Asianet News MalayalamAsianet News Malayalam

ലാസ് വേഗാസിലുള്ളത് നിയോൺ വെളിച്ചം തുളുമ്പുന്ന കാസിനോകൾ മാത്രമല്ല...!

പകലുമുഴുവനും നഗരത്തിന്റെ തിരക്കിൽ അദൃശ്യരായി കഴിഞ്ഞുകൂടി ഒടുവിൽ രാത്രി തളർന്നുറങ്ങാൻ വേണ്ടി ടണലിനുള്ളിലേക്ക് നൂണ്ടുകയറുന്ന ഈ ആയിരത്തോളം കുടുംബങ്ങൾക്ക്  നഗരം ഒരു ഓമനപ്പേര് നൽകി, " പെരുച്ചാഴികൾ.."  

The underworld of Las Vegas, tho moles of the flood tunnels
Author
Las Vegas, First Published Aug 23, 2019, 4:19 PM IST

ലാസ് വേഗാസിലെ കാസിനോകളിൽ ചൂതുകളിച്ച് പണം പൊടിക്കുന്നതിനെപ്പറ്റി പണ്ട് ആറാം തമ്പുരാനിലെ ജഗന്നാഥനോട് നന്ദകുമാർ പറയുന്നുണ്ട്. ലാസ് വെഗാസ് എന്ന അമേരിക്കൻ ഐക്യനാടുകളിലെ നെവാഡാ സ്റ്റേറ്റിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ നഗരം അവിടത്തെ നിയോൺ ലൈറ്റുകൾക്കും, പഞ്ചനക്ഷത്ര ഹോട്ടൽമുറികൾക്കും, നിമിഷനേരം കൊണ്ട് പതിനായിരക്കണക്കിന് ഡോളർ നേടാനും നഷ്ടപ്പെടുത്താനുമാകുന്ന കാസിനോകളുടെയും പേരിൽ വിശ്വപ്രസിദ്ധമാണ്.

ബെല്ലാജിയോ, മാൻഡലേ ബേ, എംജിഎം ഗ്രാൻഡ് തുടങ്ങിയ നിരവധി കാസിനോകളിൽ ആയിരക്കണക്കിന് റൂളറ്റ്, ബ്ലാക്ക് ജാക്ക്, പോക്കർ ടേബിളുകളിൽ ഓരോ രാത്രിയിലും മറിയുന്നത് കോടികളാണ്. എന്നാൽ ഈ ടേബിളുകൾക്കൊക്കെ വെറും 25 അടി മാത്രം താഴെയായി, പ്രളയമുണ്ടായാൽ വെള്ളം ഒഴുകിപ്പോകാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന ഫ്ളഡ് ടണലുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. മുകളിലെ  കാശിന്റെ മോടിയും, നിയോൺ ബൾബുകളുടെ പ്രഭയും ഒന്നുമില്ലാത്ത ഇരുൾ വീണ ഒരു അധോലോകമാണത്. ഇനി പറയാൻ പോവുന്നത്, ആ അധോലോകത്ത് അന്തിയുറങ്ങാൻ വിധിക്കപ്പെട്ട, ലാസ്‌വേഗാസ് നഗരത്തിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ദുരിത ജീവിതങ്ങളുടെ നേർ സാക്ഷ്യമാണ്. 
The underworld of Las Vegas, tho moles of the flood tunnels

ആഡംബരത്തിന്റെ പര്യായമാണ് ലാസ് വെഗാസ് എന്ന നഗരം. അക്ഷരാർത്ഥത്തിൽ, ഒരു ആഘോഷ നഗരിയാണത്. അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിലെ ജനങ്ങൾക് കയ്യിലുള്ള പണം പൊടിച്ചുകളയാൻ വേണ്ടി വരുന്ന ഇടം. നമ്മുടെ കയ്യിലുള്ള പണം, അതെത്രയായാലും തീർക്കാനുള്ള വകുപ്പ് ലാസ് വേഗാസിലുണ്ട്. ചൂതാട്ടമായാലും, ലക്ഷ്വറി ഹോട്ടൽവാസമായാലും, ലൈംഗികസുഖം തേടലായാലും അതിനൊക്കെയുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ലാസ് വെഗാസ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ മാടി വിളിക്കുന്നത്. വർഷത്തിൽ 400 കോടി ഡോളറാണ് ഇവിടെ ചെലവാക്കപ്പെടുന്നത്. എന്നാൽ,   ഈ നക്ഷത്ര പ്രഭയുള്ള നഗരത്തിന് ഇങ്ങനെ ദുരിതങ്ങളുടേതായ ഒരു അധോലോകം കൂടിയുണ്ട് എന്ന് പലർക്കുമറിയില്ല. അതേപ്പറ്റിയുള്ള വിവരം കഴിഞ്ഞ ആഴ്ച മാത്രമാണ് പുറത്താകുന്നത്. തീർത്തും യാദൃച്ഛികമായിട്ടാണ് ഇത് പുറത്തുവരുന്നത്. അമേരിക്കൻ പോൺ സ്റ്റാറായ ജെന്നി ലീ ഇത്തരത്തിൽ ഒരു  അധോലോക ടണലിൽ ആണ് താമസം എന്ന് ഒരു ഡച്ച് ഡോകുമെന്ററി ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരാണ്.

The underworld of Las Vegas, tho moles of the flood tunnels

ഇങ്ങനെ ടണലിനടിയിൽ ജീവിക്കേണ്ടി വരുന്നവർ നഗരത്തിന്റെ ഒരു കണക്കുകളിലും പെടുന്നവരല്ല.   പണിയെടുത്താലും കിട്ടുന്ന ശമ്പളം ആ ചെലവേറിയ നഗരത്തിൽ ഒരു വീട് വാടകയ്‌ക്കെടുക്കാൻ തികയില്ല. ഭക്ഷണത്തിനുള്ള വക ഒപ്പിക്കുമ്പോൾ തന്നെ കിട്ടുന്ന കാശ് തീരും. സ്ഥിരമായൊരു  ജോലിയില്ലാത്തവരാകട്ടെ ചവറുകൂനകൾ തപ്പിയും, കാസിനോകളുടെ പരിസരങ്ങളിൽ കറങ്ങിനടന്ന് ഭാഗ്യവാന്മാരായ ചൂതാട്ടക്കാരിൽ നിന്നും ടിപ്പുകൾ തരപ്പെടുത്തിയും ഒക്കെയാണ്  അരവയർ നിറക്കുന്നത്. പകലുമുഴുവനും നഗരത്തിന്റെ തിരക്കിൽ അദൃശ്യരായി കഴിഞ്ഞുകൂടി ഒടുവിൽ രാത്രി തളർന്നുറങ്ങാൻ വേണ്ടി ടണലിനുള്ളിലേക്ക് നൂണ്ടുകയറുന്ന ഈ ആയിരത്തോളം കുടുംബങ്ങൾക്ക്  നഗരം ഒരു ഓമനപ്പേര് നൽകി, " പെരുച്ചാഴികൾ.."  

The underworld of Las Vegas, tho moles of the flood tunnels

ഇവർക്കെല്ലാം പൊതുവായി ഒന്നുണ്ട്, മയക്കുമരുന്നിനോടുള്ള അടിമത്തം. ഭൂമിക്കടിയിൽ രാവണൻ കോട്ട പോലെ പടർന്നുപന്തലിച്ചു കിടക്കുന്ന ഈ അധോലോക ടണൽ ചേരി പല ചെറു കൂട്ടങ്ങളായി വിഭജിക്കപ്പെട്ടുകിടക്കുന്നു. ഹെറോയിന് അടിമപ്പെട്ടവർക്ക് ഒരു ചേരി, മെത്ത് അടിമകൾക്ക് മറ്റൊന്ന്, മരിജുവാനക്കാർക്ക് മറ്റൊന്ന് എന്നിങ്ങനെ. എന്നാൽ അത്ര സുഖദമല്ല ഈ അധോജീവിതം. ശരിക്കുള്ള പെരുച്ചാഴിയുടെ മേച്ചിൽപ്പുറങ്ങളാണ് ഈ ടണലുകൾക്കകം. പ്രളയജലം ഒലിച്ചുപോകാൻ വേണ്ടി എൺപതുകളിൽ നിർമിച്ച ടണലിനുള്ളിൽ എന്ത് ധൈര്യത്തിലാണ് ഇവർ കഴിയുന്നതെന്നാവും. നെവാഡ ഒരു മരുപ്രദേശമാണ്. വളരെ കുറച്ചുമാത്രം മഴപെയ്യുന്ന ഒരു നാട്. ഇവിടെ പ്രളയം പോയിട്ട് വേണ്ടത്ര മഴപോലും പെയ്യുക പതിവില്ല. എന്നാൽ വളരെ അപൂർവമായി മാത്രം അതും സംഭവിച്ചിട്ടുണ്ട്. 2016-ൽ ഒറ്റരാത്രികൊണ്ട് പ്രളയമഴ പെയ്തിറങ്ങിയപ്പോൾ രണ്ടു പേര് മരിക്കുകയും ഉണ്ടായിട്ടുണ്ട്. 

The underworld of Las Vegas, tho moles of the flood tunnels

വീടില്ലാത്തവരായിട്ടും തെരുവിൽ മറ്റുള്ളവരുടെ കണ്മുന്നിൽ കിടക്കേണ്ടിവരുന്നില്ല എന്നതാണ് ഇങ്ങനെ താമസിക്കുന്ന പലരും ഒരു സൗകര്യമായി കാണുന്നത്. മുകളിലെ തെരുവുകളിൽ നിന്നുള്ള അതിശക്തമായ വെളിച്ചത്തിന്റെ ഒരു ഭാഗം താഴെ ടണലിലേക്കും അരിച്ചരിച്ചു വരാറുണ്ട്. ടണലിനുള്ളിലെ ചുവരുകളിൽ നിറയെ ഗ്രാഫിറ്റി ചിത്രങ്ങളാണ്. അവരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ. 

Follow Us:
Download App:
  • android
  • ios