂക്ഷമായ 1907 -ലെ കോൺഗ്രസിന്റെ സൂറത്ത് സമ്മേളനത്തിൽ 'ലാൽ-ബാൽ-പാൽ' തീവ്രവാദി പക്ഷത്തിന്റെ കൂടെയായിരുന്നു ഡോ. മൂഞ്ജേയും. 1920 -ൽ ബാലഗംഗാധര തിലകിന്റെ മരണത്തിനു ശേഷമാണു കോൺഗ്രസുമായി ഡോ. മൂഞ്ജേ മാനസികമായി അകന്നുതുടങ്ങുന്നതും, താമസിയാതെ സംഘപരിവാർ, തീവ്ര ഹിന്ദുത്വ നിലപാടുകളിൽ ആകൃഷ്ടനാകുന്നതും. 

1927 മുതൽ 1937 വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ തലവനായിരുന്നു. അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷമാണ് വിഡി സവർക്കർ തലപ്പത്തു വരുന്നത്. ഹെഗ്‌ഡെവാറിനും ഗുരുതുല്യനായിരുന്നു ഡോ. ബിഎസ് മൂഞ്ജേ . 1931 -ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം, യൂറോപ്പിൽ ഒരു പര്യടനത്തിനിറങ്ങുകയുണ്ടായി അദ്ദേഹം. അക്കൊല്ലം മാർച്ച് 20 -നാണ് ഇറ്റലിയിൽ ചെന്ന് ഡോ. മൂഞ്ജേ മുസ്സോളിനിയെ നേരിട്ട് കാണുന്നത്. അന്ന് അവർ തമ്മിൽ നടന്ന സംഭാഷണവും, മുസ്സോളിനിയെന്ന വ്യക്തിയെക്കുറിച്ച് ആ സമാഗമത്തിൽ താൻ സ്വരൂപിച്ച അഭിപ്രായങ്ങളും ഒക്കെ സുവ്യക്തമായി തന്റെ ഡയറിയിൽ  കുറിച്ചിട്ടിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കൗമാരക്കാർക്ക് സൈനികപരിശീലനം നൽകുക എന്ന ആശയത്തിൽ ഏറെ ആകൃഷ്ടനായിരുന്നു ഡോ. മൂഞ്ജേ. അതിനായി ഇറ്റലിക്ക് പുറമെ ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ സ്‌കൂളുകളും സന്ദർശിക്കാൻ അദ്ദേഹത്തിന് പ്ലാനുണ്ടായിരുന്നു. 

 

 

ഇന്ത്യക്ക് സ്വന്തം നാടിന്റേതായ ഒരു സൈന്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഡോ. മൂഞ്ജേ തന്റെ ഡയറിയിൽ അന്ന് കുറിച്ചിട്ടു. മുസ്സോളിനിയുടെ ബലീല്ല (Opera Nazionale Balilla ) പോലുള്ള ഫാസിസ്റ്റ് സംഘടനകളുടെ പ്രവർത്തനം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. അതിനെ അനുകരിച്ചുകൊണ്ട് ഇന്ത്യയിൽ സമാനമായൊരു സംഘടന തുടങ്ങണം എന്നും അദ്ദേഹം അന്ന് ഡയറിയിലെഴുതി. യൂണിഫോം ധരിച്ചുകൊണ്ട് സൈനിക പരിശീലനം നടത്തുക എന്ന ആശയം ഡോ. മൂഞ്ജേ കടമെടുത്ത ഒരു പക്ഷെ മുസോളിനിയുടെ ബലീല്ല പോലുള്ള ഫാസിസ്റ്റ് സംഘടനകളിൽ നിന്നുതന്നെയാകാം. 

 

 

ഡോ. മൂഞ്ജേ മുസ്സോളിനിയെ തേടിപ്പിടിച്ചു ചെന്ന് കണ്ടതിനു പിന്നിലെ ചേതോവികാരം ലളിതമായിരുന്നു. ഒരു കൊടിക്കീഴിൽ യുവാക്കളെ അണിനിരത്തി അവരെക്കൊണ്ട് സായുധമായ പോരാട്ടങ്ങൾ നടത്തിക്കുന്നതിൽ മുസ്സോളിനിയ്ക്കുള്ള പ്രാഗത്ഭ്യം അന്നേക്ക് വിശ്വപ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ആ 'ഇറ്റാലിയൻ മോഡൽ' ഫാസിസ്റ്റ് സൂത്രം പഠിച്ചെടുത്ത്, അത് ഇന്ത്യയിൽ പുനഃസൃഷ്ടിച്ച് ഇവിടത്തെ ഹിന്ദു യുവാക്കളിലും സ്വന്തം മതത്തോടും, പിറന്ന മണ്ണിനോടുമുള്ള വികാരങ്ങൾ ഊതിക്കാച്ചിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു. നല്ല കായബലമുള്ള, വിചാരധാരയുടെ മനോബലമുള്ള യുവാക്കളുടെ ഒരു കൊച്ചു സൈന്യം തന്നെയായിരുന്നു ഡോ. മൂഞ്ജേയുടെ സങ്കല്പത്തിൽ ഉണ്ടായിരുന്നത്. ആ ഊർജ്ജത്തെ രാഷ്ട്ര നിർമാണത്തിന് പ്രയോജനപ്പെടുത്താം എന്ന് അദ്ദേഹം കരുതി. 

 

 

എന്നാൽ അനുകരിക്കാൻ അത്ര നല്ലൊരു മാതൃകയല്ലായിരുന്നു മുസോളിനി എന്നതാണ് ഡോ. മൂഞ്ജേക്ക് പറ്റിയ പിഴവ്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ തുടങ്ങി, അവസരവാദത്തിലൂന്നി, ഒടുവിൽ ഫാസിസം എന്നൊരു വിധ്വംസക ആശയത്തിലേക്കാണ് മുസോളിനി എത്തിച്ചേർന്നത്. തുടക്കത്തിൽ മാർക്സിന്റെ കടുത്ത ആരാധകനായിരുന്നു, തികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്ന മുസോളിനി ഒടുവിൽ പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞും, യുവാക്കളെ സംഘടിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ തല്ലിച്ചതച്ച് ആവണക്കെണ്ണ കുടിപ്പിച്ചും കൊന്നും കൊലവിളിച്ചും ഒക്കെ ഒരുപാട് ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ ജനങ്ങൾക്കിടയിലെ സ്വാധീനം മനസ്സിലാക്കി രാജാവ് നേരിട്ട് ഗവണ്മെന്റുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു മുസ്സോളിനിയെ. പ്രധാനമന്ത്രിയായതിനു പിന്നാലെ നീതിന്യായ വ്യവസ്ഥയെ ക്ഷയിപ്പിച്ച്, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി, പത്രപ്രവർത്തനത്തെ സെൻസർ ചെയ്ത് ഒടുവിൽ അധികം താമസിയാതെ ഇറ്റലിയുടെ ഏകാധിപതിയായി സ്വയം അവരോധിക്കുകയായിരുന്നു മുസോളിനി. അത്തരമൊരു മാതൃകയെ അനുകരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പരിണതി മാത്രമാണ് ഡോ. മൂഞ്ജേക്കും അദ്ദേഹത്തിന്റെ പിന്മുറക്കാർക്കും കൈവന്നതും.