എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാണാ കപൂർ എന്ന യെസ് ബാങ്ക് മുൻ എംഡിക്കുമേൽ നിരവധി കുറ്റങ്ങൾ ചുമത്തി സമാന്തരമായി പലകേസുകളിന്മേൽ അന്വേഷണം നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ രസകരമായ ഒരു കേസ്, അദ്ദേഹം കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയിൽ നിന്ന് രണ്ടു കോടി രൂപ രൊക്കം കൊടുത്ത് ഒരു പെയ്ന്റിംഗ് വിലയ്ക്ക് വാങ്ങിയതിനെപ്പറ്റി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണമാണ്. ഇതാണ് ആ ചിത്രം. 

എന്നാൽ, ഈ ചിത്രം വരച്ചത് പ്രിയങ്കാ ഗാന്ധി അല്ല. സാക്ഷാൽ എം എഫ് ഹുസൈനാണ് രാജീവ് ഗാന്ധിയെ തന്റെ കാൻവാസിലേക്ക് പകർത്തി ചിത്രം കുടുംബത്തിന് സമ്മാനിച്ചത്. അവരുടെ പക്കലുണ്ടായിരുന്ന ഈ അപൂർവചിത്രം രണ്ടുകോടി നൽകി യെസ് ബാങ്ക് എംഡി സ്വന്തമാക്കിയതിന് പിന്നിൽ മറ്റുപല കാരണങ്ങളുമുണ്ട് എന്ന പരാതി കിട്ടിയതോടെയാണ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്. 

പ്രസ്തുത ചിത്രത്തിന്റെ ഉടമസ്ഥത കോൺഗ്രസിൽ നിക്ഷിപ്തമായിരുന്നിട്ടും അത് പ്രിയങ്ക ഗാന്ധി റാണാ കപൂറിന് വിൽക്കുകയായിരുന്നു എന്ന് ചിലർ ആക്ഷേപിക്കുന്നുണ്ട്. ഈ ഡീൽ സാക്ഷാത്കരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് മിലിന്ദ് ദേവ്‌റ ആയിരുന്നു എന്നും ആക്ഷേപമുണ്ടായിരുന്നു. യെസ്‌ ബാങ്ക് എംഡി റാണാ കപൂർ കള്ളപ്പണം വെളുപ്പിച്ചുണ്ടാക്കിയ പണമാണ് ഇത്തരത്തിൽ പലയിടത്തും നിക്ഷേപിച്ചത് എന്നും അതുകൊണ്ട് ഈ പെയിന്റിങ്ങും തൊണ്ടിമുതലായി കണക്കാക്കണം എന്നാണ് പരാതിക്കാർ പറയുന്നത്. 

പ്രിയങ്കാ ഗാന്ധിയുടെ കയ്യിൽ നിന്ന് ഈ ചിത്രം റാണാ കപൂർ വാങ്ങിയതിനെ വിജയ് മല്ല്യയ്ക്ക് സോണിയ ഗാന്ധിയുമായും, മൻമോഹൻ സിങ്ങുമായും, ചിദംബരവുമായും ഒക്കെയുണ്ടായിരുന്ന അടുപ്പത്തോടും, രാഹുൽ ഗാന്ധി നീരവ് മോദിയുടെ ബ്രൈഡൽ ജൂവലറി കളക്ഷൻ ഉദ്‌ഘാടനം ചെയ്തതിനോടുമാണ് ബിജെപി ഐടി സെല്ലിന്റെ ദേശീയ മേധാവി അമിത് മാളവ്യ തന്റെ ട്വീറ്റിലൂടെ ഉപമിച്ചത്. 


കോൺഗ്രസ് രൂപീകരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷവേളയിൽ എം എഫ് ഹുസ്സൈൻ വരച്ചതാണ് ഈ ഛായാചിത്രം. ഇതിന് വിലയിട്ടതും, പ്രിയങ്കാ ഗാന്ധിയുടെ പേരിൽ രണ്ടുകോടിയുടെ ചെക്ക് കൈപ്പറ്റിയതും അവരുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു എന്നും പറയപ്പെടുന്നു. ഇത്തരത്തിൽ നാല്പതിലധികം അമൂല്യമായ പെയ്ന്റിങ്ങുകളുടെ ഒരു ശേഖരം തന്നെ ഇപ്പോൾ യെസ് ബാങ്ക് തകർന്ന ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരിക്കുന്ന റാണാ കപൂറിന്റെ പക്കലുണ്ട് എന്നാണ് അറിയുന്നത്. 

റാണാ കപൂറിനെ ഈ പെയ്ന്റിംഗ് വാങ്ങിയതുമായി സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യലുകൾക്ക് ഡയറക്ടറേറ്റ് ഇതിനകം തന്നെ വിധേയനാക്കിക്കഴിഞ്ഞു. ഇതിനു മുമ്പ് 2015 -ൽ മമതാ ബാനർജി വരച്ച മുന്നൂറോളം പെയിന്റിങ്ങുകൾ വിറ്റുപോയത് 9 കോടിക്കായിരുന്നു. അന്ന് മമതാ ദീദിയുടെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന ഈ ചിത്രം വാങ്ങിയത് ശാരദാ ചിട്ടിത്തട്ടിപ്പിൽ പിന്നീട് ജയിലിലായ സുദീപ്തോ സെൻ എന്ന വ്യവസായി ആയിരുന്നു. ഈ വില്പന അന്ന് സിബിഐ അന്വേഷിച്ചിരുന്നു. അകെ ആന്റണിയുടെ പത്നി എലിസബത്തിന്റെ പെയിന്റിങ്ങുകൾ 2.5  ലക്ഷത്തിന് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയതും ഇതുപോലെ വിവാദമാവുകയുണ്ടായിരുന്നു.