ഋഷികേശിൽ വെച്ച് ഒരു ഓസ്‌ട്രേലിയൻ സഞ്ചാരി പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുലർച്ചെ റോഡ് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച്, ഇന്ത്യയുടെ മോശം വശങ്ങൾ മാത്രം ചിത്രീകരിച്ച് ശ്രദ്ധ നേടുന്ന സഞ്ചാരികളെ അവർ വിമർശിച്ചു.
ഇന്ത്യയിലെ ഋഷികേശിൽ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ ഒരു ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരിയായ യുവതി ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പുലർച്ചെ ഒരു ശുചീകരണ തൊഴിലാളി റോഡരികിലെ ഓട വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് അവർ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഇന്ത്യയുടെ നെഗറ്റീവ് ദൃശ്യങ്ങൾ മാത്രം എടുത്തു കാണിക്കുന്ന വിനോദ സഞ്ചാരികളെയാണ് അവർ വീഡിയോയിലൂടെ വിമർശിക്കുന്നത്.
മോശം റീലുകൾ
ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഇന്ത്യ സന്ദർശിക്കുന്ന നിരവധി ആളുകൾ രാജ്യം എത്രത്തോളം "മോശമാണ്" എന്ന് കാണിക്കുന്ന റീലുകൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും, എന്നാൽ, അതിരാവിലെ നടക്കുന്ന തെരുവു വൃത്തിയാക്കൽ ചിത്രീകരിക്കുന്നത് വളരെ കുറവാണെന്നും ഈ യുവതി കുറിച്ചു. അവരുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്: “ഇന്ത്യയുടെ ഏറ്റവും മോശമായ വശം മാത്രം കാണിക്കാനാണ് ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ വരുന്നത്. ലൈക്കുകൾ നേടുന്നതിനും, കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിനും വേണ്ടിയാണ് അവർ ഇത് ചെയ്യുന്നത്."
നല്ല അനുഭങ്ങൾ
മാലിന്യം ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും ഇന്ത്യക്ക് പരിഹരിക്കേണ്ടതായ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചില്ലെങ്കിലും, അത് രാജ്യത്തെ അപമാനിക്കുന്നതിനായി ചിത്രീകരിക്കാനുള്ള കാരണമായി എടുക്കരുതെന്നും അവർ ഊന്നിപ്പറഞ്ഞു. ഇത്തരത്തിൽ ഒരു സമൂഹ മാധ്യമ കുറിപ്പ് പങ്കുവെച്ചതിന് നിരവധി ആളുകളാണ് അവരോട് നന്ദി പറഞ്ഞത്. മറ്റ് ചിലർ യാത്രക്കാർ പ്രധാന നഗരങ്ങൾക്കപ്പുറത്തേക്ക് സന്ദർശിക്കുമ്പോഴാണ് ഇന്ത്യയുടെ വൈവിധ്യത്തെ പൂർണ്ണമായി അഭിനന്ദിക്കാൻ കഴിയുകയെന്ന് അഭിപ്രായപ്പെട്ടു. “എന്‍റെ രാജ്യത്തിന്‍റെ നല്ല വശം കാണിച്ചതിന് നന്ദി." എന്നായിരുന്നു ഒരു കുറിപ്പ്. ഏതായാലും കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തു.
