മനുഷ്യരെ ക്രിമിനലുകളും കൊലപാതകികളുമാക്കുന്നതില്‍ മാനസീകവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ അക്രമ സംഭവങ്ങളാണ് തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂട്ടക്കൊലപാതകങ്ങളുടെ നീണ്ട ലിസ്റ്റ് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കേരളത്തില്‍ ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളും സ്വന്തം രക്തബന്ധത്തില്‍പ്പെട്ടവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ്. എന്തു കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത്? 

ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. മനുഷ്യരെ ക്രിമിനലുകളും കൊലപാതകികളുമാക്കുന്നതില്‍ മാനസികവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം കൊലപാതകങ്ങളില്‍ ഏകദേശം 20 ശതമാനം മാത്രമാണ് പെട്ടെന്നുള്ള കൈയ്യബദ്ധത്തിലൂടെയുണ്ടാവുന്നത്. ബാക്കിയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാകാം.

മനസ്സിന്റെ കടലിളക്കങ്ങള്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. മാനസിക പരിമിതി നേരിടുന്ന വ്യക്തികള്‍ പലപ്പോഴും തങ്ങളുടെ അടുത്ത ബന്ധുക്കളെ ശത്രുക്കളായി കാണും. ഇത് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.യൂഫോറിയ എന്ന രോഗാവസ്ഥയുളളവര്‍ ലഹരിക്ക് വേണ്ടി എന്ത് കുറ്റകൃത്യങ്ങളും ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതവരെ ആനന്ദിപ്പിക്കും. ലഹരിയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. മദ്യത്തിന്റെയും സിന്തറ്റിക് ഡ്രഗ്ഗുകളുടെയും ഉപയോഗമാണ് വ്യക്തികളെ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 80 ശതമാനം കുറ്റ കൃത്യങ്ങള്‍ക്കും കാരണം ലഹരിയുടെ ഉപയോഗമാണ്.

കുട്ടിക്കാലത്തെ മുറിവുകള്‍

പാരനോയിഡ് സൈക്കോസിസ് ഉള്ള വ്യക്തികളാണ് സീരിയല്‍ കില്ലിങ്ങ് നടത്തുന്നത്. ഹണ്ടിങ്ങ് സ്‌കീസോഫ്രീനിയ, ഡില്യൂഷന്‍ സ്‌കീസോഫ്രീനിയ, മണി മാനിയ തുടങ്ങിയ മനോവൈകല്യങ്ങളുള്ള വ്യക്തികള്‍ കൊലപാതകം ചെയ്യുന്നതിനുള്ള സാധ്യത സൈക്കോളജിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല. കുടുംബത്തില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടവരും, ശാരീരികവും മാനസികവുമായി പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ക്രൂരതകള്‍ അനുഭവിച്ചവരും സമൂഹത്തില്‍ ധാരാളമുണ്ട്. ഇങ്ങനെ ശിഥിലമായ ബാല്യം ചിലപ്പോള്‍ മനുഷ്യരെ സ്വഭാവവൈകല്യമുള്ളവരാക്കും. 

കുട്ടിയായിരിക്കെ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നവരില്‍ കുറ്റകൃത്യ വാസനയുണ്ടാകാം. ഇതിലൊരു വിഭാഗം അടങ്ങാത്ത പ്രതികാരം ഉള്ളില്‍ കൊണ്ടുനടക്കുന്നവരായിരിക്കാം. ഈ പക മിക്കവാറും അതിക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമാണ് നയിക്കുന്നത്. ഇങ്ങനെയുള്ള ചില ആളുകള്‍ പെട്ടന്ന് അക്രമാസക്തമായോ കാലങ്ങളെടുത്ത് ആസൂത്രണം ചെയ്‌തോ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുണ്ട്.

ഹിംസയിലേക്കുള്ള വഴികള്‍ 

നാര്‍സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവ ഉള്ള ചിലര്‍അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനോ പ്രശസ്തിക്കോ സാമ്പത്തിക നിലയ്‌ക്കോ തടസ്സമോ ഭീഷണിയോ ആയി നില്‍ക്കുന്നവരെ വകവരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിനെയൊക്കെ മറികടക്കാനുള്ള മാനസികാരോഗ്യം സമൂഹത്തിലെ വ്യക്തികള്‍ക്ക് നല്‍കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.

ദിനംപ്രതി പെരുകുന്ന കൊലപാതകങ്ങള്‍, കണ്ണില്ലാത്ത ക്രൂരതയ്ക്ക് കാരണമെന്ത്?- വീഡിയോ കാണാം


തുടര്‍ക്കഥയാവുന്ന കൊലപാതകങ്ങള്‍! കാരണമെന്ത് ? | Kerala Crime Story