1971 മെയ് 24 ന്റെ പകൽ. സ്ഥലം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൻസദ് മാർഗ് ബ്രാഞ്ച്. ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് വിശേഷിച്ച് തിരക്കൊന്നും ഇല്ലാത്ത ഒരു സാധാരണ പ്രവൃത്തിദിവസമായിരുന്നു അതും. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ചീഫ് കാഷ്യർ വേദ് പ്രകാശ് മൽഹോത്രയുടെ മുന്നിൽ വെച്ചിരുന്ന ഫോണിന്റെ മണിമുഴങ്ങി. 

 

SBI, Sansad Marg Branch

ഫോണെടുത്തപ്പോൾ അപ്പുറത്തു നിന്ന് കേട്ട ഘനഗംഭീര ശബ്ദം ആദ്യം തന്നെ സ്വയം പരിചയപ്പെടുത്തി. പേര് പരമേശ്വർ നാരായൺ ഹക്സർ. പി എൻ ഹക്സർ എന്നും പറയും. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. " വിളിച്ചത് ഒരത്യാവശ്യകാര്യത്തിനാണ്. പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് ഒരു രഹസ്യ മിഷൻ പറഞ്ഞയക്കാൻ പോവുകയാണ്. അതിന്റെ നടത്തിപ്പിലേക്കായി കുറച്ചധികം പണം ആവശ്യമുണ്ട്. ഏകദേശം 60 ലക്ഷം രൂപ. നൂറിന്റെ ഡിനോമിനേഷനിൽ വേണം. പണം ഒരു സ്യൂട്ട്കേസിൽ നിറച്ച്, സൻസദ് മാർഗിലെ ബൈബിൾ ഭവൻ എന്ന കെട്ടിടത്തിന് മുന്നിൽ കൊണ്ടുവരണം. അവിടെ ആളെ വിടാം. " 

 

പി എൻ ഹക്സർ

ആ പറഞ്ഞത് കേട്ടപ്പോഴേക്കും മൽഹോത്ര ആകെ അമ്പരന്നു പോയി. ആദ്യമായിട്ടാണ് ഇത്രക്ക് 'ഹൈ പ്രൊഫൈൽ' ആയ ഒരാൾ അദ്ദേഹത്തെ വിളിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പിഎൻ ഹക്സർ എന്നൊക്കെ കേട്ട് രോമാഞ്ചപ്പെട്ടിട്ടേ ഉള്ളൂ ഇതുവരെ. അതേ മഹാരഥൻ ഒരാവശ്യത്തിന് നേരിട്ട് വിളിക്കുക എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ. അതേ സമയം, വിളി ടെലിഫോണിൽ ആയതുകൊണ്ട്, ഇനി അപ്പുറത്തുള്ളത് ഹക്സർ തന്നെ അല്ലേ എന്നും സംശയം  തോന്നാതിരുന്നില്ല മൽഹോത്രയ്ക്ക്. 

അപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്നും പറഞ്ഞ് വിളിച്ചയാൾ മൽഹോത്രയോട്, "ഒരു കാര്യം ചെയ്യൂ, ഞാൻ മാഡത്തിന് ഫോൺ കൊടുക്കാം, നേരിട്ട് സംസാരിച്ചോളൂ..." എന്നുപറഞ്ഞത്. പിന്നീട് അഞ്ചാറ് സെക്കന്റിന്റെ ഇടവേളയാണ്. കാഷ്യർ മൽഹോത്രയുടെ നെഞ്ചിൽ പെരുമ്പറയടിച്ചു. ഇടവേള അവസാനിച്ചു. അപ്പുറത്ത്, കേട്ട് നല്ല പരിചയമുള്ള ഒരു സ്ത്രീശബ്ദം സംഭാഷണം ഏറ്റെടുത്തിരിക്കുന്നു,"മിസ്റ്റർ മൽഹോത്ര, നിങ്ങൾ ഈ പണവുമായി നേരിട്ട് വരണം. ബൈബിൾ ഭവന് മുന്നിലാണ് എത്തേണ്ടത്. അവിടെ ഞങ്ങളുടെ സീക്രട്ട് ഏജന്റ് ഉണ്ടാകും. അയാൾ നിങ്ങളോട്,"ബംഗ്ളാദേശ് കാ ബാബു" എന്ന കോഡ് വേർഡ് പറയും. നിങ്ങൾ അപ്പോൾ തിരിച്ച് "ബാർ അറ്റ് ലോ" എന്ന കോഡ് പറയണം. തിരിച്ചുള്ള കോഡ് കേട്ട് ഉറപ്പിച്ച ശേഷം മാത്രം നിങ്ങൾ പണമടങ്ങിയ സ്യൂട്ട് കേസ് അയാളെ ഏൽപ്പിക്കണം. കീപ്പ് എവെരിതിങ്ങ് സ്ട്രിക്റ്റ്‌ലി  കോൺഫിഡൻഷ്യൽ, ഓക്കേ..!" 

 

'ഹക്സർ ഇന്ദിരയോടൊപ്പം '

ഇത്രയും പറഞ്ഞ് അപ്പുറത്തുള്ള സ്ത്രീശബ്ദം ഫോൺ വെച്ചു. ഇന്ദിര ഗാന്ധിയുടെ അതേ ശബ്ദമായിരുന്നതിനാൽ മൽഹോത്രയ്ക്ക്  ഒട്ടും സംശയം തോന്നിയില്ല. അയാൾ ഡെപ്യൂട്ടി ചീഫ് കാഷ്യർ ബത്രയെ  വിളിച്ച് ഒരു ക്യാഷ് ബോക്സിൽ 60 ലക്ഷം എടുത്തുവെക്കാൻ പറഞ്ഞു. ബത്രയും സഹായി എച്ച് ആർ ഖന്നയും ചേർന്ന് പന്ത്രണ്ടരയോടെ സ്ട്രോങ്ങ് റൂം തുറന്ന്, നൂറിന്റെ ഡിനോമിനേഷനിൽ 60 ലക്ഷം എടുത്ത് ക്യാഷ് ബോക്സിൽ നിറച്ചു. ഡെപ്യൂട്ടി ഹെഡ് കാഷ്യർ രുഹേൽ സിംഗ് രജിസ്റ്ററിൽ എൻട്രി ഉണ്ടാക്കി ഒപ്പിട്ട്, സീൽ വെച്ച്, പേയ്‌മെന്റ് വൗച്ചർ ആക്കി. ആ വൗച്ചറിൽ മൽഹോത്രയും ഒപ്പിട്ടു. അതിനു ശേഷം പ്യൂണിനെക്കൊണ്ട് ആ ക്യാഷ് ട്രങ്ക് ബാങ്കിന്റെ DLI 760 നമ്പർ വണ്ടിയിൽ ലോഡ് ചെയ്തു. അതിനു ശേഷം ചീഫ് കാഷ്യർ മൽഹോത്ര തന്നെ ആ വണ്ടി ഓടിച്ചു കൊണ്ട് സൻസദ് മാർഗിലെ ബൈബിൾ ഭവനിലേക്ക് പോയി.  

ബാങ്കിന്റെ വാഹനം കെട്ടിടത്തിനടുത്തു കൊണ്ട് നിർത്തി. മൽഹോത്ര പുറത്തിറങ്ങിയതും വെളുത്ത് നല്ല ഉയരമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിന്ന് "ബംഗ്ളാദേശ് കാ ബാബു " എന്ന കോഡ് അടക്കം പറഞ്ഞു.  മൽഹോത്ര മറുകോഡ് പറഞ്ഞുറപ്പിച്ചതോടെ അയാൾ ബാങ്കിന്റെ വണ്ടിയിലേക്ക് കയറി. മൽഹോത്രയോട് വണ്ടിയെടുക്കാൻ പറഞ്ഞു. പഞ്ചശീൽ മാർഗും, സർദാർ പട്ടേൽ മാർഗും ചേരുന്നിടത്ത് ഒരു ടാക്സി സ്റ്റാൻഡ് ഉണ്ട്. അവിടെ വണ്ടി നിർത്താൻ പറഞ്ഞു അയാൾ. ട്രങ്ക് കയ്യിലെടുത്ത് ഡോർ തുറന്നു പുറത്തിറങ്ങും വഴി അയാൾ ഇത്രയും കൂടി പറഞ്ഞു, "മൽഹോത്ര സാബ്. നിങ്ങളെ നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി, ഈ തുകയ്ക്കുള്ള ക്യാഷ് വൗച്ചർ വാങ്ങിച്ചുകൊള്ളൂ." 

 

 

അന്ന് തനിക്ക് ഫോണിൽ കിട്ടിയ രഹസ്യ നിർദേശം അപ്പടി അനുസരിക്കുകയാണ് മൽഹോത്ര എന്ന എസ്ബിഐ ഉദ്യോഗസ്ഥൻ ചെയ്തത്. എന്നാൽ, പിന്നീടാണ്, തനിക്കു പറ്റിയ അക്കിടി മൽഹോത്രക്ക് മനസ്സിലാവുന്നത്. അയാളെ ഹക്സർ എന്നും പറഞ്ഞ് വിളിച്ചയാളിന്റെ പേര് സത്യത്തിൽ 'റുസ്തം സൊഹ്‌റാബ് നാഗർവാല' എന്നാണ്. കുറച്ചു കാലം മുമ്പുവരെ ഇന്ത്യൻ സൈന്യത്തിൽ ക്യാപ്റ്റൻ ആയിരുന്നു. ഇടക്ക് കുറച്ച് കാലത്തേക്ക് അയാളെ റോയിലേക്കും ഡെപ്യൂട്ട് ചെയ്തിരുന്നു. എന്തായാലും, തനിക്കു പറ്റിയ അമളിയെപ്പറ്റി  മനസ്സിലാവാതെ, തല്ക്കാലം ആ അജ്ഞാതൻ പറഞ്ഞതും കേട്ട് പ്രധാനമന്ത്രി ഓഫീസിലേക്ക് പോയി മൽഹോത്ര. അവിടെ ചെന്നപ്പോഴാണ് അവർ പ്രധാനമന്ത്രി പാർലമെന്റിലാണ് എന്ന് മൽഹോത്രയോട് പറയുന്നത്. അയാൾ അവിടെ നിന്ന് നേരെ പാർലമെന്റിലേക്ക് ചെന്നു. അവിടെ ചെന്നപ്പോഴും പ്രധാനമന്ത്രിയെ നേരിട്ട് കാണാനൊന്നും മൽഹോത്രക്ക് സാധിച്ചില്ല. പക്ഷേ, പിഎൻ ഹക്സറെ കാണാൻ അയാൾക്ക് സാധിച്ചു. നടന്നതൊക്കെ ഹക്സറോട് വിവരിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ, " മൽഹോത്രാജി, അങ്ങയെ ആരോ വഞ്ചിച്ചതാണ് എന്ന് തോന്നുന്നു..." ആ മറുപടി കേട്ടപ്പോൾ മൽഹോത്രയ്ക്ക് കാലടിയിലെ മണ്ണ് പിളർന്നു മാറുന്നതുപോലെ തോന്നി. 

"ഇവിടെ പ്രധാനമന്ത്രി ഓഫീസിൽ നിന്ന് ആരും ഇങ്ങനെ ഒരാവശ്യവും പറഞ്ഞുകൊണ്ട് എസ്ബിഐയിലേക്ക് വിളിച്ചിട്ടില്ല. നിങ്ങൾ ഒരു കാര്യം ചെയ്യൂ, എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ ചെന്ന് ഒരു പരാതി നൽകൂ." ഹക്സർ പറഞ്ഞു.

ഇതിനിടെ ബാങ്കിൽ ഡെപ്യൂട്ടി ഹെഡ് കാഷ്യർ രുഹേൽ സിങ് കാഷ്യർ ബത്രയോട് ഇടയ്ക്കിടെ വൗച്ചറിനെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു. "മൽഹോത്ര സാബ് പോയിട്ടുണ്ട് വൗച്ചർ ഇപ്പോൾ വരും" എന്ന് ബത്ര മറുപടിയും കൊടുത്തുകൊണ്ടിരുന്നു. നേരം കുറെ കഴിഞ്ഞിട്ടും വൗച്ചറോ മൽഹോത്രയോ തിരിച്ചുവരാതിരുന്നപ്പോൾ രുഹേൽ സിങ് വിവരം മേലധികാരികളെ അറിയിച്ചു. അധികാരികളുടെ നിർദേശപ്രകാരം സൻസദ് മാർഗിലെ പൊലീസ് സ്റ്റേഷനിൽ പോയി ആദ്യ പരാതി നൽകുന്നത്  രുഹേൽ സിങ് ആയിരുന്നു. 

പരാതി ലഭിച്ചയുടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. വളരെ സ്തുത്യർഹമായിരുന്നു പൊലീസിന്റെ പ്രാഥമികാന്വേഷണം. അന്നേദിവസം രാത്രി പത്തരയോടെ തന്നെ അവർ ദില്ലി ഗേറ്റിലെ പാഴ്സി ധർമശാല പരിസരത്തുവെച്ച് നാഗർവാലയെ പിടികൂടി. ഡിഫൻസ് കോളനിയിലെ നാഗർവാലയുടെ സ്നേഹിതന്റെ വീട്ടിൽ നിന്ന് അവർ 59,95,000 രൂപ അടങ്ങിയ ട്രങ്ക് കണ്ടെടുക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കപ്പെട്ട ഈ കേസന്വേഷണത്തിന് അവർ നൽകിയ പേര്, "ഓപ്പറേഷൻ തൂഫാൻ" എന്നായിരുന്നു. 

 

 'നാഗർവാല പിടിക്കപ്പെട്ടപ്പോൾ '

അന്നേ ദിവസം അർദ്ധരാത്രിയോടെ ദില്ലി പൊലീസ് ഒരു പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. സ്റ്റാൻഡിൽ നിന്ന് ടാക്സിപിടിച്ച് പണവുമായി നാഗർവാല നേരെ പോയത് രാജേന്ദർ നഗറിലെ തന്റെ വീട്ടിലേക്കാണ്. അവിടെ നിന്ന് ഒരു സ്യൂട്ട്കേസ് എടുത്ത് വീണ്ടും അതേ ടാക്സിയിൽ കേറി. ഓൾഡ് ദില്ലിയിലെ നിക്കോൾസൺ റോഡ് പ്രദേശത്തുവെച്ച് ഡ്രൈവറുടെ മുന്നിൽ വെച്ചുതന്നെ ട്രങ്കിൽ നിന്ന് പണം സ്യൂട്ട്കേസിലേക്ക് നിറച്ചു. അയാൾ ആരോടും ഒന്നും മിണ്ടാതിരിക്കാൻ ടാക്സി ഡ്രൈവർക്ക് ടിപ്പായി അന്നത്തെ അഞ്ഞൂറ് രൂപ നൽകി.  

അപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായിരുന്നു. ഈ വിവരം പാർലമെന്റിൽ വലിയ കോലാഹലങ്ങൾ ഉണ്ടാക്കി. ചില പ്രതിപക്ഷ നേതാക്കൾ അന്ന് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല. "ഇതിനു മുമ്പ് എന്നെങ്കിലും വേദ് പ്രകാശ് മൽഹോത്രയെ ഇന്ദിരാഗാന്ധി വിളിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഫോണിൽ കേട്ട ശബ്ദം ഇന്ദിരയുടേതാണ് എന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി? ബാങ്കിൽ നിന്ന് ഒരു ക്യാഷ്യർക്ക് ഒരു ഫോൺ സന്ദേശത്തിന്റെ മാത്രം ബലത്തിൽ ഇത്ര വലിയ സംഖ്യ പിൻവലിക്കാൻ സാധ്യമാണോ? എല്ലാറ്റിനേക്കാളും വലിയ ചോദ്യം, ഈ പണം എവിടെനിന്നു വന്നു? ആരുടെ പണമാണിത്?"

'ഒരാൾ ഒരു ക്രിമിനൽ കുറ്റം ചെയ്യുക. അതിന് അന്നേദിവസം പിടിക്കപ്പെടുക. തൊണ്ടി മുതൽ പിടിക്കപ്പെടുമ്പോൾ തന്നെ വീണ്ടെടുക്കപ്പെടുക. മൂന്നു ദിവസത്തിനുള്ളിൽ അയാളെ കോടതിയിൽ ഹാജരാക്കുക. കേസ് കോടതിയിലെത്തിയ അന്നുതന്നെ വിചാരണ പൂർത്തിയാക്കി അന്നേ ദിവസം തന്നെ പ്രതിയെ ശിക്ഷിക്കുക' - ഇത്രയധികം അപൂർവതകൾ 'നാഗർവാല' കേസിന് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സ്വന്തമാണ്. മെയ് 27 -ന് കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ നാഗർവാല എല്ലാം ഏറ്റു പറഞ്ഞു. ബംഗ്ലാദേശിൽ രഹസ്യ ഓപ്പറേഷനുണ്ട് എന്നും പറഞ്ഞ് താൻ മൽഹോത്രയെ പറ്റിച്ചതാണ് എന്ന് നാഗർവാല കുറ്റസമ്മതം നടത്തി. ശിക്ഷയും അന്നുതന്നെ വിധിച്ചു നൽകി കോടതി. നാലു വർഷത്തെ കഠിനതടവ്. ഒപ്പം ആയിരം രൂപ പിഴയും.  

 

 

എന്നാൽ ഈ കേസിനെ ദുരൂഹതകൾ പിന്നെയും വിടാതെ പിന്തുടർന്നു. അന്ന് ഈ കേസ് അന്വേഷിച്ച എഎസ്പി ഡികെ കശ്യപ്, 1971 നവംബറിൽ, തന്റെ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ, വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അന്നത്തെ പ്രസിദ്ധ ആഴ്ചപ്പതിപ്പായ 'ദ കറണ്ടി'ന്റെ ഉടമയും എഡിറ്ററുമായ ഡി എഫ് കരാകയെത്തേടി നാഗർവാലയുടെ കത്ത് വന്നെത്തി. സ്കാൻഡലിനെപ്പറ്റി തനിക്ക് കുറെ രഹസ്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പല പൊയ്മുഖങ്ങളും അഴിച്ചിടും എന്നും. നാഗർവാല ഒരു പഴ്‌സിയായിരുന്നു. ഡിസൊഭായ് കരാക എന്ന എഡിറ്ററും പാഴ്സി തന്നെ ആയിരുന്നതാകാം അയാളോടുതന്നെ ഇത് പറയണം എന്ന് നാഗർവാലക്ക് തോന്നാൻ കാരണം. എന്നാൽ ആ കത്തുകിട്ടുമ്പോൾ  കരാകയ്ക്ക് തീരെ സുഖമില്ലായിരുന്നു. അദ്ദേഹം ഇന്റർവ്യൂവിനു വേണ്ടി തന്റെ അസിസ്റ്റന്റിനെ പറഞ്ഞുവിട്ടെങ്കിലും, കരാക വരുമെന്ന് കരുതി ജയിലിൽ  കാത്തിരുന്ന നാഗർവാല, പകരം വന്ന അസിസ്റ്റന്റിന് ഇന്റർവ്യൂ നൽകാൻ വിസമ്മതിച്ചു. അധികം താമസിയാതെ, 1972 ഫെബ്രുവരിയിൽ നാഗർവാലയെ തിഹാർ ജയിലിൽ നിന്ന് നെഞ്ചുവേദനയോടെ ജയിൽവളപ്പിൽ തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഫെബ്രുവരി 21 -ന് ആരോഗ്യനില വഷളായതിന്റെ പേരിൽ പന്ത് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മാർച്ച് രണ്ടാം തീയതി ഉച്ചയോടെ നാഗർവാലക്ക് ഹൃദയസ്തംഭനമുണ്ടായി. അയാൾ മരണപ്പെട്ടു. അന്ന് അയാളുടെ അമ്പത്തൊന്നാം ജന്മദിനമായിരുന്നു.

നാഗർവാല നടത്തിയ തട്ടിപ്പിൽ ഏറ്റവും കൂടുതൽ പേരുദോഷമുണ്ടായത് ഇന്ദിരാ ഗാന്ധിക്കാണ്. ഇന്ദിര അധികാരത്തിലിരുന്നത്രയും കാലം പ്രതിപക്ഷം ഈ പേരിൽ ബഹളമുണ്ടാക്കിക്കൊണ്ടുതന്നെ ഇരുന്നു. ഒടുവിൽ അടിയന്തരാവസ്ഥക്ക് ശേഷം, 1977 -ൽ ജനതാപാർട്ടിയുടെ സർക്കാർ അധികാരത്തിലേറിയപ്പോൾ നാഗർവാല മരണപ്പെട്ട സംഭവത്തിലെ ദുരൂഹതയെപ്പറ്റി അന്വേഷിക്കാൻ വേണ്ടി ജഗൻ മോഹൻ റെഡ്ഢി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതി അന്വേഷിച്ചിട്ടും പക്ഷേ ആ മരണത്തെപ്പറ്റി വിശേഷിച്ചൊരു വിവരവും പുറത്തുവന്നില്ല. 1978 -ൽ ഈ സമിതി സമർപ്പിച്ച 820 പേജുള്ള റിപ്പോർട്ടിൽ അവർ നാഗർവാലയുടെ മരണം 'മയോകാർഡിയൽ ഇൻഫാർക്ഷൻ' കാരണമാണെന്നും അതിൽ ഗൂഢാലോചന ഒന്നും ആരോപിക്കേണ്ടതില്ല എന്നും കണ്ടെത്തിയിരുന്നു. 

അന്ന് എസ്‌ബിഐക്ക് നേരെയും നിരവധി ചോദ്യങ്ങൾ ഉയർന്നു. "ഇങ്ങനെ ഒരു ആവശ്യവും പറഞ്ഞുകൊണ്ട് എന്തിനാണ് നാഗർവാല ചീഫ് കാഷ്യറെത്തന്നെ  വിളിച്ചത്? എന്തുകൊണ്ട് ബ്രാഞ്ച് മാനേജരെ വിളിച്ചില്ല? വിശേഷിച്ച് ഒരു ചെക്കും ഡ്രാഫ്റ്റും കൊടുക്കാതെ എങ്ങനെയാണ് ഇത്രയും വലിയൊരു സംഖ്യ ഒരു സർക്കാർ ബാങ്കിൽ നിന്ന് ഇഷ്യു ചെയ്യപ്പെടുന്നത്?"

പിന്നീട് പത്രങ്ങളിൽ വാർത്തകൾ പലതും അച്ചടിച്ചുവന്നു. ഈ പണം ബംഗ്ലാദേശ് ഓപ്പറേഷനുവേണ്ടി റോയുടെ ആവശ്യപ്രകാരമാണ് പിൻവലിക്കപ്പെട്ടത് എന്ന ആക്ഷേപമായിരുന്നു അതിൽ പ്രധാനം. എന്നാൽ റോയുടെ അധികാരികളായ ആർ എൻ കൗ, ശങ്കരൻ നായർ എന്നിവർ, "ഈ കേസുമായി 'റോ'ക്ക് യാതൊരു ബന്ധവും ഇല്ല", എന്ന് ശക്തിയുക്തം എതിർക്കുകയാണ് ഉണ്ടായത്. പിന്നീട് ഹിന്ദുസ്ഥാൻ ടൈംസിൽ  ഇന്ദിരാഗാന്ധി മരിച്ച ശേഷം അച്ചടിച്ച് വന്ന ഒരു ലേഖനത്തിൽ ഈ ഓപ്പറേഷൻ ഇന്ദിര ഗാന്ധിക്ക് ദുഷ്പേരുണ്ടാക്കാൻ സിഐഎ നടത്തിയ ഒരു 'ഡിഫമേഷൻ ജോബ്' ആയിരുന്നു എന്ന് ആരോപിച്ചിരുന്നു. 1986 -ൽ സ്റ്റേറ്റ്‌സ്മാൻ പത്രത്തിൽ എസ് കെ അഗർവാൾ എഴുതിയ ലേഖനത്തിൽ തനിക്ക് നാഗർവാല എഴുതിയ കത്തുകളെപ്പറ്റി പരാമർശിച്ചിരുന്നു. ത്തിൽ നാഗർവാലയും ഇന്ദിരയും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിവരങ്ങൾ നിരവധിയുണ്ടായിരുന്നു എന്ന് അഗർവാളും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ദിര തന്നെ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത് തനിക്ക് നാഗർവാല എന്നൊരാളെ അറിയുകയേ ഇല്ല എന്നായിരുന്നു. 

 

'റോ തലവൻ ആർ എൻ കൗ'

 

തന്നെ പറ്റിച്ച് നാഗർവാല കൈക്കലാക്കിയ അറുപതു ലക്ഷത്തിൽ അയ്യായിരം രൂപ ഒഴിച്ചുള്ള തുക പൊലീസ് കണ്ടെടുത്തത് ചീഫ് കാഷ്യർ വേദ് പ്രകാശ് മൽഹോത്രയ്ക്ക് തൽക്കാലത്തേക്ക് ആശ്വാസം പകർന്നു. എന്നാൽ ഒരു പകൽ കൊണ്ട് നാഗർവാല ചെലവാക്കിക്കളഞ്ഞ  അയ്യായിരം രൂപ മൽഹോത്രയ്ക്ക് സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് ബാങ്കിലടക്കേണ്ടി വന്നു. അന്ന് അയ്യായിരം രൂപ എന്നുപറയുന്നത് വലിയൊരു തുകയായിരുന്നു. ആ പണം മൽഹോത്രയിൽ നിന്ന് പിടിച്ചതുകൊണ്ട് ഈ തട്ടിപ്പിൽ എസ്‌ബിഐക്ക് വിശേഷിച്ച് സാമ്പത്തികനഷ്ടമൊന്നും ഉണ്ടായില്ല എങ്കിലും, ഈ സംഭവം അവരുടെ പ്രതിച്ഛായക്കുണ്ടാക്കിയ ഇടിവ് വളരെ വലുതായിരുന്നു. മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി, സ്കാൻഡൽ നടന്ന പാടേ ബാങ്ക് മൽഹോത്രയ്ക്കുമേൽ അന്വേഷണം പ്രഖ്യാപിക്കുകയും, അന്വേഷണാനന്തരം അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. 

ഈ സംഭവത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു കാര്യം കൂടി പറഞ്ഞു വെച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇങ്ങനെയൊരു തട്ടിപ്പ് നടന്ന് പത്തുവർഷത്തിനിപ്പുറം, 1982 --ലാണ്  കോൺഗ്രസ് ഗവണ്മെന്റ് ജപ്പാനിലെ സുസുക്കി എന്ന കാർ നിർമാണ കമ്പനിയുമായി സഹകരിച്ചുകൊണ്ട്, 'മാരുതി ഉദ്യോഗ് ലിമിറ്റഡിന് രൂപം നൽകുന്നത്. ഭാരതത്തിലെ വാഹനവിപണിയുടെ തലവര തിരുത്തിയെഴുതിയ ആ ബൃഹദ് സ്ഥാപനത്തിന്റെ കന്നി ചീഫ് അക്കൗണ്ട്സ് ഓഫീസർ ആയി അന്ന് നിയമിതനായ വ്യക്തിയുടെ പേര് 'വേദ് പ്രകാശ് മൽഹോത്ര' എന്നായിരുന്നു. 

 

 

വിവരങ്ങൾക്ക് കടപ്പാട് ബിബിസി ഹിന്ദി