മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദത്തിലേറിയിരിക്കുകയാണ്. നവംബർ 23 ശനിയാഴ്ച രാവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയിൽ നിന്ന് അദ്ദേഹം സത്യപ്രതിജ്ഞ ഏറ്റുചൊല്ലി. തലേന്ന് രാത്രി നടത്തിയ അതിനിഗൂഢമായ ഓപ്പറേഷനിലൂടെ ചാക്കിട്ടുപിടിച്ച അജിത് പവാർ എന്ന എൻസിപി നേതാവ് ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. താനും തന്റെ പാർട്ടിയും ബിജെപിയെ പിന്തുണക്കുന്നതായി അദ്ദേഹം പറഞ്ഞു. 

എന്നാൽ, തൊട്ടുപിന്നാലെ ശരദ് പവാർ എന്ന എൻസിപിയുടെ തലതൊട്ടപ്പൻ, അത് അജിത് പവാറിന്റെ മാത്രം തീരുമാനമാണ് എന്നും, എൻസിപി അതിനെ എതിർക്കുന്നു എന്നും പരസ്യമായി പ്രസ്താവനയിറക്കി. എൻസിപി പിളർത്തുകയാണ്, തന്നെ പിന്നിൽ നിന്ന് കുത്തുകയാണ്, അജിത് പവാർ എന്ന തന്റെ മരുമകൻ ചെയ്തിരിക്കുന്നത് എന്ന് ശരദ് പവാർ വിലപിച്ചു. ഇതുപോലൊരു ചതി തന്റെ ആയുസ്സിൽ കണ്ടിട്ടില്ലെന്ന് ശരദ് പവാറിന്റെ പുത്രി സുപ്രിയാ സുലെയും പറഞ്ഞു. 

എന്നാൽ ഇതിൽ ചതിയൊന്നുമില്ല എന്നും, സംസ്ഥാനത്ത് സുസ്ഥിരമായ ഭരണം വന്നുകാണണമെന്നേ തനിക്കുള്ളൂ എന്നും അജിത് പവാർ മറുപടി പറഞ്ഞു. താനിതൊക്കെ കഴിഞ്ഞ കുറെ ആഴ്ചകളായി ശരദ് പവാറിനോട് ചർച്ച ചെയ്തിരുന്നു എന്നും, മൂന്നു പാർട്ടികൾ ചേർന്നുകൊണ്ട് ഒരു സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ സാധിക്കില്ല എന്ന തന്റെ അഭിപ്രായം താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും അജിത് പവാർ പറഞ്ഞു. ശിവസേനയോട് കൂട്ടുകൂടാൻ അജിത് പവാറിന് ഒട്ടും താത്പര്യമില്ലായിരുന്നു എന്നതാണ് വാസ്തവം. 

ശരദ് പവാറിന്റെ വളരെ അടുത്ത ബന്ധുവാണ്, സ്വന്തം മരുമകനാണ് അജിത് പവാർ. 'പാർട്ടിയും, കുടുംബവും തകർത്തുകളഞ്ഞല്ലോ...' എന്നാണ് സുപ്രിയ സുലേ തന്റെ വാട്ട്സാപ്പ് സ്റ്റാറ്റസായി ഇട്ടിരിക്കുന്നത്. മീഡിയയോട് പ്രതികരിക്കുന്നതിനിടെ സുപ്രിയക്ക് പലവട്ടം കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞു. "ഉടൻ എല്ലാം പറയാം..." എന്നുമാത്രം പ്രതികരിച്ചു അവർ.  

ശരദ് പവാറിന്റെ ജ്യേഷ്ഠസഹോദരൻ അനന്ത് റാവു പവാറിന്റെ മകനാണ് അജിത് പവാർ. 1982-ൽ കോപ്പറേറ്റിവ് ഷുഗർ ഫാക്ടറിയുടെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1991 -ൽ പുണെ കോപ്പറേറ്റിവ് ബാങ്കിന്റെ ചെയർമാനായും തെരഞ്ഞെടുക്കപ്പെടുന്നു. അതേകാലത്തുതന്നെ ബാരാമതി മണ്ഡലത്തിൽ നിന്ന് പാര്ലമെന്റിലേക്കും അജിത് പവാർ എത്തുന്നുണ്ട്. നരസിംഹറാവു കാബിനറ്റിൽ പ്രതിരോധമന്ത്രിയായ അമ്മാവൻ ശരദ് പവാറിന് വേണ്ടി എംപി സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നു അന്ന് മരുമകൻ. 

ഇന്ന് ബാരാമതിയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തിയ എൻസിപി എംഎൽഎയാണ് അജിത് പവാർ. കഴിഞ്ഞ 52 കൊല്ലങ്ങളായി ബാരാമതിയിൽ നിന്ന് രണ്ടേ രണ്ടു പേർ മാത്രമാണ് നിയമസഭയ്‌ക്കകം കണ്ടിട്ടുള്ളത്. ഒന്ന്, ശരദ് പവാർ. രണ്ട്, അജിത് പവാർ. ഇരുവരും ആറാറുവട്ടം അവിടെ നിന്ന് എംഎൽഎ ആയിട്ടുണ്ട്. അതിൽ എട്ടുതവണ കോൺഗ്രസിന്റെ കൊടിക്കീഴിൽ, നാലുതവണ എൻസിപിയുടെ കൊടിക്കീഴിൽ. 1967  മുതൽ 1990 വരെ ശരദ് പവാർ, കോൺഗ്രസിനെ പ്രതിനിധീകരിച്ചുകൊണ്ട് ജയിച്ചുകേറി. പിന്നീട് രണ്ടുവട്ടം അജിത് പവാർ കോൺഗ്രസിൽ നിന്നുതന്നെ ജയിച്ചു. 1999 -ൽ പവാർ എൻസിപി ഉണ്ടാക്കി കോൺഗ്രസ്‌ പാളയം വിട്ടതിനു ശേഷം അജിത് പവാർ വീണ്ടും നാലുവട്ടം എൻസിപിയുടെ കൊടിക്കീഴിൽ നിന്ന് മത്സരിച്ചു ജയിച്ചു ബാരാമതിയിൽ നിന്ന്.  ശിവസേനയ്‌ക്കോ ബിജെപിക്കോ ഒന്നും ഒരിക്കലും ബാരാമതിയിൽ നിലംതൊടാൻ സാധിച്ചിട്ടില്ല. 

മുമ്പും പലകാരണങ്ങളാൽ വിവാദങ്ങളുടെ കളിത്തോഴനായിരുന്നു അജിത് പവാർ എന്ന രാഷ്ട്രീയ നേതാവ്. 2013  ഏപ്രിൽ 7 -ന്  അജിത് പവർ നടത്തിയ ഒരു പരാമർശം മഹാരാഷ്ട്രയിൽ വരൾച്ചകൊണ്ട് പൊറുതിമുട്ടിയ കർഷകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വെള്ളത്തിനായി കർഷകർ മുറവിളി കൂട്ടിക്കൊണ്ടിരുന്ന ഒരു സമയമായിരുന്നു അത്. "ഡാമിൽ വെള്ളമില്ലെങ്കിൽ ഞാനെന്താ മൂത്രമൊഴിച്ച് നിറയ്ക്കണോ?" എന്നായിരുന്നു കൃഷിക്കാരോടുള്ള  അജിത് പവാറിന്റെ പരിഹാസം നിറഞ്ഞ ചോദ്യം. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പ്രസ്താവനയുടെ പേരിൽ അജിത് പവാറിന് നിരുപാധികം മാപ്പുപറയേണ്ടി വന്നിരുന്നു. "എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപരാധം, മാപ്പാക്കണം..." എന്ന് അന്ന് അജിത് പവാർ ജനങ്ങളോട് പറഞ്ഞു. 

അതിനു ശേഷവും വിവാദങ്ങളിൽപ്പെടാതിരിക്കാൻ അജിത് പവാറിന് സാധിച്ചിരുന്നില്ല. 2014 -ൽ പ്രചാരണത്തിനിടെ ഗ്രാമീണരായ വോട്ടർമാരെ ഭീഷണിപ്പെടുത്തി എന്നൊരു ആരോപണം അജിത് പവാറിനെതിരെ ഉണ്ടായിരുന്നു. "സുപ്രിയ സുലേക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഗ്രാമത്തിലേക്കുള്ള വെള്ളം കട്ടുചെയ്തു കളയും."  എന്നായിരുന്നു അന്നത്തെ പവാറിന്റെ ഭീഷണി.

ലാവാസ എന്ന സ്വകാര്യ ടൗൺഷിപ്പ് പ്രോജക്ടിനുവേണ്ടി അന്ന് ജലവകുപ്പുമന്ത്രിയായിരുന്ന അജിത് പവാർ വഴിവിട്ടസഹായങ്ങൾ ചെയ്തുനൽകി എന്നൊരു ആരോപണവും ഉയർന്നുവന്നിരുന്നു. 2004 -ൽ മൂന്നുകോടി രൂപമാത്രം വരുമാനമുണ്ടായിരുന്ന അജിത് പവാറിന്റെ 2019 ലെ ആസ്തി, ഇക്കഴിഞ്ഞ  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലപ്രകാരം ഇരുപതുകോടിയിലധികം വരും.

ഇതിനു മുമ്പും അജിത് പവാര്‍ പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ടുള്ള നയത്തിലേക്കെത്തിയ ചരിത്രമുണ്ട്. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ അജിത് പവാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.ശരദ് പവാറിന്റെ മകള്‍ സുപ്രിയ സൂലേ സജീവ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പ് രംഗത്തേക്കും കടന്നുവന്നത് എന്‍.സി.പിയിലെ തന്റെ ഭാവിയെ ത്രിശങ്കുവിലാക്കുമെന്ന് അജിത് പവാര്‍ ഭയപ്പെട്ടിരുന്നു. 

ഇപ്പോൾ അജിത് പവാർ ബിജെപിക്ക് നൽകിയിരിക്കുന്ന ഈ അകമഴിഞ്ഞ പിന്തുണ, അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടിരിക്കുന്ന, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി കൂട്ടിച്ചേർത്തുവേണം വായിക്കാൻ.  നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശരദ് പവാറിനും  അജിത് പവാറിനുമെതിരെ എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 25000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ടത്.  കേസിൽ ശരദ് പവാറിനെതിരെ കാര്യമായ യാതൊരു തെളിവും ഹാജരാക്കാൻ ഇഡിക്ക് അന്ന് കഴിഞ്ഞിരുന്നില്ലെങ്കിലും, പ്രസ്തുത കേസ് അജിത് പവാറിന്റെ സ്വൈരം കെടുത്തിയിരുന്നു. ആ കേസുമായി ബന്ധപ്പെട്ട്, ഈ പിന്തുണയുടെ പേരിൽ ഇനി എന്തൊക്കെ പ്രത്യുപകാരങ്ങളാകും അജിത് പവാറിന്റെ ലഭിക്കുക എന്നും കാത്തിരുന്നു കാണാം.