Asianet News MalayalamAsianet News Malayalam

പ്രളയസുരക്ഷ: ഇതാണ് മുഖ്യമന്ത്രി കാണുന്ന സ്വപ്നം, കേരളത്തില്‍ സാധ്യതയുണ്ടോ?

നെതർലൻഡ്സിൽ നിന്നും പ്രളയത്തിന്റെ  അതിജീവനപാഠങ്ങൾ കേരളത്തിനും ഉൾക്കൊള്ളാവുന്നതാണ്. എന്നാൽ വലിയ മുതൽമുടക്ക് ആവശ്യമുള്ള  ഈ പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട ഫണ്ട് കണ്ടെത്തുക എന്നതാവും കേരളത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. 

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala
Author
Trivandrum, First Published May 20, 2019, 5:31 PM IST

 റൈൻ, മ്യൂസ്, ഷെൽറ്റ് എന്നീ മൂന്നു നദികളുടെ പ്രവാഹത്തിനിടെ രൂപം കൊണ്ട ഒരു വലിയ തുരുത്താണ്(delta) നെതർലൻഡ്‌സ്‌ എന്ന രാജ്യം .  കാൽഭാഗത്തിലധികം ഭൂമിയും സമുദ്രനിരപ്പിന്‌ താഴേക്ക്‌ കിടക്കുന്ന അവർക്ക്  പ്രളയം എന്നുമൊരു  ജീവന്മരണ പ്രശ്നമായിരുന്നു. വിസ്തൃതിയിൽ കേരളത്തേക്കാൾ ഒരുപാടൊന്നും കൂടുതലില്ല നെതർലാൻഡ്‌സ്‌. ഏകദേശം നാലായിരം ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസം മാത്രം. എന്നാൽ കേരളത്തേക്കാൾ പ്രളയസാധ്യത കൂടുതലുള്ള പ്രദേശമാണ്. കരഭാഗത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും നല്ലൊരു മഴപെയ്യുകയോ കൊടുങ്കാറ്റടിക്കുകയോ ചെയ്‌താൽ വെള്ളം കേറാൻ സാധ്യതയുള്ളതാണ്. കേരളത്തെപ്പോലെ തന്നെ ജനസാന്ദ്രത ഏറിയ ഒരു പ്രദേശമാണ് നെതർലാൻഡ്‌സും.  

ഈ പ്രളയ സാധ്യതകൾക്കിടയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കിയതിന്റെ ബലത്തിലാണ് ഈ രാജ്യത്തിൻറെ  നിലനിൽപ്പുതന്നെ. യൂറോപ്പിൽ അതേപ്പറ്റി ഒരു പഴഞ്ചൊല്ലു തന്നെയുണ്ട്, " ഗോഡ് ക്രിയേറ്റഡ്‌ ദി വേൾഡ് ആൻഡ് ഡച്ച് ക്രിയേറ്റഡ്‌ ഹോളണ്ട് " എന്ന്.   പ്രളയത്തെ മറികടക്കാൻ കേരളം 'നെതർലൻഡ്‌സിന്റെ മാതൃക' പിന്തുടരണമെന്നാണ് അവിടം സന്ദർശിച്ചുവന്ന മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുന്നത്.

എന്താണ് നെതർലാൻഡ്‌സ് മാതൃക..?  അതറിയുന്നതിനു മുമ്പേ നമ്മളറിയേണ്ടത് നെതർലൻഡ്സ് എന്ന രാജ്യം നൂറ്റാണ്ടുകളായി പ്രളയവുമായി നടത്തിപ്പോന്നിട്ടുള്ള യുദ്ധങ്ങളെപ്പറ്റിയാണ് 

നെതർലൻഡ്‌സിന്റെ പ്രളയ ചരിത്രം

രാജ്യത്തിലൂടെ കടന്നു പോവുന്ന മൂന്നു നദികളിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം നൂറ്റാണ്ടുകളായി നെതർലാൻഡ്‌സിൽ പ്രളയമുണ്ടാക്കുന്നു. അങ്ങനെ പ്രളയത്തോടു പൊരുതിപ്പോരുതി തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അവർ ഒരു സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് അതിനെ അതിജീവിക്കാൻ. 

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala

ചതുപ്പും ചളിയുമായികിടക്കുന്ന ഭൂപ്രദേശങ്ങൾ  കൃത്യമായ പ്ലാനിങ്ങോടും, എഞ്ചിനീയറിങ്ങ് മികവോടും കൂടി റീ-ക്ലെയിം ചെയ്തെടുത്ത് കെട്ടിപൊക്കിയെടുത്തതാണ് ഇന്ന് ഹോളണ്ടിൽ കാണുന്ന പല ഭൂപ്രദേശങ്ങളും.  ഇരച്ചുകേറി വന്നു ഭൂമിയെ വിഴുങ്ങാൻ തയ്യാറെടുത്തു നിൽക്കുന്ന തിരകളോട് മല്ലുപിടിച്ചുകൊണ്ടാണ് 'ഡച്ച്' പൊതുബോധം ഉണർന്നു വന്നത്. 1992-ലാണ് ഹോളണ്ടിൽ ഒരു ദേശീയ പ്രളയ നയം രൂപീകരിക്കപ്പെടുന്നത്. ആ നയത്തിലൂടെയാണ് അവർക്ക് ഒരു നിയതമായ നിയന്ത്രണ സംവിധാനവും, വേണ്ടുന്ന വിഭവങ്ങളും ലഭ്യമായത്. " ഒരു പ്രളയത്തെ എങ്ങനെ അതിജീവിക്കും..? നിലനിൽപ്പിനായി എന്ത് ചെയ്യും ? എന്നൊക്കെയുള്ള ചോദ്യങ്ങൾ അവിടെ പരിഗണിക്കപ്പെട്ടു.

പ്രളയത്തിൽ നിന്നുള്ള സംരക്ഷണം ഡച്ചുകാരുടെ ഭരണഘടനയിൽ എഴുതിക്കിച്ചേർക്കപ്പെട്ടിട്ടുള്ള ഒരു അവകാശമാണ്. അക്കാര്യത്തിൽ അതുകൊണ്ടുതന്നെ അവർ പിന്തുടരുന്ന മാനദണ്ഡങ്ങൾ വളരെ മികച്ചതാണ്‌. പതിനായിരം വർഷത്തിൽ ഒരിക്കൽ വന്നേക്കാവുന്ന പ്രളയങ്ങളെപ്പോലും അതിജീവിക്കാൻ പോന്ന സംവിധാനങ്ങളാണ് ഉയർന്ന ജനസാന്ദ്രതയും, വ്യാവസായിക സാന്ദ്രതയുമുള്ള പടിഞ്ഞാറൻ ഹോളണ്ടിൽ കരുതിയിരിക്കുന്നത്. താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍ നാലായിരം വർഷത്തിൽ ഒരിക്കൽ വരാൻ സാധ്യതയുള്ള പ്രളയത്തെ നേരിടാൻ തയ്യാറാണ്. അമേരിക്കയിൽ നൂറു വർഷത്തിലൊരിക്കൽ വരാൻ സാധ്യതയുള്ള പ്രളയങ്ങൾക്കുള്ള തയ്യാറെടുപ്പു പോലും വളരെ ഉയർന്ന ഒരു നിലവാരമെന്നാണ് കാണുന്നത് എന്നോർക്കുക. 

ആദ്യമായി എന്തെങ്കിലും തരത്തിലുള്ള പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ഹോളണ്ടിൽ നടക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ വെള്ളം പമ്പ് ചെയ്തു കളയാനുള്ള വിൻഡ് മില്ലുകൾ ഉണ്ടായി. അധികം താമസിയാതെ തന്നെ മൂവായിരത്തിലധികം വരണ്ട പ്ലോട്ടുകൾ, തടയണകളുടെ സുരക്ഷിതത്വത്തിന്റെ ബലത്തിൽ സൃഷ്ടിച്ചെടുത്തു. 

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala

'വെള്ളം പമ്പ് ചെയ്തു കളയാനുള്ള വിൻഡ് മില്ലുകൾ'

ഡച്ചുകാരുടെ  തീരദേശ എഞ്ചിനീയറിങ്ങും, ജല സംരക്ഷണ തന്ത്രങ്ങളും ഒക്കെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായി ഡച്ചുകാർ സംരക്ഷിച്ചു കൊണ്ടിരുന്നത് ഇത്തരത്തിലുള്ള പരമ്പരാഗത തന്ത്രങ്ങളാണ്. ഈ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന പ്രതീതി തകരുന്നത് 1953-ലെ പ്രളയത്തോടെയാണ്. ഇരച്ചു കേറി വന്ന നോർത്ത് സീ അന്ന് രണ്ടായിരം ചതുരശ്ര മീറ്റർ ഭാഗത്ത് പ്രളയം വിതച്ചു. അന്നത്തെ ഒരൊറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 1835  പേരാണ്. 

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala

'1953 -ലെ പ്രളയം'

അന്നത്തെ അപ്രതീക്ഷിത പ്രളയത്തിൽ  നിന്നും പാഠങ്ങൾ പഠിച്ച നെതർലൻഡ്സ് ഗവണ്മെന്റ്  അങ്ങനെയൊരു അപകടം ഇനി നടക്കാത്ത വിധത്തിൽ തുടർന്നുള്ള മുൻകരുതലുകൾ  എടുത്തുകൊണ്ടാണ് പിന്നീടങ്ങോട്ടുള്ള സംവിധാനങ്ങൾ ഒരുക്കിയത്. 

ഡെൽറ്റാ വർക്ക്സ്

 ആ വെള്ളപ്പൊക്കത്തിന് ശേഷം, പ്രളയജലത്തെ പ്രതിരോധിക്കാൻ നിർമിക്കപ്പെട്ട പ്രതിരോധ സംവിധാനം 'ഡെൽറ്റാ വർക്ക്സ് ' എന്നാണ് അറിയപ്പെടുന്നത്.    ഒമ്പത് ഡാമുകളും, അടഞ്ഞ അഴിമുഖങ്ങളുള്ള നാല് സ്റ്റോം ബാരിയറുകളും  ഒക്കെയടങ്ങിയ ഈ പ്രളയപ്രതിരോധശൃംഖല ആധുനികകാലത്തെ ഒരു എഞ്ചിനീയറിങ്ങ് അത്ഭുതം തന്നെയാണ്. അമ്പതുകളിൽ നിർമ്മാണം തുടങ്ങുകയും, തൊണ്ണൂറുകൾ വരെ തുടരുകയും ചെയ്ത് വളരെ സാവകാശത്തിൽ മാത്രം നടപ്പിലായ, അനുദിനം പരിഷ്കരിക്കപ്പെടുന്ന ഒരു സംവിധാനമാണിത്.  ഡച്ച് തീരമേഖലയിൽ എഴുനൂറോളം കിലോമീറ്ററിൽ ഇതൊരു സംരക്ഷണ ദുർഗമായി നിലകൊള്ളുന്നു.  കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഇതാണ് ഡച്ചുകാരുടെ ജീവനും സ്വത്തിനും പ്രളയങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നത്.  

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala

'ഡെൽറ്റാ വർക്‌സിന്റെ ഭാഗമായി 1986- ഉണ്ടാക്കിയ 9 km നീളമുള്ള സ്റ്റോം ബാരിയർ '

തടയണകളും ബാരിയറുകളും ഒക്കെ ഉൾപ്പെടുത്തിയുള്ള തങ്ങളുടെ  പരമ്പരാഗതമായ സംവിധാനങ്ങൾക്ക് പെട്ടെന്നുണ്ടാവുന്ന അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളോട്  അനുസൃതമായി മറക്കാനാവില്ല എന്ന തിരിച്ചറിവ്‌ നെതർലൻഡ്സിനു നൽകിയത്  തൊണ്ണൂറുകളിലുണ്ടായ മറ്റൊരു  മഹാപ്രളയവും അതേത്തുടർന്നുണ്ടായ ഒഴിപ്പിക്കലുകളുമാണ്. അതോടെ  കുറേക്കൂടി ആധുനികമായ  ചില സമ്പ്രദായങ്ങളെപ്പറ്റി ആലോചിച്ചു. 

 പ്രളയജലത്തെ തടഞ്ഞു നിർത്തുക എന്ന  രീതി മാത്രമല്ല  ഇന്ന്‌  അവർക്കുള്ളത്. ഉള്ള ഭൂമിയിൽ തന്നെ പ്രളയ ജലത്തെ പരമാവധി ഉൾക്കൊള്ളാനുള്ള സ്ഥലം ഒരുക്കിക്കൊടുക്കുക എന്നതാണ് അവർ ചെയ്യുന്നത്. ഇതിനായി പ്രളയകാലത്തെ പിടിച്ചു വെക്കാനായി എത്രയോ താഴ് നിലങ്ങൾ (polder) നെതർലൻഡ്‌സിൽ ഉണ്ട്.  പ്രളയ ജലത്തെ ഉൾക്കൊളളാൻ വേണ്ടി കരുതി വെച്ചിരിക്കുന്ന ഒഴിഞ്ഞ ഭൂമിയെ, പ്രളയമില്ലാത്തിടത്തോളം കാലം കളിസ്ഥലങ്ങളായി പ്രയോജനപ്പെടുത്തുന്നു. അതേസമയം, ആ ഭൂമിയെ ഒഴിച്ചിടുകയും ചെയ്യുന്നു. 

  'റൂം ഫോർ ദി റിവർ'  

3  ബില്യൺ ഡോളർ ചെലവിൽ  ഡച്ച് നദികളിൽ നാല്പതിലധികം നിർമ്മാണങ്ങളുമായി 2006 -ൽ തുടങ്ങിയ ഒരു ബൃഹദ് പദ്ധതിയാണിത്.  ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്. പ്രളയജലത്തെ ഉൾക്കൊള്ളാനുള്ള നദികളുടെ കഴിവിനെ പരമാവധി വർധിപ്പിക്കാനുതകുന്ന തരത്തിലുള്ള  സ്ട്രക്ച്ചറുകളെപറ്റിയാണ് ഇതിലെ മുഖ്യചിന്ത. അതിനുവേണ്ടുന്ന സംവിധാനങ്ങളാണ് ഇതിന്റെ കീഴിലൊരുക്കുന്നതും. 

സാൻഡ് സ്‌കേപ്പിങ് 

  പത്തു കിലോമീറ്ററോളം ഓഫ്‌ഷോർ ഡ്രഡ്ജിങ്ങ് നടത്തി 21.5 മില്യൺ കുബിക് മീറ്റർ മണൽ കുഴിച്ചെടുത്ത്  നിക്ഷേപിച്ചുകൊണ്ട് തീരപ്രദേശത്തെ ശക്തിപ്പെടുത്തി. ഈ മണലിനെ സാവധാനം തിരമാലകൾ തീരത്ത് കൊണ്ടുചെന്നു ഡിപ്പോസിറ്റ് ചെയ്യുകയും തീരത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.  ഈ പ്രക്രിയയെ 'സാൻഡ് സ്കേപിങ്ങ്' എന്നും പറയും.  കടൽത്തീരങ്ങളുടെ ദ്രവീകരണം ( erosion) തടയാൻ വേണ്ടിയാണ് ഈ പ്രക്രിയ. ഇതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് അവർ ഇതേ സാൻഡ് സ്‌കേപ്പിങ് പദ്ധതി ഇംഗ്ലണ്ടിന് വേണ്ടി നോർത്ത് സിയുടെ തീരത്തും നടത്തുന്നുണ്ട്. 

The Netherlands Flood Management model Pinarayi Vijayan wants to adapt forKerala

''നാലുവർഷത്തോളം സാൻഡ് സ്‌കേപ്പിങ്  കഴിഞ്ഞുള്ള തീരം '

ചുരുക്കത്തിൽ പറഞ്ഞാൽ, പ്രളയത്തെ നേരിടാൻ പ്രകൃതിയിൽ നിന്നും പാഠം ഉൾക്കൊള്ളുക എന്നതാണ് ഡച്ച് സർക്കാരിന്റെ നയം. അതിൽ പ്രളയത്തെ ഭൂമിയിൽ ഉൾക്കൊള്ളാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കലാണ് പ്രധാന നടപടി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ തുരുത്ത് എന്ന പേര് സമ്പാദിച്ചിരിക്കുന്ന നെതർലാൻഡ്സിൽ നിന്നും ഏറെ പാഠങ്ങൾ കേരളത്തിനും ഉൾക്കൊള്ളാവുന്നതാണ്. എന്നാൽ വലിയ മുതൽമുടക്ക് ആവശ്യമുള്ള  ഈ പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട ഫണ്ട് കണ്ടെത്തുക എന്നതാവും കേരളത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. 

Follow Us:
Download App:
  • android
  • ios