Asianet News MalayalamAsianet News Malayalam

ഹിന്ദി ദേശീയ ഭാഷയാക്കണമെന്നു ശഠിച്ച ഉത്തരേന്ത്യക്കാരനെ നെഹ്‌റു തനിമലയാളിയാക്കിയ കഥ

"നീയിപ്പോൾ വെറുമൊരു വിദ്യാർത്ഥി മാത്രമാണ്. നിനക്കങ്ങനെയൊക്കെ പറയാം.  എനിക്ക് പക്ഷേ, ഭാരതത്തിലെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്..!" നെഹ്‌റു പറഞ്ഞു.

the story of nehru making sudhanshu chaturvedi the hindi fanatic learn malayalam
Author
Delhi, First Published May 6, 2020, 10:43 AM IST

108 ഗ്രന്ഥങ്ങൾ രചിച്ചു. അതിൽ 40 എണ്ണം മലയാളഭാഷയിൽ. ഇത്രയധികം സാഹിത്യപ്രവർത്തനം നടത്തിയിട്ടും അധികം ആരാലും അറിയപ്പെടാതെ പോകാനായിരുന്നു ഡോ. സുധാംശു ചതുർവേദിയുടെ നിയോഗം. 1943 -ൽ ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള കന്നൗജിൽ ജനിച്ച ഡോ. ചതുർവേദി, ഹിന്ദി മലയാളം സാഹിത്യശാഖകൾക്കിടയിലെ തൂക്കുപാലമായിരുന്നു എന്നുപറയാം. ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്കും, മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും ഈ ത്രിഭാഷാപണ്ഡിതന്റെ തൂലിക കൃതികളെ വഴിനടത്തി. 

എന്നാൽ, ഈ മനീഷിക്ക് ഭാഷാഭ്രാന്തിന്റേതായ ഒരു യൗവ്വനകാലവും ഉണ്ടായിരുന്നു എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. നന്നേ ചെറുപ്പത്തിൽ, 1962 -ൽ, ദില്ലി തീൻമൂർത്തി ഭവനിൽ വെച്ച്, അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയും സാഹിത്യകാരനുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവുമായി നടത്തിയ സംവാദമാണ് അദ്ദേഹത്തിന്റെ ജീവിതനദിയെ കാൺപൂരിൽ നിന്ന് ഉത്ഭവിച്ച് തൃശ്ശൂരിലൂടെ ഒഴുകി ഹിന്ദി-മലയാളഭാഷയുടെ ത്രിവേണീ സംഗമമാക്കി മാറ്റിയത്. അമ്മാവനും ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരനുമായ ബനാറസി ദാസ് ചതുർവേദിയാണ് അദ്ദേഹത്തിന് പത്തൊമ്പതിന്റെ ചോരത്തിളപ്പിൽ നിൽക്കുന്ന കാലത്ത് പണ്ഡിറ്റ്ജിയുമായി സംവദിക്കാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തത്.

രണ്ടുവർഷം മുമ്പ് തന്റെ പതിനേഴാം വയസ്സിൽ തന്നെ സംസ്കൃതത്തിൽ എംഎ എടുക്കണം എന്ന ആവശ്യവുമായി ചെന്ന ചതുർവേദിയെ ദില്ലി സർവകലാശാല പ്രായക്കുറവ് ചൂണ്ടിക്കാട്ടി തിരിച്ചയച്ചിരുന്നു. പ്രധാനമന്ത്രി നെഹ്‌റുവിനെ കണ്ടുമുട്ടിയപ്പോൾ, തികഞ്ഞൊരു ഹിന്ദിവാദിയായിരുന്ന സുധാംശു ഹിന്ദി ഭാഷ ദേശീയഭാഷയാക്കണം എന്നും, അത് പഠിക്കാൻ ഇഷ്ടമുണ്ടങ്കിലുമില്ലെങ്കിലും ദക്ഷിണേന്ത്യക്കാരെയും പഠിപ്പിച്ചെടുക്കണം എന്ന് നെഹ്‌റുവിനോട് തർക്കിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാണ് എന്നുവരികിലും, ദക്ഷിണേന്ത്യക്കാരെ അത് അവർ സ്വമനസാലെ പഠിക്കാൻ തയ്യാറാകുന്നതുവരെ അവരിൽ അടിച്ചേൽപ്പിക്കാൻ താൻ ഒരുക്കമല്ലെന്നു നെഹ്‌റു മറുപടി പറഞ്ഞു. 1965 -നുള്ളിൽ ഹിന്ദി പഠിച്ചെടുത്തേ പറ്റൂ എന്നൊരു ഡെഡ്‌ലൈൻ വെക്കണം എന്ന് പറഞ്ഞ ചതുർവേദിയോട് നെഹ്‌റുവിന്റെ മറുപടിയിങ്ങനെ,"നീയിപ്പോൾ വെറുമൊരു വിദ്യാർത്ഥി മാത്രമാണ്. നിനക്കങ്ങനെയൊക്കെ പറയാം.  എനിക്ക് പക്ഷേ, ഭാരതത്തിലെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്..!"  

അന്ന് നെഹ്‌റു സംഭാഷണത്തിനിടെ ചതുർവേദിയെ വെല്ലുവിളിച്ചു. "നിങ്ങളീ ഹിന്ദി ഭ്രാന്തന്മാരായ ഉത്തരേന്ത്യക്കാർക്ക് ഒരു ജന്മം മുഴുവൻ തലയും കുത്തി നിന്നാൽ ഏതെങ്കിലും ദ്രാവിഡഭാഷ പഠിക്കാൻ കഴിയുമോ? " വെല്ലുവിളി ഏറ്റെടുത്ത സുധാംശു ദ്രാവിഡഭാഷകളിൽ ഏറ്റവും ദുഷ്കരമെന്നു നെഹ്‌റുവിന് തോന്നുന്നത് തന്നെ പഠിക്കാനായി നിർദേശിക്കാൻ പറഞ്ഞു. അന്ന് നെഹ്‌റു  അദ്ദേഹത്തോട് പറഞ്ഞത്, "മലയാളം എന്നൊരു ഭാഷയുണ്ട് അങ്ങ് തെക്ക് കേരളത്തിൽ. കഴിയുമെങ്കിൽ അതൊന്നു പഠിച്ചെടുക്കാൻ നോക്കൂ. മലയാളത്തിൽ പാണ്ഡിത്യം നേടി, അതിൽ ഒരു പുസ്തകമെഴുതി പ്രസിദ്ധപ്പെടുത്തി കാണിക്കൂ. എങ്കിൽ ഞാൻ സമ്മതിച്ചു തരാം.

അപ്പോഴേക്കും ആഗ്രാ സർവകലാശാലയിലെ ബറേലി കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞിരുന്ന ചതുർവേദിക്ക് അത് ഒരു ബലമായി തോന്നി. കാരണം, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംസ്കൃതമാണ് മലയാളത്തിലെ എൺപതുശതമാനം വാക്കുകളുടെയും അടിത്തറ. അതുകൊണ്ടുതന്നെ ഈ ചലഞ്ച് തന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രയാസമാകാൻ സാധ്യതയില്ല. അദ്ദേഹം കരുതി. അതുമാത്രവുമല്ല, ബിരുദപഠനകാലത്തു തന്നെ ഹിന്ദി സാഹിത്യരംഗത്തെ നാലാളറിയുന്നൊരു എഴുത്തുകാരനായി മാറിയിട്ടുണ്ടായിരുന്നു സുധാംശു  ചതുർവേദി. നെഹ്‌റുവിന്റെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം നേരെ പോയത് ദില്ലി സർവ്വകലാശാലയുടെ മലയാളവിഭാഗത്തിലേക്കാണ്. അവിടെ രണ്ടു ഭാഷാപണ്ഡിതർ അദ്ദേഹത്തിന് ജ്ഞാനം പകരാൻ തയ്യാറായി ഇരിപ്പുണ്ടായിരുന്നു. ഒന്ന്, ഡോ. ഓ എം അനുജൻ. രണ്ട്, ഏവൂർ പരമേശ്വരൻ. ഭാഷ പഠിച്ചു തുടങ്ങിയപ്പോൾ കുറച്ചു കഷ്ടപ്പാടുണ്ടായി എങ്കിലും, താമസിയാതെ തന്നെ സുധാംശു കൈരളിയിൽ തുടിച്ചുകുളിച്ചു മുങ്ങാങ്കുഴിയിട്ടു നിവർന്നു. 

ദില്ലി സർവകലാശാലയിലെ പഠനകാലത്തുതന്നെ അദ്ദേഹം പി കേശവദേവിന്റെ പ്രസിദ്ധ നോവൽ 'ഓടയിൽ നിന്ന്' ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. പിന്നാലെ മാരാരുടെ ഭാരതപര്യടനവും. അദ്ദേഹം ദില്ലി സർവകലാശാലയിൽ മലയാളപഠനം നടത്തുന്ന കാലത്ത്, സ്വന്തം ഗ്രന്ഥങ്ങൾ തന്നെ കോളേജിലെ വിദ്യാർഥികൾ ബിഎ, എംഎ, ബിഎ ഓണേഴ്‌സ് തുടങ്ങിയ കോഴ്‌സുകൾക്ക് പഠിക്കുന്ന സാഹചര്യവുമുണ്ടായി. സംസ്കൃതം എംഎക്കു പുറമെ 1964 ആയപ്പോഴേക്കും സുധാംശുവിന് ഹിന്ദി, മലയാളം എംഎകൾ കൂടി കരസ്ഥമാക്കി. അക്കൊല്ലം തന്നെ അദ്ദേഹം കേരളം സർവകലാശാലയിൽ ഹിന്ദിക്ക് ഡോക്ടറേറ്റിന് ചേർന്നു. അതിനിടെ അദ്ദേഹത്തെ കൊല്ലത്തിനടുത്ത് പറവൂരിലുള്ള ഹിന്ദി ട്രെയിനിങ് കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചു. പ്രശ്നനാടകങ്ങളുടെ താരതമ്യ പഠനത്തിൽ അദ്ദേഹം തന്റെ ഡോക്ടറൽ തിസീസ് സമർപ്പിച്ചു. അന്ന് സർവകലാശാല തിസീസ് ഇംഗ്ലീഷിൽ വേണമെന്ന് ശഠിച്ചത് വിനയായി. ഹിന്ദിയിലോ മലയാളത്തിലോ മാത്രമേ സാധിക്കൂ എന്നദ്ദേഹവും ബലം പിടിച്ചു. ഒടുവിൽ സർവകലാശാല വഴങ്ങി. അദ്ദേഹം ഹിന്ദിയിൽ ഡോക്ടറൽ തിസീസ് സമർപ്പിച്ചു. 

കേരള സർവകലാശാലയിൽ നിന്നുള്ള ആദ്യത്തെ ഡി ലിറ്റ് ബിരുദധാരിയായിരുന്നു അദ്ദേഹം. അതിനു ശേഷം അദ്ദേഹം മലയാളത്തിലും ഡോക്റ്ററേറ്റ് നേടി. ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഉത്തരേന്ത്യക്കാരനായി ഡോ. സുധാംശു ചതുർവേദി മാറി. അടുത്ത നാൽപതു വർഷം അദ്ദേഹം ചെലവിട്ടത് കേരളത്തിലെ കലാലയങ്ങളിൽ ആയിരുന്നു. ഒടുവിൽ തൃശൂർ കേരളവർമ കോളേജിൽ നിന്ന് അദ്ദേഹം പ്രിൻസിപ്പലായി വിരമിച്ചു. കെപി കേശവമേനോൻ, ജി ശങ്കരക്കുറുപ്പ്, എംടി, ഉറൂബ്, പദ്മനാഭൻ എന്നിവരൊക്കെയായിരുന്നു അക്കാലത്ത് മലയാളനാട്ടിലെ അദ്ദേഹത്തിന്റെ സ്നേഹിതർ. ഹിന്ദി ഹൃദയഭൂമിയിൽ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പ്രശസ്തി സമ്പാദിച്ചു നൽകുക, ഹിന്ദി ഭാഷയുടെ സൗന്ദര്യം മലയാളം വായനക്കാരിലേക്ക് എത്തിച്ചു നൽകുക എന്നിവ തന്റെ ജീവിതനിയോഗമായി കണ്ട ഡോ. ചതുർവേദി അതിനുവേണ്ടി പരിഭാഷാ സാഹിത്യത്തിൽ കഠിനപ്രയത്നങ്ങൾ പലതും ചെയ്തു. 

തകഴിയുടെ കയർ എന്ന മാഗ്നം ഓപ്പസ് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ അദ്ദേഹത്തിന്റെ കൃതികൾ വാല്മീകി രാമായണം (നാലുകാണ്ഡങ്ങൾ), കാളിദാസ സാഹിത്യസർവ്വസ്വം, മേല്പത്തൂരിന്റെ നാരായണീയത്തിന്റെ പരിഭാഷ, അഞ്ചു നോവലുകൾ, 23 കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിവയാണ്. നിരവധി കൃതികൾ സുധാംശു ചതുർവേദി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി. കുമാരനാശാന്‍, ചന്തുമേനോന്‍, കേശവദേവ്, ഉറൂബ്, ബഷീര്‍, തകഴി, ലളിതാംബിക അന്തര്‍ജനം തുടങ്ങി എം. മുകുന്ദനും സുകുമാര്‍ അഴീക്കോടും വരെയുള്ളവരുടെ കൃതികള്‍ അദ്ദേഹം തർജ്ജമപ്പെടുത്തിയിട്ടുണ്ട്. ചിന്താവിഷ്ടയായ സീത, സന്ധ്യ, ബാല്യകാലസഖി, ഓടയില്‍നിന്ന്, അയല്‍ക്കാര്‍, ഹിമഗിരിവിഹാരം, ഏണിപ്പടികള്‍, സുന്ദരികളും സുന്ദരന്മാരും,പ്രൊഫസര്‍, കന്യക, കാഞ്ചനസീത, ഇന്ദുലേഖ, അഗ്‌നിസാക്ഷി, കയര്‍, തത്ത്വമസി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങിയവയാണ് അവ. ഹിന്ദിയിൽ നിന്ന് അമൃത് ഓർ വിഷ്, ഭൂലെ ബിസ്‌രെ ചിത്രേ, ബാരാ ഖണ്ടെ എന്നീ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയതും ഡോ. ചതുർവേദി തന്നെയാണ്. 43 വര്‍ഷം കേരളത്തില്‍ ചെലവഴിച്ച്, സുധാംശു ചതുര്‍വേദി തന്റെ ജീവിത സായാഹ്നത്തിൽ ദില്ലിയിലേക്ക് തിരികെപ്പോയി അവിടെ സ്ഥിരതാമസമാക്കിയിരുന്നു. എൺപത്തേഴിന്റെ നിറവിലും ദില്ലി സാഹിത്യമണ്ഡലത്തിൽ ഏറെ സജീവമാണ് ഈ അപൂർവ വ്യക്തിത്വം. 

Follow Us:
Download App:
  • android
  • ios