Asianet News MalayalamAsianet News Malayalam

ഇൻഷുറൻസ് തുക തട്ടാൻവേണ്ടി സ്വന്തം ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന തട്ടിപ്പുകാരന്റെ കഥ

അബോർഷൻ നടത്താൻ ഡോക്ടർ വരുന്നതിനു മുമ്പ് തന്റെ കണ്ണുകൾ കറുത്ത തുണികൊണ്ട് കെട്ടിമറച്ചുകൊള്ളാൻ മേരി അനുവാദം നൽകി. 

the man who killed his wife with snake bite for insurance
Author
Los Angeles, First Published May 24, 2020, 1:34 PM IST
  • Facebook
  • Twitter
  • Whatsapp

ഇത് ഒരു കൊലപാതകത്തിന്റെ കഥയാണ്. ഇൻഷുറൻസ് തുകയ്ക്കുവേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഒരു യുവാവിന്റെ ക്രൂരകൃത്യത്തിന്റെ സംഭവകഥ. ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത് 1935 -ൽ ലോസ് ആഞ്ചലസിൽ വെച്ചാണ്. 

അത് ഓഗസ്റ്റ് മാസത്തിലെ പ്രശാന്തമായ ഒരു വേനൽക്കാല സായാഹ്നമായിരുന്നു. ജെയിംസ് പെംബെർട്ടനും, ഭാര്യ വയോളയും കൂടി സുഹൃത്തായ റോബർട്ട് എസ് ജയിംസിന്റെ, വേർഡുഗോ റോഡിലെ പുത്തൻവീട്ടിലേക്ക് വിരുന്നിനായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. റോബർട്ട് ജെയിംസ് തന്നെയായിരുന്നു അവരെ കാറിൽ കൊണ്ടുപോയ്‌കൊണ്ടിരുന്നത്. ആ വീടിന്റെ വാതിൽക്കൽ അതിഥികളെയും കാത്ത് ഇരുപത്തഞ്ചുകാരിയായ റോബർട്ടിന്റെ പത്നി, മേരി നിൽപ്പുണ്ടാകും എന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അവരുടെ പ്രതീക്ഷകൾ തെറ്റി. വാതിൽക്കലെന്നല്ല സ്വീകരണമുറിയിലോ, കിടപ്പറയിലോ, അടുക്കളയിലോ ഒന്നും തന്നെ അവർക്ക് മേരിയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രി ഇരുട്ടിയിട്ടും ആ വീട്ടിലെ വിളക്കുകളൊന്നും തെളിയിച്ചിരുന്നില്ല. വലിയ ആ മാളിക ഇരുട്ടിൽ മുങ്ങിക്കിടപ്പായിരുന്നു. 

അവർ മൂന്നുപേരും ചേർന്ന് അതോടെ മേരിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ജെയിംസ് പെംബെർട്ടൻ കയ്യിൽ ഒരു ഫ്ലാഷ് ടോർച്ചുമായി വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി. അവിടെ കാടുപിടിച്ചു കിടന്ന ഒരു കുഞ്ഞു കുളമുണ്ടായിരുന്നു. കുളത്തിന്റെ മറുഭാഗത്തേക്ക് ടോർച്ചടിച്ചു കൊണ്ട് തിരഞ്ഞുനടന്ന അയാൾ നിലത്ത് വീണുകിടന്നിരുന്ന ഒരു ശരീരത്തിൽ തടഞ്ഞ് വീഴാൻ പോയി. കാലിന്റെ ഭാഗം കരയിലും, മുഖം വെള്ളത്തിലൂടെ അവിടെ നിലത്ത് വീണുകിടന്നിരുന്നത് റോബർട്ടിന്റെ ഭാര്യ മേരി ആയിരുന്നു. അവരുടെ മഞ്ഞിച്ച മുടി വെള്ളത്തിൽ പൊന്തിക്കിടന്നു. ഇടത്തേക്കാലിന്റെ തള്ളവിരലിനടിയിൽ രണ്ടു കുത്തുകളുണ്ടായിരുന്നു. അവരുടെ ശ്വാസം നിലച്ചിരുന്നു. മേരി മരിച്ചു പോയിരുന്നു. റോബർട്ടിന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. 

 

the man who killed his wife with snake bite for insurance

 

റോബർട്ടും മേരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിരുന്നുള്ളൂ. മേരി റോബർട്ടിനെ ആദ്യമായി കാണുമ്പൊൾ അയാൾ ഒരു സലൂണിലെ ബാർബറായിരുന്നു. തന്റെ സലൂണിലെ 'മാനിക്യൂർ സ്‌പെഷ്യലിസ്റ്റാ'യി മേരിയെ റോബർട്ട് നിയമിക്കുകയായിരുന്നു. അസാമാന്യമായ സുഭഗത്വമുള്ള അയാളെ മേരിക്ക് ഇഷ്ടമായി. അയാളുടെ വിവാഹാഭ്യർത്ഥനയും അവർ സ്വീകരിച്ചു. മേരിക്ക് അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. റോബർട്ട് ജെയിംസ് എന്ന അവളുടെ നവവരൻ പയറ്റിത്തെളിഞ്ഞ ഒരു തട്ടിപ്പുകാരനാണ് എന്ന സത്യം. അമ്മ മരിച്ചു പോയപ്പോൾ തന്നെ തേടിയെത്തിയ ഇൻഷുറൻസ് കമ്പനിയുടെ ചെക്കാണ് അയാളുടെ മനസ്സിൽ ലഡു പൊട്ടിച്ചത്. ചെക്കിലെ തുക അത്ര വലുതായിരുന്നില്ല എങ്കിലും, ഇൻഷുറൻസ് എന്ന സംഗതി അയാൾക്ക് നന്നായി ബോധിച്ചു. അതിന്റെ സാദ്ധ്യതകൾ ചൂഷണം ചെയ്യാനുള്ള പല പദ്ധതികളും അയാളുടെ കുടിലബുദ്ധിയിൽ വിളഞ്ഞു. മേരിയെ പരിചയപ്പെടും മുമ്പുതന്നെ അയാൾ അഞ്ചുവട്ടം വിവാഹവും വിവാഹമോചനവും ഒക്കെ കഴിഞ്ഞിരുന്നു എന്ന് അവൾക്കറിയില്ലായിരുന്നു. മേരിയുടെ പേർക്ക് അയാൾ അന്നത്തെ 10,000 ഡോളർ വിലമതിപ്പുള്ള ഒരു ഇൻഷുറൻസ് പോളിസി എടുത്തപ്പോൾ അതിനെയും ഭർത്താവിന് തന്നോടുള്ള കറുത്തലായി മാത്രമേ മേരി കരുതിയുള്ളൂ. പോളിസി എടുത്തശേഷം അയാൾ തന്റെ പദ്ധതി നടപ്പിലാക്കാൻ വേണ്ട സഹായിയെയും റിക്രൂട്ട് ചെയ്തു.  

നേവിയിൽ നിന്ന് പിരിഞ്ഞുപോന്ന, സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ചാൾസ് ഹോപ്പ് എന്ന ഒരു കുക്കായിരുന്നു അയാൾ. അയാളെ നേരിൽ ചെന്നുകണ്ട റോബർട്ട് തന്റെ ആവശ്യം അറിയിച്ചു. " എനിക്ക് എന്റെ ഭാര്യയെ ഒഴിവാക്കണം. കൊല്ലുകയല്ലാതെ മാർഗമില്ല. എന്നാൽ പിടിക്കപ്പെടാനും പാടില്ല. രണ്ടു റാറ്റിൽ സ്നേക്കുകളെ വേണം. നൂറു ഡോളർ തരും ഞാൻ. എന്തുപറയുന്നു?" 

 

the man who killed his wife with snake bite for insurance

 

ആദ്യം പാമ്പിനെ വാങ്ങാൻ മാത്രമായിരുന്നു പദ്ധതി എങ്കിലും, പിന്നീട് കൂടുതൽ താത്പര്യം പ്രകടിപ്പിച്ച ചാൾസിനെ റോബർട്ട് പദ്ധതിയിൽ മുഴുവൻ സമയ പങ്കാളിയായി കൂട്ടിച്ചേർത്തു. ഹോപ്പ് മറ്റൊരു വഴിക്ക് പണി കൂടുതൽ എളുപ്പത്തിൽ സാധിക്കാം എന്ന് റോബർട്ടിനോട് പറഞ്ഞു. "ബ്ലാക്ക് വിഡോ എന്നുപേരുള്ള ഒരു തരം എട്ടുകാലികൾ ഉണ്ട്. ഒരു കുത്തു കിട്ടിയാൽ നിമിഷങ്ങൾക്കകം ആൾ മരിക്കും"  അങ്ങനെയെങ്കിൽ അങ്ങനെ എന്നായി റോബർട്ട്. അതിൽ കാര്യം നടന്നില്ലെങ്കിൽ മേരിയെ വീട്ടിനുള്ളിലിട്ട് തീക്കൊളുത്തിക്കൊല്ലുക, തൊലിപ്പുറമേ മുറിവുണ്ടാക്കി അതിലൂടെ രാസവസ്തു കലർത്തി കൊല്ലുക, യാത്രക്കിടെ കൊള്ളക്കാർ വന്നു എന്ന ഭാവേന വെടിവെച്ചു കൊല്ലുക എന്നിങ്ങനെ പല 'പ്ലാൻ ബി'കളും അവർ തയ്യാറാക്കി. 

ആദ്യഘട്ടമായി അവർ ബ്ലാക്ക് വിഡോ ഇനത്തിൽ പെട്ട എട്ടുകാലികളെ മേരിയുടെ കിടക്കയിൽ വിതറി മാറി നിന്നു. എന്നാൽ അതിന്റെ  കുത്തേറ്റ മേരിക്ക് കാലിൽ അസഹ്യമായ വേദനയും, വീക്കവും ഒക്കെ ഉണ്ടായി എന്നല്ലാതെ അവൾ മരിച്ചില്ല. അങ്ങനെ അവർ പ്ലാൻ ബി ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന റാറ്റിൽ സ്നേക്ക് വഴി തന്നെ തെരഞ്ഞെടുത്തു. തങ്ങളുടെ ആയുധങ്ങളായ ആ വിഷപ്പാമ്പുകളെ വാങ്ങാൻ വേണ്ടി റോബർട്ടും, ജെയിംസും ഒന്നിച്ച് ഇറങ്ങിപ്പുറപ്പെട്ടു. 

 

the man who killed his wife with snake bite for insurance

'സ്നേക്ക് ജോ'

'സ്നേക്ക് ജോ' എന്നറിയപ്പെട്ടിരുന്ന ജോസഫ് ഹോട്ടാൻബ്രിക്കിന്റെ പാസാഡിനയിലുള്ള സ്നേക്ക് ഫാമിൽ പോയി അവിടത്തെ ഏറ്റവും വിഷം കൂടിയതെന്ന് ജോ പറഞ്ഞ 'ലൈറ്റ്‌നിങ്, ലീതൽ' എന്നീ റാറ്റിൽ സ്നേക്കുകളെ അവർ വിലകൊടുത്ത് വാങ്ങി. 1935 ഓഗസ്റ്റ് 4 -ന് അവർ ഇരുവരും ചേർന്ന് തങ്ങളുടെ കൊലപാതക പ്ലാൻ നടപ്പിലാക്കി. വിവാഹത്തിന്റെ മൂന്നാം മാസത്തിൽ തന്നെ ഗർഭിണിയായിട്ടുണ്ടായിരുന്നു മേരി. ഇത്ര നേരത്തെ കുഞ്ഞുങ്ങൾ വേണ്ട എന്ന തന്റെ നിലപാടിലേക്ക് അയാൾ മേരിയെയും കൊണ്ടുവന്നു. ഭർത്താവിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി അവൾ രഹസ്യമായ ഗർഭഛിദ്രത്തിന് തയ്യാറായി. നിയമപരമായി അത് മൂന്നുമാസത്തിനു ശേഷം നടത്തുക പ്രയാസമായിരുന്നു എന്നതിനാൽ, താൻ വളരെ രഹസ്യമായി അത് ചെയ്തുതരാൻ തയ്യാറുള്ള ഒരു ഗൈനക്കോളജിസ്റ്റ് ഡോക്ടറെ കണ്ടെത്തിയിട്ടുണ്ട് എന്ന് റോബർട്ട് പറഞ്ഞു. അത് മേരി വിശ്വസിച്ചു. അത് അവരുടെ വീട്ടിൽ വെച്ചുതന്നെ നടത്താമെന്നു ഡോക്ടർ പറഞ്ഞതായും റോബർട്ട് മേരിയെ വിശ്വസിപ്പിച്ചു. അതിനും മേരി സമ്മതം മൂളി.

ഒടുവിൽ അബോർഷൻ ദിവസം വന്നെത്തി. ഡോക്ടറുടെ ഒരു നിബന്ധനയെപ്പറ്റി മേരിയോട് റോബർട്ട് പറഞ്ഞത് അവസാന നിമിഷം മാത്രമാണ്. ചെയ്യുന്നത് നിയമ വിരുദ്ധമായ പ്രവൃത്തി ആയതുകൊണ്ട് തന്റെ മുഖം ഓപ്പറേഷന് വിധേയയാകുന്ന മേരി കാണരുത് എന്ന് ഡോക്ടർക്ക് നിർബന്ധമുണ്ടത്രെ. അത് ന്യായം എന്ന് തോന്നിയ മേരി അതിനും സമ്മതിച്ചു. അബോർഷൻ നടത്താൻ ഡോക്ടർ വരുന്നതിനു മുമ്പ് തന്റെ കണ്ണുകൾ കറുത്ത തുണികൊണ്ട് കെട്ടിമറച്ചുകൊള്ളാൻ മേരി അനുവാദം നൽകി. അതിനു ശേഷം റോബർട്ട് ഭാര്യക്ക് നാലഞ്ച് പെഗ്ഗ് വിസ്കി നൽകി, ഒപ്പം ബ്രോമൈഡും. രണ്ടും കൂടി അകത്തു ചെന്ന അവൾ ആകെ മയക്കം പിടിച്ച അവസ്ഥയിലായി. അയാൾ അവളെ പ്രാതൽ കഴിക്കുന്ന മേശയുടെ മുകളിലേക്ക് പിടിച്ചു കിടത്തി. 

അതിനു ശേഷമായിരുന്നു ജയിംസിന്റെ രംഗപ്രവേശം. അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്ന തന്റെ ഭാര്യയെ മേശപ്പുറത്ത് ഒരു കയറുകൊണ്ട് വരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു റോബർട്ട്. വായും കണ്ണുകളും ടേപ്പൊട്ടിച്ചു മറച്ചിട്ടുമുണ്ടായിരുന്നു. റോബർട്ട് തന്റെ കൈകൾ കൊണ്ട് മേരിയുടെ കാൽ പൊന്തിച്ച്  ഒരു ഹാർഡ് ബോർഡ് ബോക്സിനുള്ളിലേക്ക് കുത്തിക്കയറ്റി. അതിനുള്ളിൽ അവർ നേരത്തെ വാങ്ങിച്ച ഉഗ്രവിഷമുള്ള റാറ്റിൽ സ്നേക്കുകൾ, 'ലൈറ്റ്‌നിങ്ങും, ലീതലും' ഉണ്ടായിരുന്നു. ഇരു സർപ്പങ്ങളും കൂടി മേരിയെ മൂന്നു വട്ടം കടിച്ചു. 

 

the man who killed his wife with snake bite for insurance

 

കടിയേറ്റ് മേരി അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു എങ്കിലും അവൾ തൽക്ഷണം മരിച്ചില്ല. അതോടെ ജെയിംസ് ആകെ പരിഭ്രാന്തനായി. അയാൾ വിറയാർന്ന കൈകൾ സ്റ്റീയറിങ്ങിൽ തെരുപ്പിടിപ്പിച്ചു കൊണ്ട് ഗാരേജിലെ തന്റെ കാറിൽ ചെന്ന് കാത്തിരുന്നു. മേരിയുടെ മരണ വൃത്താന്തത്തിനായി കാത്തിരുന്ന ജെയിംസിനെ, അൽപനേരം കഴിഞ്ഞപ്പോൾ റോബർട്ട് ആ വിവരം അറിയിച്ചു. ഭാര്യ ഒന്ന് മരിച്ചുകിട്ടാൻ വേണ്ടി അടുത്ത് കാത്തുകാത്തിരുന്നു മടുത്ത അയാൾ ഒടുവിൽ അവളെ പിന്നാമ്പുറത്തെ കുളത്തിൽ മുക്കി കൊന്നുകളയുകയായിരുന്നു. 

എന്തായാലും ഭാര്യയുടെ ദുർമരണത്തിനും, അത് പാമ്പുകടിയേറ്റുള്ള മരണമാണ് എന്ന് സ്ഥാപിച്ചശേഷം റോബർട്ട് ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഇൻഷുറൻസ് ഡിറ്റക്ടീവുമാർ നടത്തിയ അന്വേഷണത്തിൽ റോബർട്ടിന്റെ അഞ്ചു പൂർവ വിവാഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തായി. അയാളുടെ മൂന്നാമത്തെ ഭാര്യയും മുങ്ങി മരിച്ചതാണ് എന്ന വിവരവും അവർ അറിഞ്ഞു. കൊളറാഡോയിൽ വെച്ച് മൂന്നാമത്തെ ഭാര്യയെ വെള്ളത്തിൽ മുക്കിക്കൊന്ന് അതിന്റെ ഇൻഷുറൻസ് തുക കൈക്കലാക്കിയ ശേഷമാണ് അയാൾ അവിടെ നിന്ന് കാലിഫോർണിയയിലേക്ക് അടുത്ത ഓപ്പറേഷൻ നടത്താൻ വേണ്ടി കൂടുമാറിയത്. 

അങ്ങനെ സംഗതി പൊലീസ് അറിഞ്ഞു. അന്വേഷണമായി. റോബർട്ടും, ജെയിംസും പിടിയിലായി. അന്വേഷണത്തിന്റെ ഭാഗമായി 'ലൈറ്റ്‌നിങ്ങും, ലീതലും' കോടതി കയറി. അവയുടെ വിഷം ശേഖരിക്കാൻ സ്നേക്ക് ജോയും വിളിച്ചുവരുത്തപ്പെട്ടു. കോടതിയിൽ വെച്ച് 'ലൈറ്റ്‌നിങ്ങ്' തന്റെ പെട്ടിയിൽ നിന്ന് ഇറങ്ങി ഇഴഞ്ഞുനീങ്ങിയത് ഏറെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്ക് കാരണമായിരുന്നു. എന്തായാലും, ഇരുവരും ചെയ്ത കുറ്റം കോടതിക്ക് ബോധ്യപ്പെട്ടു. റോബർട്ടിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 1942 -ന് കാലിഫോർണിയ സ്റ്റേറ്റിൽ അവസാനമായി തൂക്കിലേറ്റപ്പെട്ട ആൾ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു അയാളുടെ നിയോഗം. വധശിക്ഷ ഒഴിവാക്കാം എന്ന ധാരണാപ്പുറത്ത് ജെയിംസ് റോബർട്ടിനെതിരെ മൊഴി നല്കിയതായിരുന്നു വിചാരണയിൽ നിർണായകമായത്. 

 

the man who killed his wife with snake bite for insurance

 

വളരെ പഴുതടച്ചുള്ളത് എന്ന് റോബർട്ട് കരുതിയ പ്ലാനിങ് ഒരു ഇൻഷുറൻസ് ഡിറ്റക്ടീവിന്റെ അന്വേഷണബുദ്ധിയിൽ തട്ടിയാണ് പൊളിഞ്ഞു പോയത്. റോബർട്ടിന്റെ ജീവിതത്തെപ്പറ്റി അന്വേഷിച്ച അയാൾ നിരീക്ഷിച്ച അസ്വാഭാവികതകളെ പിൻപറ്റി നടന്ന തുടരന്വേഷണങ്ങളിൽ വെളിച്ചത്തുവന്നത് ഇൻഷുറൻസ് കൊലകളുടെ ചരിത്രത്തിലെ ഏറ്റവും കുടിലമായ ഗൂഢാലോചനകളിൽ ഒന്നിന്റെ വിശദാംശങ്ങളാണ്. പാമ്പുകളെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു കേസാണ് 85 കൊല്ലം മുമ്പ് ലോസാഞ്ചലസിൽ നടന്ന ഈ കേസ്.  

Follow Us:
Download App:
  • android
  • ios