Asianet News MalayalamAsianet News Malayalam

ചെരുപ്പിടാതെ സ്‌കൂളിൽ പോയി, മാങ്ങ വിറ്റ് ഫീസിന് പണം കണ്ടെത്തി, കെ ശിവൻ എന്ന ശാസ്ത്രപ്രതിഭ താണ്ടിയ ദൂരങ്ങൾ

"അച്ഛൻ സൈക്കിളിൽ മാങ്ങാ കൊണ്ടു ചെന്ന് അങ്ങാടിയിൽ കൊണ്ടുവെച്ച് വിൽക്കുമായിരുന്നു. എന്റെ ഫീസിനുള്ള വക ഞാനും അങ്ങനെ തന്നെയാണ് കണ്ടെത്തിയിരുന്നത് അന്നൊക്കെ."

The struggles K Sivan endured to become a scientist and chief of ISRO
Author
Trivandrum, First Published Sep 7, 2019, 6:35 PM IST


ചന്ദ്രയാൻ എന്ന ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥകൾ നമുക്കെല്ലാം അറിയാം. കാരണം അതൊക്കെയും മാധ്യമങ്ങളിൽ പലയിടത്തായി പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രയാൻ 2-ന്റെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെച്ചുറ്റി കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമുക്കറിയാം. ഇന്ത്യയുടെ ഈ സ്വപ്നദൗത്യം, ചന്ദ്രനിൽ നിന്നും വെറും 2.1  കിലോമീറ്റർ അകലെ എത്തി നിൽക്കുമ്പോഴാണ് സമ്പർക്കം നിലച്ച് അവസാനിപ്പിക്കേണ്ടി വന്നത്. ഈ പ്രക്രിയയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ മുന്നിൽ നിന്ന ഒരു വ്യക്തി, അവസാനനിമിഷം, പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ തന്റെ പേടകത്തിന് ആയില്ല എന്ന് തിരിച്ചറിയുന്ന നിമിഷം, പ്രധാനമന്ത്രിയെ കണ്ടപ്പോൾ അറിയാതെ വിങ്ങിപ്പൊട്ടുന്നതും, അദ്ദേഹത്തെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നതും ഒക്കെ നമ്മൾ കണ്ടു. അദ്ദേഹത്തിന്റെ പേരാണ് കെ ശിവൻ. ഐഎസ്ആർഒയുടെ തലവനാണ് അദ്ദേഹം. അദ്ദേഹം നയിച്ച ടീം, ഈ ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന ഒരു പദ്ധതിയെയാണ് പരിണാമഗുപ്തിക്ക് തൊട്ടരികിൽ വരെ എത്തിച്ചത്. ചന്ദ്രയാൻ ഏറെ പ്രയാസകരമായ ഒരു ദൗത്യമായിരുന്നു. ചന്ദ്രന്റെ തൊട്ടരികിൽ വരെ ആ ലാൻഡറിനെ എത്തിക്കുന്നതിന് ശിവന്റെ ടീം ഏറെ കഠിനമായി അധ്വാനിച്ചിട്ടുണ്ട്. 

The struggles K Sivan endured to become a scientist and chief of ISRO
 കൈലാസവടിവ് ശിവൻ എന്ന കെ ശിവനെ ചന്ദ്രയാൻ 2  ദൗത്യത്തിന് മുമ്പ് അധികം പേർ അറിയില്ലായിരുന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഐഎസ്ആർഒ എന്ന ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ തലപ്പത്തെത്തുന്നത്. കൃതഹസ്തതയോടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം കയ്യാളിയതിനാണ് മോദി അദ്ദേഹത്തെ കെട്ടിപ്പുണർന്ന് ആശ്വസിപ്പിച്ചത്. 

 

ഗ്രാമീണനിൽ നിന്നും റോക്കറ്റ് സയന്റിസ്റ്റിലേക്കുള്ള വളർച്ച

അറുപത്തിരണ്ടുകാരനായ കെ ശിവൻ ഒരു റോക്കറ്റ് സയന്റിസ്റ്റും ഐഎസ്ആർഒ യുടെ തലവനും ഒക്കെ ആയിത്തീർന്നതിനു പിന്നിൽ തികഞ്ഞ അർപ്പണബോധവും, അധ്വാനവുമുണ്ട്. കന്യാകുമാരി ജില്ലയിലെ ഒരു കർഷകന്റെ മകനായി ജനിച്ച ശിവൻ ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കുന്നത്. എട്ടാം ക്‌ളാസ്സുവരെ പഠിക്കാനേ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ സൗകര്യമുണ്ടായിരുന്നുള്ളൂ. തുടർന്ന് പഠിക്കണമെങ്കിൽ പട്ടണത്തിൽ പോയി തങ്ങണം. അതിനുള്ള സാമ്പത്തിക നില അന്ന് അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഇല്ലായിരുന്നു. അതിനുള്ള പണം കണ്ടെത്താൻ വേണ്ടി ശിവൻ അന്ന് തൊട്ടടുത്തുള്ള മാർക്കറ്റിൽ മാങ്ങ വിൽക്കാൻ പോകുമായിരുന്നു സ്ഥിരമായി. 

ഇതേപ്പറ്റി അദ്ദേഹം ഒരിക്കൽ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്, " എന്റേത് ഒരു ദരിദ്ര കുടുംബമായിരുന്നു. മൂത്ത സഹോദരൻ പണമില്ല എന്ന ഒരൊറ്റ കാരണത്താൽ പഠിത്തം നിർത്തേണ്ടി വന്നയാളാണ്. എന്റെ അച്ഛൻ കൈലാസവടിവ് ഒരു കർഷകനായിരുന്നു. അച്ഛൻ സൈക്കിളിൽ മാങ്ങാ കൊണ്ടു ചെന്ന് അങ്ങാടിയിൽ കൊണ്ടുവെച്ച് വിൽക്കുമായിരുന്നു. എന്റെ ഫീസിനുള്ള വക ഞാനും അങ്ങനെ തന്നെയാണ് കണ്ടെത്തിയിരുന്നത് അന്നൊക്കെ."

അങ്ങനെ പഠിത്തത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ടാണ് ശിവൻ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കുന്നത്.  അതിനു ശേഷം അദ്ദേഹം നാഗർകോവിലിലെ ഹിന്ദു കോളേജിൽ നിന്നും ശിവൻ ഗണിതശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. ആദ്യമായി കോളേജിലേക്ക് നടന്നു കേറുമ്പോൾ  കാലിലിടാൻ നല്ലൊരു ചെരുപ്പുപോലും ഇല്ലായിരുന്നു ശിവന്. എന്നാലും നല്ല മാർക്കോടെ തന്നെ ബിരുദം പൂർത്തിയാക്കി അദ്ദേഹം. കണക്കിന് നൂറിൽ നൂറും നേടി. അതോടെ തന്റെ കുടുംബത്തിൽ നിന്നും ആദ്യമായി ബിരുദം നേടുന്ന ആളായി  ശിവൻ. പക്ഷേ, താൻ പഠിക്കേണ്ടത് കണക്കല്ല, ശാസ്ത്രമാണ് എന്ന് ശിവൻ ബിരുദപഠനത്തോടെ തിരിച്ചറിഞ്ഞു. 

തുടർന്ന് പഠിക്കാനുള്ള സ്‌കോളർഷിപ്പ് അപ്പോഴേക്കും ശിവൻ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. അതുമായി എൺപതുകളുടെ തുടക്കത്തിൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെത്തി. അവിടെ  ശിവൻ ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചേരുന്നു.  തുടർന്ന്  എസ് നരസിംഹൻ, എൻ എസ് വെങ്കട്ടരാമൻ, എ നാഗരാജൻ, ആർ ധനരാജ് ആർ കെ ജയരാമൻ തുടങ്ങിയ പ്രൊഫസർമാർ അദ്ദേഹത്തിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.   എപിജെ അബ്ദുൾ  കലാം ഇതേ കോഴ്സ് ഇതേ കോളേജിലെ നാലാം ബാച്ചിൽ പഠിച്ചതാണ്, ശിവൻ ഇരുപത്തൊമ്പതാം ബാച്ചിലും. അടുത്തതായി ശിവൻ ചെന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരുവിലേക്കായിരുന്നു. അവിടെ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും  തുടർന്ന് ഐഐടി ബോംബെയിൽ ചേർന്ന് ഡോക്ടറേറ്റ് പഠനവും അദ്ദേഹം പൂർത്തിയാക്കി.  

1982-ലാണ് ശിവൻ ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. വിക്രം സാരാഭായ്  സ്‌പേസ് സെന്ററിൽ ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) വികസിപ്പിച്ചെടുത്ത സംഘത്തിൽ അദ്ദേഹമുണ്ടായിരുന്നു. തുടർന്നുള്ള മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം, ജിഎസ്‌എൽവി, പിഎസ്എൽവി, ജിഎസ്‌എൽവി മാർക്ക് ത്രീ തുടങ്ങി പല പ്രസ്റ്റീജ് പ്രോജക്ടുകളുടെയും ഭാഗമായി പ്രവർത്തിക്കുന്നു. അദ്ദേഹമാണ് വിഎസ്എസ്സിക്കുവേണ്ടി  6D ട്രജക്ടറി സിമുലേഷൻ സോഫ്റ്റ് വെയറായ 'സിതാര' വികസിപ്പിച്ചെടുക്കുന്നത്. ഐഎസ് ആർഓയുടെ എല്ലാ ലോഞ്ച് വാഹനങ്ങളുടെയും  റിയൽ ടൈം, നോൺ റിയൽ ടൈം ട്രജക്ടറി സിമുലേഷനുകൾക്കും ഉപയോഗിക്കുന്നത് ഈ സോഫ്റ്റ് വെയറാണ്. 

The struggles K Sivan endured to become a scientist and chief of ISRO

ചന്ദ്രയാൻ പദ്ധതി 95  ശതമാനവും വിജയമായി എന്നും ഏറെക്കുറെ അതിന്റെ ലക്ഷ്യങ്ങളെല്ലാം തന്നെ നിറവേറി എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാലും, തന്റെ കീഴിലുള്ള നൂറുകണക്കിന് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ അദ്ധ്വാനങ്ങൾ  അവസാനനിമിഷത്തെ എന്തോ സാങ്കേതിക തകരാറു മൂലം നൂറുശതമാനം വിജയമാവാത്തതിന്റെ സങ്കടമാണ് അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചത്.   വിശ്വസിച്ച് ഈ ദൗത്യം തന്നെ ഏൽപ്പിച്ച പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഒരു നിമിഷത്തേക്ക് മനോനിയന്ത്രണം വിട്ട് കരഞ്ഞു പോയതും, ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സമർപ്പണത്തെയും പ്രതീക്ഷകളെയും തന്നെയാണ് അടയാളപ്പെടുത്തുന്നത്. 

Follow Us:
Download App:
  • android
  • ios