ജപ്പാനിൽ പുതിയ ചക്രവർത്തിയുടെ സ്ഥാനാരോഹണച്ചടങ്ങുകൾ പൂർത്തിയാക്കപ്പെട്ടിരിക്കുന്ന സമയമാണിത്. സൂര്യദേവത അമതേരാസുവുമൊത്തുള്ള അമൃതേത്തും പള്ളിയുറക്കവും അതിനോടനുബന്ധിച്ച പരമ്പരാഗത ചടങ്ങുകളും പൂർത്തിയായതോടെ നാരുഹിതോ ചക്രവർത്തി ഔപചാരികമായി ജപ്പാന്റെ അടുത്ത ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. 

നല്ല വിളവിനും, സമാധാനത്തിനും, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഒക്കെ സൂര്യദേവതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ഈ ചടങ്ങ് എന്നാണ് ജാപ്പനീസ് അധികൃതർ പറയുന്നത്. 'ദൈജോസായി' എന്നാണ് ഈ ചടങ്ങിന് ജാപ്പനീസ് ഭാഷയിൽ പറയുന്ന പേര്. ചടങ്ങിനുള്ള ചെലവ് വഹിച്ചത് നികുതിദായകരുടെ പണം ചെന്നുചേരുന്ന രാജ്യത്തെ ഖജനാവ് തന്നെയാണെങ്കിലും, ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രജകൾക്ക് അനുവാദമുണ്ടായിരുന്നില്ല. കൊട്ടാരത്തിനുള്ളിൽ വളരെ ഗോപ്യമായിട്ടാണ് ഈ ചടങ്ങുകൾ നടത്തപ്പെട്ടത്. ഇത്തവണത്തെ ചടങ്ങുകൾക്ക് ഏകദേശം മുന്നൂറു കോടി ചെലവു വന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പൊതുജനങ്ങളിൽ നിന്ന് ഇതിനെതിരെ പ്രത്യക്ഷമായ പ്രതിഷേധ സ്വരങ്ങളും ഉയർന്നുവന്നിരുന്നു.

എന്താണ് ഈ സ്ഥാനാരോഹണച്ചടങ്ങ്

'ദൈജോസായി' എന്നറിയപ്പെടുന്ന ഈ സ്ഥാനാരോഹണമഹാമഹത്തിന് ജാപ്പനീസ് സംസ്കാരത്തിൽ വലിയ പ്രാധാന്യമാണുള്ളത്. പുതുതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന നാരുഹിതോ ചക്രവർത്തി സൂര്യദേവതയായ അമാതെരാസുവുമായി നടത്തുന്ന ആദ്യസംസർഗ്ഗമാണിത്. ഒപ്പം, ഷിന്റോ മതത്തിലെ മറ്റുള്ള മുഖ്യ ദേവീദേവന്മാരുമായും ഈ ചടങ്ങിൽ ചക്രവർത്തി സംസർഗം നടത്തുമെന്നാണ്  സങ്കൽപം. കാർഷികവൃത്തിയിൽ അധിഷ്ഠിതമായ, ഏഴാം നൂറ്റാണ്ടോളം പഴക്കമുള്ള ജപ്പാന്റെ പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകളാണ് ഈ വിളവെടുപ്പുത്സവങ്ങൾ.

രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഈ ചടങ്ങിന്. കുളിച്ച് ശുദ്ധിവരുത്തിയ ശേഷം, ചക്രവർത്തി നാരുഹിതോ തന്റെ കൊട്ടാരത്തിൽ പുതുതായി പണിതീർത്ത ക്ഷേത്ര സമുച്ചയത്തിന്റെ യുക്കിഡെൻ എന്നറിയപ്പെടുന്ന അകത്തളങ്ങളിൽ ഒന്നിലേക്ക് പ്രവേശിച്ചു. അവിടെനിന്ന് ശ്രീകോവിലിനുള്ളിലേക്ക് ചക്രവർത്തിക്കുമാത്രമാണ് പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നത്. വിളവെടുത്ത നെല്ലുകുത്തി അരിയാക്കി അതുകൊണ്ടുണ്ടാക്കിയ ചോറും,  സാകി എന്ന വിശേഷയിനം വീഞ്ഞും, പച്ചക്കറികളും, മീനും, രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നല്ല കാർഷികവിഭവങ്ങളും ഒക്കെ സദ്യയുടെ ഭാഗമാണ്. അതെല്ലാം കൊണ്ടാണ് ചക്രവർത്തിയുടെ ശ്രീകോവിൽ പ്രവേശം. ചക്രവർത്തി യുക്കിഡെന്നിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതുവരെ മാത്രമാണ് ടെലിവിഷൻ കവറേജ് ഉണ്ടായിരുന്നത്.

ശ്രീകോവിലിനുള്ളിൽ ചെന്നിരുന്ന് ചക്രവർത്തി നിഗൂഢമായ മന്ത്രോച്ചാരണങ്ങൾ നടത്തി ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നു എന്നാണ് സങ്കൽപം. ഇക്കൊല്ലത്തെ വിളവിന് നന്ദി പറഞ്ഞുകൊണ്ടും, അടുത്തവർഷവും നല്ല വിളവുനൽകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടുമുള്ളതാണ് ഈ പ്രാർത്ഥനാഗീതങ്ങൾ.  

പല വലിപ്പത്തിലുള്ള മുപ്പതോളം ഗോപുരങ്ങൾ അടങ്ങുന്ന വലിയൊരു ക്ഷേത്രമാതൃകയാണ് ഡൈജോക്യൂ എന്ന പേരിൽ ഈ ചടങ്ങിനുവേണ്ടി മാത്രമായി നിർമ്മിച്ചിരുന്നത്. ഏകദേശം 131 കോടിയോളം ചെലവിട്ട് കെട്ടിപ്പൊക്കിയ ഈ ക്ഷേത്രമാതൃക ചടങ്ങുതീരുന്ന മുറക്ക് ഇടിച്ചുകളയും. പരിപാടിക്ക് ആകെ ചെലവുവരുന്നത് ഏകദേശം 175 കോടിയോളമാണ്.  പ്രധാനകൊത്തളത്തിനുള്ളിൽ പ്രത്യേകം തയ്യാർ ചെയ്തിരുന്ന മെത്തയെച്ചൊല്ലിയും ഏറെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇത്, മാന്ത്രികശക്തികൾ കൈവരാൻ വേണ്ടി, ദേവതയ്‌ക്കൊപ്പം ചക്രവർത്തിക്ക് പള്ളിയുറങ്ങാൻ വേണ്ടിയുള്ളതാണ് എന്നായിരുന്നു കൊട്ടാരം വൃത്തങ്ങളിലെ സംസാരം.

ചക്രവർത്തിയുടെ കയ്യിൽ പണമൊന്നും ഇല്ലാത്തതിനാൽ ഗവൺമെന്റാണ് വേണ്ട ചെലവൊക്കെ വഹിച്ചുകൊണ്ട് ഇന്നും ഈ ചടങ്ങുകളൊക്കെ ഏറ്റെടുത്ത് നടത്തുന്നത്. ധൂർത്തടിക്കപ്പെടുന്നതോ, പൊതുജനത്തിന്റെ പണവും. ഇതിനു മുമ്പ് ഒരു ദൈജോസായി നടന്നിട്ടുളളത് 1990-ൽ നാരുഹിതോയുടെ പിതാവ് അകിഹിതോ ചക്രവർത്തിയുടെ സ്ഥാനാരോഹണവേളയിലായിരുന്നു.

സർക്കാർ ഇങ്ങനെ ചക്രവർത്തിയുടെ സ്ഥാനാരോഹണച്ചടങ്ങുകളുടെ പേരും പറഞ്ഞുകൊണ്ട് പൊതുമുതൽ ധൂർത്തടിക്കുന്നതിനെപ്പറ്റി വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. ഇരുനൂറിലധികം പേർ ചേർന്ന് കഴിഞ്ഞ വർഷം  തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ജാപ്പനീസ് കോടതിയിൽ ഹർജി കൊടുത്തിരുന്നു. 'ഭരണത്തിൽ നിന്ന്  മതതാത്പര്യങ്ങളെ മാറ്റി നിർത്തണം' എന്ന ഭരണഘടനാതത്വത്തിന് വിരുദ്ധമാണ് ഇത്തരത്തിലുള്ള ധൂർത്തുകളെന്ന് അവർ ആക്ഷേപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിലുള്ള സർക്കാർ പറയുന്നത്, ജപ്പാന്റെ രാജപാരമ്പര്യം രാജ്യത്തിൻറെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് കെടാതെ കാക്കുന്നതിന് സ്റ്റേറ്റ് ഫണ്ട് ചെലവിടുന്നതിൽ തെറ്റില്ല എന്നുമാണ്. 'കൊട്ടാരം ചെലവുകൾ എന്ന വകുപ്പിൽ പെടുത്തിയാണ് ഈ ചെലവുകളെല്ലാം തന്നെ  വകയിരുത്തപ്പെട്ടിരിക്കുന്നത്.

'ജപ്പാനിലെ രാഷ്ട്രീയകക്ഷികൾക്ക് ഇന്നും രാജഭരണകാലത്തിന്റെ രോമാഞ്ചം മനസ്സിൽ അവശേഷിക്കുന്നതുകൊണ്ടാവും', ആചാരങ്ങളുടെയും ചടങ്ങുകളുടെയും പേരിൽ നടക്കുന്ന ധൂർത്തുകൾ തടയാൻ വ്യക്തമായ ഒരു സർക്കാർ ഇടപെടൽ ഇനിയും ഉണ്ടാകാത്തത് എന്ന് ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ജപ്പാനിലെ മൊണാർക്കി വിദഗ്ധനായ തകേഷി ഹാര പറയുന്നു.

ഇപ്പോൾ സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്ന ചക്രവർത്തിയുടെ സഹോദരൻ, അകിഷിനോ പറയുന്നത്, ഇങ്ങനെ പൊതുമുതൽ ധൂർത്തടിക്കുന്നതിന് താൻ എതിരാണെന്നാണ്. " ഇതൊരു കുടുംബ ചടങ്ങാണ്, മതപരമായ വിശ്വാസം. അത് പാലിക്കുന്നതിലും, ചടങ്ങുകൾ ആഘോഷപൂർവം നടത്തുന്നതിലും തെറ്റില്ല, എന്നാൽ ചെലവുകൾ പരമാവധി നിയന്ത്രിച്ച്, ധൂർത്തുകൾ തീർത്തും ഒഴിവാക്കാൻ കൊട്ടാരം ശ്രദ്ധിക്കണം. അകിഷിനോ രാജകുമാരന്റെ അഭിപ്രായത്തെ കൊട്ടാരം തള്ളിക്കളഞ്ഞെങ്കിലും, പൊതുജനങ്ങൾ അതിനെ അഭിനന്ദിക്കുകയുണ്ടായി. ഇപ്പോൾ നടക്കുന്ന ചടങ്ങുകൾ എല്ലാം തന്നെ തികച്ചും സാധാരണമാണെന്നും, അത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് കൊട്ടാരം അധികൃതർ പറയുന്നത്.