എന്നാലിനി ഒരു കഥപറയാം. ഉറക്കം വരാത്ത രാത്രികളിൽ അമ്മമാർ മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന നാടോടിക്കഥകൾ പോലൊന്നല്ല. ശരിക്കും നടന്ന ഒരു കഥ. ഒരു മുത്തശ്ശിയുടെ കഥ. ആ മുത്തശ്ശി തന്റെ സമ്പാദ്യമെല്ലാം ആയിരം രൂപയുടെ നോട്ടുകളാക്കി, തന്റെ ആമാടപ്പെട്ടിയിലടച്ച് സൂക്ഷിച്ചിരുന്നു. എന്നാൽ, ഒരു രാത്രി, നാട് ഭരിക്കുന്ന പ്രധാനമന്ത്രി തന്റെ പെട്ടിയിൽ വിശ്രമിക്കുന്ന നോട്ടുകളൊക്കെയും നിരോധിച്ച കാര്യം ആ പാവമറിഞ്ഞില്ല. ആ നോട്ടുകൾ എവിടുന്ന് കിട്ടി എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തി മാറ്റിയെടുക്കാനുള്ള സമയപരിധി കഴിയും വരെയും അറിഞ്ഞതേയില്ല ആ പാവം അതേപ്പറ്റി. അവർക്ക് തുടർന്നങ്ങോട്ട് കഴിഞ്ഞുകൂടാൻ ആകെയുണ്ടായിരുന്നത്‌ ആ പണം മാത്രമായിരുന്നു. അത് മാറിയെടുക്കാൻ അവർക്കായില്ല. ഒടുവിൽ, അവർ മരിച്ചു. ആ പണം ആരും ഒരിക്കലും മാറിയെടുത്തില്ല. ഇത് ആ മുത്തശ്ശിയുടെ കഥയാണ്. പാഴ്ക്കടലാസിന്റെ വിലപോലുമില്ലാതെയായിപ്പോയ അവരുടെ ആജീവനാന്തസമ്പാദ്യത്തിന്റെ കഥയാണ്. ഒരുപക്ഷേ, നോട്ടു നിരോധനത്തിന്റെ ഏറ്റവും വൈകാരികമായ ഓർമ്മകളിലൊന്നും ഇതുതന്നെയാവും...

എറണാകുളത്താണ് ഈ കഥ നടക്കുന്നത്. മുത്തശ്ശിയുടെ പേര് സതീബായ്. വരാപ്പുഴ ദേവസ്വം പാടത്ത് വീട്ടിൽ ഭഗവതിപറമ്പിൽ സതീബായി. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരിയായിരുന്ന അവർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയിട്ട് രണ്ടുപതിറ്റാണ്ടു കഴിഞ്ഞിരുന്നു. സ്വസ്ഥമായ ആ വിശ്രമജീവിതത്തിലേക്കാണ് നോട്ടുനിരോധനത്തിന്റെ കരിനിഴൽ വന്നു വീഴുന്നത്. 

എഴുപത്താറു വയസ്സുള്ള ആ മുത്തശ്ശി എല്ലാ ഒന്നാം തീയതിയും പെൻഷൻ വരുമ്പോൾ ട്രഷറിയിൽ പോയി ആ പണം വാങ്ങും. അതുകൊണ്ട് കാര്യങ്ങളെല്ലാം മുട്ടില്ലാതെ നടന്നുപോകും. പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത ഒരു ജീവിതമായിരുന്നു അവരുടേത്. പെൻഷൻ പറ്റിയ സമയത്ത് കിട്ടിയ പത്തുലക്ഷത്തിൽ അവശേഷിച്ചിരുന്ന നാലുലക്ഷം അവർ ആയിരം രൂപാ നോട്ടിന്റെ കെട്ടുകളാക്കി തന്റെ പണപ്പെട്ടിക്കുള്ളിൽ പൂട്ടിവെച്ചിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഭർത്താവിന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അതിനുശേഷം അവരുടെ ജീവൻ തന്റെ ഏക മകളായിരുന്നു. മകളും അകാലത്തിൽ മരണപ്പെട്ടതിനു ശേഷം  പുറംലോകത്തോടുള്ള സതീബായിയുടെ അകൽച്ച പതിന്മടങ്ങായി. 

അങ്ങനെയിരിക്കെ, നവംബറിൽ കേന്ദ്രം നോട്ടുനിരോധിച്ചു. നിർഭാഗ്യവശാൽ അത് സതീബായി അറിഞ്ഞില്ല. അവർ തന്റെ വാർദ്ധക്യത്തിന്റെ അന്ത്യപാദത്തിലെ ദിനങ്ങൾ സ്വന്തം വീട്ടിനുള്ളിൽ അടച്ചിരുന്നു കഴിച്ചുകൂട്ടുകയായിരുന്നു. സ്വന്തം മരണത്തെ കാത്തിരിക്കുകയായിരുന്നു. മറ്റൊന്നിനെപ്പറ്റിയും അവർക്ക് അറിയാൻ താത്പര്യമില്ലായിരുന്നു. നാടൊട്ടുക്കും ജനം പണത്തിനായി പരക്കം പായുകയും, ക്യൂ നിൽക്കുകയും ഒക്കെ ചെയ്തപ്പോഴും സതീബായി മാത്രം ഒന്നുമറിഞ്ഞില്ല. പണം മാറാനുള്ള അവസാനദിവസങ്ങളിൽ പലതും അവരറിയാതെ കടന്നുപോയി. ഒന്നും അവർ അറിഞ്ഞതേയില്ല. ഒടുവിൽ  ജനുവരി അവസാന വാരത്തിലാണ് സതീബായി ഏറെനാൾ കൂടി ഒന്ന് പുറത്തേക്കിറങ്ങുന്നത്. അടുക്കളയിലെ പലചരക്കുസാധനങ്ങൾ തീർന്നിരുന്നു. 

കടയിൽ ചെന്ന് സാധനങ്ങളൊക്കെ പൊതിഞ്ഞു കെട്ടിയ ശേഷം ആയിരത്തിന്റെ നോട്ടെടുത്ത് കടയുടമയ്ക്കു നേരെ നീട്ടിയപ്പോൾ അയാൾ സതീബായിയോട് ഇതിവിടെ എടുക്കില്ല എന്ന് പറഞ്ഞു. രാജ്യത്ത് ഈ നോട്ടുതന്നെ നിരോധിച്ചു എന്ന് കടക്കാരൻ പറഞ്ഞപ്പോൾ അതവർക്ക് തീരെ വിശ്വാസമായില്ല. തന്നെ കടക്കാരൻ പറ്റിക്കാൻ ശ്രമിക്കുകയാവും എന്ന് കരുതി അയാളെ കുറെ ചീത്തയും പറഞ്ഞുകൊണ്ട് അവർ അടുത്ത കടയിൽ ചെന്ന് വീണ്ടും ആയിരത്തിന്റെ നോട്ടെടുത്ത് കൊടുത്തു നോക്കി. അയാളും ആദ്യത്തെ കടക്കാരന്റെ മറുപടി ആവർത്തിച്ചപ്പോൾ അവർക്ക് ആകെ തലചുറ്റുന്ന പോലെ തോന്നി. കാരണം, വീട്ടിൽ ആയിരത്തിന്റെ നോട്ടായി ഇരിക്കുന്നത് നാലുലക്ഷം രൂപയാണ്. 

നേരെ വീട്ടിലേക്ക് പാഞ്ഞു ചെന്ന സതീബായി വീട്ടിലിരുന്ന പണമെല്ലാം കൂടെ ഒരു ബാഗിലാക്കി നേരെ ബാങ്കിലേക്ക് വച്ചുപിടിച്ചു. എന്നും പണമിടപാടുകൾക്കായി ആശ്രയിച്ചിരുന്ന കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലേക്ക്. അവിടെ മാനേജരുടെ മുറിയിലേക്ക് ചെന്ന് തന്റെ ബാഗു തുറന്ന് നോട്ടുകെട്ടുകൾ കാണിച്ച് അവർ അദ്ദേഹത്തോട് ചോദിച്ചു, "സാർ, ഞാൻ ഇതിനെ ഒന്നു മാറ്റിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്..?" ''അങ്ങനെ മാറ്റാവുന്ന സമയമൊക്കെ കഴിഞ്ഞുപോയല്ലോ മുത്തശ്ശീ" എന്ന് ബാങ്കുമാനേജർ തന്റെ നിസ്സഹായാവസ്ഥ അവരെ അറിയിച്ചു. ഇനി NRI അക്കൗണ്ടുകളിൽ മാത്രമേ പണം മാറ്റിക്കൊടുക്കുന്നുള്ളൂ എന്ന് പറഞ്ഞ മാനേജരോടും അവർ തട്ടിക്കയറി. അവരെ സഹായിക്കണമെന്ന് ബാങ്കിനുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും നടന്നില്ല. 

നോട്ടുനിരോധനത്തെത്തുടർന്ന് പണം കയ്യിൽ മാറ്റാനാവാതെ കുടുങ്ങിയ വാർത്തയറിഞ്ഞ് പഞ്ചായത്തംഗം പോളി ടിപി അടക്കം പലരും അവരെ സന്ദർശിച്ച്, ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് അവരുടെ  പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചു. അവർ ചെന്നൈ വരെ പോയി ശ്രമിച്ചു എങ്കിലും, ആ ശ്രമങ്ങളൊന്നും തന്നെ വിജയം കണ്ടില്ല. അതിനിടെ ഗുരുതരമായ കിഡ്‌നി രോഗം ബാധിച്ച് അവർ എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്മിറ്റാക്കപ്പെട്ടു. 2017  ഓഗസ്റ്റ് 17 -ന്  രാത്രി, തന്റെ ആജീവനാന്ത സമ്പാദ്യം നഷ്ടമായ വ്യഥയും ഉള്ളിൽ പേറിക്കൊണ്ടുതന്നെ ആ മുത്തശ്ശി അസുഖം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങി. 

അവരുടെ കയ്യിൽ ചികിത്സയ്ക്കുള്ള പണം അവശേഷിച്ചിരുന്നില്ല. ആ നാലുലക്ഷം മാറ്റിയെടുക്കാൻ സാധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറേക്കൂടി നല്ലൊരാശുപത്രിയിൽ ചികിത്സതേടാൻ അവർക്കായിരുന്നേനെ. ചിലപ്പോൾ അവർ കുറേക്കാലം കൂടി ജീവിച്ചിരുന്നേനെ. അവരെ സഹായിക്കുന്നതിന് പകരം നാട്ടിലെ പൊലീസ് ആകെ ചെയ്തത്, ആ പണം കള്ളപ്പണമെന്നു കണ്ടെത്തി പിടിച്ചെടുക്കുക മാത്രമാണ്. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ അലമാരയിൽ സുരക്ഷിതമായി വെച്ചിരുന്ന പണം പൊലീസ് കസ്റ്റഡിയിലായി ഒടുവിൽ. 

നോട്ടുനിരോധനം എന്ന നടപടി ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമ്പോൾ ഒപ്പം സതീബായിയുടെ ഈ അനുഭവവും രേഖപ്പെടുത്തപ്പെടണം. കള്ളപ്പണം പിടിച്ചെടുത്ത കൂട്ടത്തിൽ  പല വൃദ്ധരുടെയും സമ്പാദ്യങ്ങളും കണ്ടുകെട്ടപ്പെട്ടിട്ടുണ്ടാവും. അവരാരും തന്നെ നാട്ടിൽ ഇങ്ങനെ നോട്ടുനിരോധനം എന്നൊരു സംഭവം തന്നെ നടന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. അതൊക്കെയും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ടാകും. ഒരുപക്ഷേ, നോട്ടുനിരോധനത്തിന്റെ ഗുണഫലങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടിട്ടുമുണ്ടാകും.