സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ത്രിവർണപതാകയുടെ പരിണാമ ചരിത്രം.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ആവേശം കൊള്ളിച്ച ത്രിവർണ്ണ പതാകയ്ക്കും ഒരു പരിണാമ ചരിത്രമുണ്ട്. 1906 -ലാണ് സ്വദേശി പ്രക്ഷോഭകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ ആദ്യ പതാക ഉയരുന്നത്. അന്ന് കൽക്കത്തയിലെ പാഴ്സി ബാഗൻ ചത്വരത്തിൽ ഉയർന്നതാണ് ആ ത്രിവർണ പതാക. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ കുറുകെ നിറങ്ങൾ. നടുവിലെ മഞ്ഞയിൽ വന്ദേമാതരം എഴുതിയിരുന്നു. മുകളിലെ പച്ചയിൽ എട്ടു ഇന്ത്യൻ പ്രവിശ്യകളെ പ്രതിനിധീകരിച്ചുകൊണ്ട് എട്ടു താമരക്കൂമ്പുകൾ. ചുവടെ ചുവപ്പിൽ ഇസ്‌ലാമിക ചിഹ്നമായ ചന്ദ്രക്കലയും ഹൈന്ദവ ചിഹ്നമായ സൂര്യബിംബവും.

1907 -ൽ ആണ് വിദേശമണ്ണിൽ ആദ്യമായി ഒരു ഇന്ത്യൻ പതാക ഉയർന്നത്. സ്വാതന്ത്ര്യസമരസേനാനിയായ മാഡം കാമ ജർമ്മനിയിലെ സ്ട്യുറ്റ്ഗാർട്ടിൽ ആണത് ഉയർത്തിയത്. അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനമായിരുന്നു വേദി. 1917 -ലായിരുന്നു ദേശീയപതാകയുടെ അടുത്ത പരിണാമഘട്ടം. ഹോം റൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി ആനി ബസന്റും തിലകനും ഉയർത്തിയ പതാക. പക്ഷേ, പൂർണ സ്വരാജ്യമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ സ്വയംഭരണമായിരുന്നു ഹോം റൂൾ ലക്ഷ്യം. അതിനാൽ ചുവപ്പും പച്ചയും വരകൾക്ക് പുറമെ ബ്രിട്ടീഷ് പതാകയും ഇസ്‌ലാമിക ചന്ദ്രക്കലയും സപ്തർഷി നക്ഷത്രജാലവും അതിൽ ചേർന്നു. 

കോൺഗ്രസ് ഔദ്യോഗികമായി ഒരു പതാക ഉയർത്തുന്നത് 1921 -ൽ. വിജയവാഡയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ യുവസ്വാതന്ത്ര്യസേനാനി പിംഗാലി വെങ്കയ്യ രൂപകൽപ്പന ചെയ്ത പതാക ഗാന്ധിജിക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചിഹ്നമായ ചർക്ക ആലേഖനം ചെയ്ത പതാകയുടെ പശ്ചാത്തലത്തിൽ ഹിന്ദു-മുസ്ലിം സമുദായങ്ങളെ സൂചിപ്പിക്കാൻ ചുവപ്പും പച്ചയും വർണങ്ങൾ. മറ്റ് സമുദായങ്ങളെ പ്രതിനിധീകരിക്കാൻ വെള്ള നിറം കൂടി ചേർക്കാനായിരുന്നു ഗാന്ധിയുടെ നിർദ്ദേശം. 

1931 -ൽ ചില ഭേദഗതികളോടെ പിംഗാലിയുടെ പതാക അംഗീകരിക്കപ്പെട്ടു. ചുവപ്പിന് പകരം കുങ്കുമം ആയിരുന്നു ഭേദഗതി. മാത്രമല്ല നിറങ്ങൾ മതവിഭാഗങ്ങളെയല്ല സൂചിപ്പിക്കുന്നതെന്ന് പ്രഖ്യാപിക്കപ്പെട്ടു. പകരം കുങ്കുമം ധീരതയെയും വെളുപ്പ് സമാധാനത്തെയും പച്ച ഉർവരതയെയും സൂചിപ്പിക്കുന്നു. ചർക്കയാകട്ടെ, പുരോഗതിയെയും. 1947 ജൂലായിൽ ഭരണഘടനാ അസംബ്ലി മറ്റൊരു ഭേദഗതിയോടെ ഇതംഗീകരിച്ചു. ചർക്കയ്ക്ക് പകരം അശോകചക്രവർത്തിയുടെ ധർമ്മചക്രമായിരുന്നു ഭേദഗതി. അതാണ് അന്നുമുതൽ ഇന്ത്യയുടെ ദേശീയപതാക.