നേപ്പാളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ എട്ടു മലയാളികൾ നേപ്പാളിലെ മഖ്‌വാൻപൂറിനടുത്തുള്ള ദമൻ എന്ന സ്ഥലത്തുള്ള എവറസ്റ്റ് പനോരമ ഹോട്ടലിലെ താമസത്തിനിടെ റൂം ഹീറ്ററിൽ നിന്നുണ്ടായ ഗ്യാസ് ചോർച്ചയെത്തുടർന്ന് ശ്വാസംമുട്ടി മരിച്ചു. ഹീറ്ററിൽ വന്ന തകരാറുമൂലം, ഹീറ്ററിൽ നിറക്കുന്ന നാച്വറൽ ഗ്യാസ് ലീക്കായി, വേണ്ടത്ര ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടിയാണ് എട്ടുപേരും മരിച്ചതെന്ന് പൊലീസ് പറയുന്നു. 

രണ്ടു ദമ്പതികൾ, അവരുടെ നാലുമക്കൾ ഇത്രയും പേരാണ് മരിച്ചത്. സംഭവം നടന്ന ഉടനെ അവരെ മഖ്‌വാൻപൂർ പൊലീസ് ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിൽ എത്തിച്ചിരുന്നു എങ്കിലും, മാർഗ്ഗമധ്യേ തന്നെ  മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ വഴിയേ മാത്രമേ ലഭ്യമാകൂ എങ്കിലും, പൊതുവെ റൂം ഹീറ്ററുകളിൽ ഉണ്ടാകുന്ന ഗ്യാസ് ലീക്കേജുകളെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്രകാരമാണ്. 

എന്താണ് ഗ്യാസ് ഹീറ്റർ ?

എൽപിജി അഥവാ ഗാർഹികപാചകവാതകമോ അല്ലെങ്കിൽ സമാനമായ ഏതെങ്കിലും ഹൈഡ്രോകാർബൺ ഗ്യാസോ കത്തിച്ചുകൊണ്ട് ഒരു മുറിക്കുള്ളിലെ ചൂട് നിയന്ത്രിച്ചു നിർത്തുന്നതിനുള്ള ഉപകരണമാണ് ഗ്യാസ് ഹീറ്റർ. വിശേഷിച്ച് വൈദ്യുതിബന്ധം ഇടയ്ക്കിടെ നഷ്ടമാകുന്ന പ്രദേശങ്ങളിൽ, വല്ലാതെ തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മുറി ചൂടാക്കി നിർത്താൻ ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കാറുണ്ട്. 

എന്നാൽ ഇത്തരം ഗ്യാസ് ഹീറ്ററുകളിൽ ഗ്യാസ് ചോർച്ചയ്ക്കുള്ള സാധ്യത എപ്പോഴുമുണ്ട്. ഇത് ഒഴിവാക്കാൻ കഴിവതും, ഇടയ്ക്കിടെ ഹീറ്റർ സർവീസ് നടത്തി കൃത്യമായി പ്രവർത്തിക്കുന്നുണ്ട്, ചോർച്ചയൊന്നും ഇല്ല എന്ന് ഉറപ്പിക്കുകയാണ്. മാത്രമല്ല, അടഞ്ഞു കിടക്കുന്ന ഒരു മുറിക്കകം ചൂടാക്കാൻ ഒരു കാരണവശാലും ഗ്യാസ് ഹീറ്ററുകൾ ഉപയോഗിച്ചുകൂടാ. 

എന്തുകൊണ്ട്  ? 

രണ്ടുതരത്തിലുള്ള ഗ്യാസ് റൂം ഹീറ്ററുകൾ ഉണ്ട്. ഫ്ലൂഡ് ഹീറ്ററുകളും ആൻഡ്  അൺഫ്ലൂഡ് ഹീറ്ററുകളും. ഫ്ലൂഡ് ഹീറ്ററുകൾ സ്ഥിരമായി ഒരിടത്ത് ഘടിപ്പിക്കപ്പെടുന്ന ഹീറ്ററുകളാണ്. അവയ്ക്ക് ഇൻസ്റ്റാൾ ചെയ്യമ്പോൾ തന്നെ സ്ഥിരം വെന്റിലേഷൻ സംവിധാനങ്ങളും ഉണ്ടായിരിക്കും. ഇവ താരതമ്യേന സുരക്ഷിതവുമാണ്. ഇനി അഥവാ ഗ്യാസ് ലീക്ക് ഉണ്ടായാൽ പോലും ഈ സേഫ്റ്റി വെന്റിലൂടെ ഗ്യാസ് പുറത്തേക്ക് പൊയ്ക്കൊള്ളും.  പ്രശ്നക്കാർ  അൺഫ്ലൂഡ് ഹീറ്ററുകളാണ്. ഇവ പോർട്ടബിൾ ഹീറ്ററുകളാണ്. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ഈ ഹീറ്ററുകൾ അതുകൊണ്ടുതന്നെ ഏറെ ജനപ്രിയവുമാണ്. എന്നാൽ, ഇവയുടെ പ്രധാനപ്രശ്നം, ഒരു ഗ്യാസ് ലീക്ക് ഉണ്ടായാൽ ആ വിഷവാതകം പുറത്തേക്ക് പോകാനുള്ള സേഫ്റ്റി വെന്റിലേഷൻ ഇതിനുണ്ടാവില്ല എന്നതാണ്. മുറിക്കുള്ളിൽ  അൺഫ്ലൂഡ് ഹീറ്റർ പ്രവർത്തിപ്പിച്ചുകൊണ്ട്, വാതിലുകളും ജനലുകളും ഒക്കെ അടച്ചു കിടന്നുറങ്ങിയാൽ, രാത്രിയിൽ ഉറക്കത്തിനിടെ എപ്പോഴെങ്കിലും ലീക്കേജ് ഉണ്ടായാൽ അറിയാനാകില്ല. സത്യം പറഞ്ഞാൽ ഒരു സൈലന്റ് കില്ലർ ആണ് അടച്ചിട്ട മുറികളിൽ പ്രവർത്തിപ്പിക്കുന്ന ഇത്തരം ഗ്യാസ് ഹീറ്ററുകൾ.

വേണ്ടത്ര വായുസഞ്ചാരമില്ലെങ്കിൽ, ഹീറ്ററിൽ നിന്ന് ബഹിർഗമിക്കുന്ന കാർബൺ ഡയോക്സൈഡ് വാതകം കാർബൺ മോണോക്സൈഡ് എന്ന വിഷവാതകമായി മാറാനും, അത് ഉറങ്ങിക്കിടക്കുന്നവർക്ക് ചുറ്റും അടിഞ്ഞുകൂടി അവരുടെ ശ്വാസകോശത്തിലേക്ക് സ്വാഭാവികമായ രീതിയിൽ കടന്നുവരേണ്ട ഓക്സിജന്റെ പ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും, ശ്വാസം മുട്ടി അവർ മരിക്കാൻ വരെ ഇടയാക്കുകയും ചെയ്തേക്കാം. കാർബൺ മോണോക്സൈഡ് എന്ന അത്യന്തം അപകടകാരിയായ ഗ്യാസ് നിറമോ, വിശേഷിച്ചൊരു മണമോ ഇല്ലാത്ത ഒരു വാതകമാകയാൽ ഇങ്ങനെ ഒരു വാതകം ലീക്ക് ചെയ്തു എന്നോ, അത് ശ്വസിക്കുന്നവരുടെ മരണത്തിലേക്ക് വരെ നയിക്കും എന്നോ ഒന്നും കിടന്നുറങ്ങുന്നവർ ശ്രദ്ധിക്കുക പോലും ചെയ്യില്ല. .

ഗ്യാസ് ശ്വസിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ 

 • ക്ഷീണം 
 • വീർപ്പുമുട്ടൽ
 • തലവേദന 
 • തലചുറ്റൽ 
 • തളർച്ച 
 • ആശയക്കുഴപ്പം 
 • നെഞ്ചു വേദന 

ശ്വസിക്കുന്ന ഗ്യാസിന്റെ അളവിനനുസരിച്ച് ഈ ലക്ഷണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ചിലർക്ക് വിറയൽ വരാം, മറ്റുചിലർക്ക് ബോധക്ഷയം, ഹൈപ്പോക്സിയ എന്നിങ്ങനെ പലതും സംഭവിക്കാം. ഇന്നലെ രാത്രി നേപ്പാളിൽ എട്ടുപേരുടെ മരണത്തിന് കാരണമായ ഗ്യാസ് ലീക്കേജിലേതുപോലെ മരണം വരെ സംഭവിക്കാം.

സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെ    

 • വിനോദയാത്രക്ക് പോകുമ്പോൾ മുറിയിൽ പോർട്ടബിൾ ഗ്യാസ് ഹീറ്റർ ആണെങ്കിൽ വെന്റിലേഷനായി ഒന്നോ രണ്ടോ ജനലുകൾ തുറന്നിടുക, ആ ജനലിന് അടുത്തുതന്നെ ഹീറ്ററും കൊണ്ടുവെക്കുക. 
 • ഹീറ്ററുകൾ ഇടയ്ക്കിടെ ചോർച്ച പരിശോധനക്ക് വിധേയമാക്കുക 
 • രണ്ടു കൊല്ലത്തിൽ ഒരിക്കലെങ്കിലും ഹീറ്ററുകൾ സർവീസ് ചെയ്യുക 
 • ഇന്റലേഷൻ സമയത്ത് ഓപ്പറേറ്റിംഗ് മാനുവലിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്നുറപ്പിൽ വരുത്തുക. 
 • ഹീറ്ററിനെ ഒഴിഞ്ഞ ഇടത്ത് പ്രതിഷ്ഠിക്കുക. അതിനുമേൽ ഒന്നും കൊണ്ട് വെക്കാതിരിക്കുക.
 • ഹീറ്ററിനായി സ്ഥാപിച്ച വെന്റിലേഷൻ സംവിധാനങ്ങൾ ബ്ലോക്ക് ചെയ്യപ്പെടുന്നില്ല എന്നുറപ്പിക്കുക
 • ഹീറ്ററിൽ വെന്റിലേഷൻ ഇല്ലെങ്കിൽ, മുറിയിൽ വിഷവാതകങ്ങൾ ഒഴിഞ്ഞുപോകാൻ വേണ്ട വായുസഞ്ചാരപഥങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കുക.