ഇന്ത്യൻ കരസേനയുടെ ഇരുപത്തേഴാമത്തെ തലവനാണ് ജനറൽ ബിപിൻ റാവത്ത്. 31 ഡിസംബർ 2016 -നായിരുന്നു അദ്ദേഹം ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. അതിനുമുമ്പ് സേനയുടെ ഉപാധ്യക്ഷനായിരുന്നു അദ്ദേഹം. നിലവിലെ ചീഫ്‌സ് ഓഫ് ഡിഫൻസ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനും ജനറൽ ബിപിൻ റാവത്ത് തന്നെയാണ്. 

ഉത്തരാഖണ്ഡിലെ ടോളി ഗഡ്‌വാൾ ജില്ലയിലായിരുന്നു റാവത്തിന്റെ ജനനം. തലമുറകളായി സൈനികസേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരു രജപുത്ര കുടുംബമായിരുന്നു റാവത്തിന്റേത്. അച്ഛൻ ലക്ഷ്മൺ സിങ്ങ് റാവത്ത്  എന്ന കരസേനാ ലെഫ്റ്റനന്റ് ജനറലിൽ നിന്നാണ് ബിപിൻ റാവത്തിനും സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സ്നേഹിക്കാനുള്ള പ്രചോദനം കിട്ടുന്നത്. ചെറുപ്പം മുഴുവൻ ബിപിൻ പിന്നിട്ടത് പട്ടാള ബാരക്കുകൾക്കുള്ളിൽ തന്നെയായിരുന്നു. സിംലയിലെ സെന്റ് എഡ്വേർഡ്‌സ് സ്‌കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഖഡക് വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ  ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലായി പട്ടാള പരിശീലനം പൂർത്തിയാക്കിയ റാവത്ത്, അക്കാദമിയിൽ നിന്ന് 'സ്വോർഡ്‌ ഓഫ് ഓണർ' നേടിയാണ് പാസ് ഔട്ട് ആയത്. വെല്ലിംഗ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദം നേടിയ റാവത്ത്, തുടർന്ന് കാൻസാസിലെ അമേരിക്കൻ സൈനിക കോളേജിൽ നിന്ന് ഹയർ കമാൻഡ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഡിഫൻസ് സ്റ്റഡീസിൽ എം ഫിലും, മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്. 

1978 -ൽ റാവത്ത് ആദ്യമായി കമ്മീഷൻ ചെയ്യപ്പെട്ടത് ഇന്ത്യൻ കരസേനയുടെ 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലേക്കാണ്. അച്ഛൻ ലെഫ്റ്റനന്റ് ജനറലായിരുന്ന അതെ യൂണിറ്റിൽ തന്നെ. ഹിമാലയ മലനിരകളിലെ അതീവ ദുഷ്കരമായ മേഖലകളിൽ അദ്ദേഹം അടുത്ത പത്തുവർഷത്തോളം കാലം ഭീകരർക്കെതിരെ പോരാടി. ജമ്മു കശ്മീരിലെ ഉറിയിൽ ഒരു കമ്പനിയുടെ കമാണ്ടർ ആയിരുന്നു. തുടർന്ന് കിബിതുവിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഈസ്റ്റേൺ സെക്ടറിലെ ഇൻഫൻട്രി ബറ്റാലിയൻ അദ്ദേഹം നയിച്ചു. പിന്നീട് പൂനെയിൽ സതേൺ കമാണ്ടിന്റെ കമാണ്ടർ ഇൻ ചീഫ് ആയിരുന്നു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ കുറച്ചു കാലം സ്റ്റാഫ് അസൈന്മെന്റിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. കോംഗോ, മ്യാന്മാർ, വിയത്നാം, ബംഗ്ളാദേശ് തുടങ്ങി പല വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള റാവത്ത് പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.  

ദിമാപുരിൽ ഹെഡ്ക്വാർട്ടേഴ്‌സ് 3 കോർപ്സിൽ കമാണ്ടർ ആയിരുന്നപ്പോൾ ഒരു ഹെലികോപ്റ്റർ ക്രാഷിൽ നിന്ന് അവിശ്വസനീയമാം വിധം അദ്ദേഹം രക്ഷപ്പെട്ടിരുന്നു. കോംഗോയിലെ യുഎൻ പീസ് കീപ്പിംഗ് മിഷന്റെ നേതൃത്വം വഹിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അന്ന് ശ്ലാഘിക്കപ്പെട്ടിരുന്നു. 2016 -ൽ കേന്ദ്ര സർക്കാർ ജനറൽ ബിപിൻ റാവത്തിനെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി നിയമിച്ചപ്പോൾ, അന്ന് പ്രവീൺ ബക്ഷി, പി എം ഹാരിസ് എന്നിങ്ങനെ അദ്ദേഹത്തേക്കാൾ സീനിയോറിറ്റി ഉണ്ടായിരുന്ന രണ്ട് ജനറൽമാരെ മറികടന്നാണ് അദ്ദേഹത്തെ നിയമിച്ചത്. ഭീകരവാദ വിരുദ്ധപോരാട്ടങ്ങളിലും, നുഴഞ്ഞുകയറ്റക്കാർക്കെതിരെയുള്ള ഓപ്പറേഷനുകളിലും റാവത്തിനുണ്ടായിരുന്ന പരിചയവും, കളങ്കലേശമില്ലാത്ത ട്രാക്ക് റെക്കോർഡുമാണ് അന്ന് അദ്ദേഹത്തെ ഈ നേട്ടത്തിനർഹനാക്കിയത്. 


 
സർജിക്കൽ സ്ട്രൈക്കുകളുടെ മാസ്റ്റർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2015 ജൂണിൽ, മണിപ്പൂരിൽ നാഗാ വിമതർ 15 പട്ടാളക്കാരെ ആക്രമിച്ച് വധിച്ചപ്പോൾ, അജിത് ഡോവലിന്റെ മേൽനോട്ടത്തിൽ ഇന്ത്യ അതിർത്തി ലംഘിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിലൂടെ അതിനു മറുപടി നൽകിയിരുന്നു. മിലിട്ടറി സൈഡിൽ, അന്ന് ദിമാപൂരിലെ 3 കോർപ്സിന്റെ കമാണ്ടർ ആയിരുന്ന ബിപിൻ റാവത്തിനായിരുന്നു ആ ഓപ്പറേഷന്റെ മുഴുവൻ ഉത്തരവാദിത്തവും. 2016 -ൽ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി സ്ഥാനമേറ്റെടുത്ത ഉടനെയാണ് 2016 സെപ്തംബറിലെ ഒന്നാം സർജിക്കൽ സ്ട്രൈക്ക് നടക്കുന്നത്. അന്ന് അതിന്റെ ചുക്കാൻ പിടിച്ചത് ബിപിൻ റാവത്ത് നേരിട്ടായിരുന്നു. ഇത്തവണ ലൈൻ ഓഫ് കൺട്രോൾ കടന്ന് പാക് അധീന കശ്മീരിലായിരുന്നു ആക്രമണം എന്നുമാത്രം. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തിരുന്നത് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫിനായിരുന്നതുകൊണ്ട് ജനറൽ ബിപിൻ റാവത്ത് അന്ന് സൗത്ത് ബ്ലോക്കിൽ ഈ ഓപ്പറേഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു.  

കഴിഞ്ഞ ദിവസം ഇദ്ദേഹം രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളെപ്പറ്റി നടത്തിയ ചില പ്രതികരണങ്ങൾ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അദ്ദേഹം നടത്തിയത് രാഷ്ട്രീയ ഇടപെടലും പക്ഷം പിടിക്കലുമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ജനറൽ നടത്തിയ പരാമർശങ്ങൾ രാജ്യത്തെ ക്രമസമാധാന നിലയെപ്പറ്റി മാത്രമായിരുന്നു എന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ല എന്നുമായിരുന്നു ആർമി വൃത്തങ്ങളിൽ നിന്നുള്ള പ്രതികരണം.