ഇനി പറയാൻ പോകുന്നത് ഒരു സൈനികന്റെ അമ്മയുടെ കഥയാണ്. അവരുടെ പേര് സത്യ ചൗധരി എന്നാണ്. അവരുടെ മകന്റെ പേർ ക്യാപ്റ്റൻ സുനിൽ കുമാർ  ചൗധരി എന്നാണ്. കീർത്തി ചക്ര ശഹീദ് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി. അതേ, തന്റെ ഇരുപത്തെട്ടാമത്തെ വയസ്സിൽ ജന്മനാടിനെ സേവിക്കുന്നതിനിടെ ഭീകരരുടെ വെടിയുണ്ടയേറ്റ് പൊലിഞ്ഞതാണ് ആ അമ്മയുടെ മകന്റെ ജീവൻ. ഇന്നവർ താമസിക്കുന്നത് ജമ്മു കശ്മീരിലെ കഠ്വയിലാണ്. അവിടത്തെ ഒരു തെരുവിന്റെ പേര് 'ക്യാപ്റ്റൻ സുനിൽ ചൗധരി ചൗക്ക്' എന്നാണ്. അവിടെ അമ്മയുടെ മകന്റെ ഒരു പ്രതിമയുണ്ട്.  

ജൂൺ 22 ക്യാപ്റ്റന്റെ അമ്മയ്ക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമാണ്. നാല്പതുവർഷം മുമ്പ് അന്നേദിവസമാണ് കുഞ്ഞു സുനിലിനെ ആ അമ്മയുടെ കൈകളിലേക്ക് ഡോക്ടർ ആദ്യമായി എടുത്തുകൊടുത്തത്. അമ്മയുടെ മകന്റെ ജന്മദിനമാണ് ജൂൺ 22.  എല്ലാ വർഷവും, ജന്മദിനത്തിന്റെ തലേ ദിവസം, അതായത് ജൂൺ 21 -ന് അവർ ആ പ്രതിമയ്ക്കരികിലെത്തും, അതിനെ നല്ലപോലെ തുടച്ചു വൃത്തിയാക്കും. കാക്ക കാഷ്ഠിച്ചതും, പൊടിയടിച്ചതും ഒക്കെ അവർ തന്റെ കൈകൾ കൊണ്ടുതന്നെ നല്ലപോലെ തുടച്ചു വൃത്തിയാക്കും. ജന്മദിനത്തിൽ തന്റെ മകന്റെ പ്രതിമ വെട്ടിത്തിളങ്ങണം എന്നവർ കരുതുന്നു. കൂട്ടിന് ഇന്നു മകനില്ലെങ്കിലും, അവന്റെ ഓർമ്മകളുണർത്തുന്ന പ്രതിമ പിറന്നാൾ ദിവസമെങ്കിലും പൂർണ്ണതേജസ്സോടെയിരിക്കണം എന്ന് ആ അമ്മക്ക് നിർബന്ധമുണ്ട്. അതാണ്..! 

 

 

സൈനികരുടെ ജീവിതം ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. അതിർത്തിയിലും മറ്റു പ്രശ്‌നബാധിത പ്രദേശങ്ങളിലും നിയുക്തരാകുന്ന വേളയിൽ സദാസമയം അവരോടൊപ്പം മരണവും സഞ്ചരിക്കുന്നുണ്ടാകും, ഒരു കയ്യകലത്തിൽ. എന്നാണ് തന്റെ മരണം ഒരു ചാവേറിന്റെ, ഒരു ലാൻഡ് മൈനിന്റെ അല്ലെങ്കിൽ ഒരു വെടിയുണ്ടയുടെ രൂപത്തിൽ തന്നെ തേടിയെത്തുക എന്നത് മാത്രം അവർക്ക് നിശ്ചയമുണ്ടാവില്ല. എന്നാൽ, ആ ഒരു സാധ്യതയെപ്പറ്റി എന്നും അവർ ബോധവാന്മാരായിരിക്കും. സൈനികരുടെ ഉറ്റബന്ധുക്കളുടെ കാര്യവും അങ്ങനെ തന്നെ. പ്രാണനോളം സ്നേഹിക്കുന്ന ഒരു  മകൻ, ഭർത്താവ്, സഹോദരൻ - ഏത് നിമിഷമാണ് ത്രിവർണ്ണപതാക പുതച്ച്, ഉയിരറ്റ ഒരു ജഡമായി വീട്ടിലേക്കെത്തുക എന്നവർക്കും നിശ്ചയം കാണില്ല. അവരെ ഡ്യൂട്ടിക്ക് പറഞ്ഞയച്ചിട്ട് വീട്ടിലുള്ളവർ കാത്തിരിക്കുക ഉള്ളിൽ വല്ലാത്തൊരു ആന്തലോടെയാകും. അസമയത്ത് വന്നെത്തുന്ന ഓരോ ഫോൺ വിളിയും അവരുടെ നെഞ്ചിൽ പെരുമ്പറയടിപ്പിക്കും. അത് ചിലപ്പോൾ അവരുടെ ഉറ്റവന്റെ വേർപാട് വിളിച്ചറിയിക്കുന്ന സന്ദേശമാകാം. അങ്ങനെ ഒരു സന്ദേശമാണ് 2008 -ൽ ജമ്മു കശ്മീരിലെ കഠ്വയ്ക്കടുത്തുള്ള ഗോവിന്ദ്സർ ഗ്രാമത്തിലെ, സത്യാ ചൗധരി എന്ന വീട്ടമ്മയെയും തേടിയെത്തിയത്. 

ആരായിരുന്നു ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി?

ഒരു സൈനിക കുടുംബമായിരുന്നു അവരുടേത്. സത്യയുടെ ഭർത്താവ് ലെഫ്റ്റനന്റ് കേണൽ പിഎൽ ചൗധരി, ദീർഘകാലം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഒരു വിമുക്തസൈനികോദ്യോഗസ്ഥനാണ്. അവരുടെ മകൻ ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി ഇന്ത്യൻ കരസേനയിലെ ഒരു ഓഫീസറായിരുന്നു. ബിരുദവും എംബിഎയും നേടിയ ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആ അമ്മയുടെ മിടുക്കനായ പുത്രന്റെ സൈനികസേവനത്തിന്റെ നാലാം വർഷമായിരുന്നു അത്. 

 

പിറന്ന നാടിനെ സേവിക്കാനുള്ള തീരുമാനം ക്യാപ്റ്റൻ ചൗധരി എടുത്തത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. എംബിഎയ്ക്ക് പഠിക്കുമ്പോൾ അനുജൻ അങ്കുർ ചൗധരിയെക്കാണാൻ അവൻ പഠിച്ചുകൊണ്ടിരുന്ന ഘഡക് വാസ്‌ലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിൽ എത്തിയ സുനിൽ അവിടെ ഒരു പൂർണകായ പ്രതിമ കാണുന്നു. അത്  പരം വീർ ചക്ര ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ എന്ന കാർഗിൽ രക്തസാക്ഷിയുടെ പ്രതിമയായിരുന്നു. അവിടെ വെച്ച് അനുജനിൽ നിന്ന് ക്യാപ്റ്റൻ പാണ്ഡെയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ കേട്ട സുനിൽ എംബിഎ പഠനം പാതിവഴി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാനുള്ള പരിശീലനം തുടങ്ങി. 2003 -ൽ അദ്ദേഹത്തിന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടി. ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ എന്ന തന്റെ റോൾ മോഡലിന്റെ അതേ റെജിമെന്റിൽ, 11 ഗോർഖ റൈഫിൾസിൽ ആയിരുന്നു ക്യാപ്റ്റൻ ചൗധരിയും കമ്മീഷൻ ചെയ്തത്. 

ക്യാപ്റ്റൻ ചൗധരിയുടെ ആദ്യ പോസ്റ്റിങ്ങ് കൽക്കത്തയിലെ ഫോർട്ട് വില്യമിലായിരുന്നു. ഉൾഫ തീവ്രവാദത്തിന്റെ ഭീഷണി അസമിൽ നിലനിൽക്കുന്ന കാലമായിരുന്നു അത്. 2006 -ൽ അദ്ദേഹത്തെ അസമിലെ തിൻസുഖിയയിലേക്ക് പോസ്റ്റ് ചെയ്തു. അവിടത്തെ സേവനത്തിനിടെ രണ്ടു ഉൾഫ കമാൻഡർമാർ അദ്ദേഹത്തിന്റെ തോക്കിനിരയായി. 

2008 ജനുവരി 26. കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസിലെ മികവിന് സേന ക്യാപ്റ്റൻ ചൗധരിക്ക് സേനാ മെഡൽ നൽകിയ ദിവസം. അടുത്ത ദിവസം തന്റെ ജവാന്മാർക്കും ഓഫീസർമാർക്കും അതിന്റെ സന്തോഷത്തിന് ഒരു ലഞ്ച് പാർട്ടി നൽകാം എന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. രാവിലെ പെട്ടെന്നൊരു രഹസ്യ വിവരം കിട്ടുന്നു. രംഗാഗഡ് ഗ്രാമത്തിൽ 7-8 തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ട്. അവർ ലക്ഷ്യമിട്ട് ഒരു എൻകൗണ്ടർ ഓപ്പറേഷൻ. ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഒരു റെഗുലർ ഓപ്പറേഷൻ മാത്രം. ലെഫ്റ്റനന്റ് വരുൺ റാത്തോഡും അഞ്ചു ജവാന്മാരുമായിരുന്നു മിഷനിൽ ക്യാപ്റ്റന്റെ കൂടെ ഉണ്ടായിരുന്നത്. 12:40 അടുപ്പിച്ച് പാർട്ടി രംഗാഗഡിൽ എത്തുന്നു. തീവ്രവാദികൾ ഒളിച്ചിരുന്ന വീടിനടുത്തെത്തിയപ്പോൾ അവിചാരിതമായി അവിടെ നിന്ന് കനത്ത ഫയറിംഗ് ഉണ്ടായി.

തന്റെ പാർട്ടിയെ മുന്നിൽ നിന്ന് ഒരു ക്യാപ്റ്റന്റെ ഗാംഭീര്യത്തോടെ നയിച്ച് ക്യാപ്റ്റൻ ചൗധരി ഒരു തീവ്രവാദിയെ വെടിവച്ചിട്ടു. എന്നാൽ, അവിടെ നിന്ന് മുന്നോട്ട് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന ഒരു ഭീകരവാദി തന്റെ എകെ 47 യന്ത്രത്തോക്കിൽ നിന്ന് ക്യാപ്റ്റന് നേരെ നിറയൊഴിച്ചു. വളരെ അടുത്തുനിന്നായിരുന്നു ആ ആക്രമണം. ക്യാപ്റ്റന്റെ നെഞ്ചിൽ തന്നെ വെടിയുണ്ടകൾ തുളച്ചുകയറി. എന്നിട്ടും ധീരമായി തന്റെ എതിരാളിയെ നേരിട്ട ക്യാപ്റ്റൻ ചൗധരി ആ ഭീകരവാദിയുടെ ജീവനെടുത്തിട്ടേ തളർന്നു വീണുള്ളു. അങ്ങനെ, തന്റെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായി 'സേനാ മെഡൽ' കൈപ്പറ്റി 24  മണിക്കൂറിനുള്ളിൽ ആ വീരപുത്രൻ പിറന്ന നാടിനുവേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. 

മരണാനന്തരം രാഷ്ട്രം ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയെ 'കീർത്തി ചക്ര' നൽകി ആദരിച്ചു. ആ ധീരസൈനികനോടുള്ള ബഹുമാനാർത്ഥമാണ് ജന്മനാടായ കഠ്വയിൽ ഒരു തെരുവിന് ക്യാപ്റ്റൻ സുനിൽ ചൗധരി ചൗക്ക് എന്ന് പേരിട്ടതും അവിടെ അദ്ദേഹത്തിന്റെ 'കോംബാറ്റ് പൊസിഷനിലുള്ള' ഒരു പൂർണ്ണകായപ്രതിമ സ്ഥാപിച്ചതും. 

 

ക്യാപ്റ്റൻ ചൗധരിയുടെ ജന്മദിനത്തിൽ അമ്മ സത്യ ചൗധരി ഒരു കേക്കുമായി വീണ്ടും മകന്റെ പ്രതിമയ്ക്കരികിലെത്തും. ആ അമ്മയെക്കണ്ട് നന്ദി പറയാനും, അവരുടെ കൈകൊണ്ട് ഒരു കഷ്ണം കേക്ക് കഴിക്കാനും വേണ്ടി ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പ്രിയസ്നേഹിതരും സഹപ്രവർത്തകരുമെല്ലാം ഇന്നും വർഷാവർഷം അവിടെ എത്തിച്ചേരാറുണ്ട്.