ചില വെറ്ററിനറി മരുന്നുകൾ ഉപയോഗിച്ച ശേഷവും മരിച്ച് പോകുന്ന കന്നുകാലികളെ ഭക്ഷിച്ച കഴുകന്മാരും മരിച്ച് വീണു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായപ്പോഴാണ് സംരക്ഷണ നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്യജീവി സംരക്ഷണത്തിനായി സുപ്രധാന നിരവധി നടപടികളാണ് മധ്യപ്രദേശ് സംസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റിപ്പോർട്ടുകൾ പ്രകാരം ആ നടപടികൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. സംസ്ഥാനം വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതികൾ ഫലം കണ്ടതിനെ തുടർന്ന് ഇപ്പോൾ ഇവിടെ കഴുകന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 -ലാണ് മധ്യപ്രദേശിൽ കഴുകന്മാരെ സംരക്ഷിക്കുന്നതിനായി പ്രത്യേക സംരക്ഷണ പദ്ധതി ആരംഭിച്ചത്. 2025 -ലെ ഏറ്റവും പുതിയ സെൻസസ് പ്രകാരം കഴുകന്മാരുടെ എണ്ണം 2019 -ൽ 8,397-ആയിരുന്നത് 2025 -ൽ 12,981 -ലേക്ക് ഉയർന്നിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ 19 വരെ നടന്ന ആദ്യഘട്ട സെൻസസിലാണ് ഈ വർദ്ധനവ് കണ്ടെത്തിയത്. രണ്ടാംഘട്ട സെൻസസ് ഏപ്രിൽ 29 -ന് നടക്കും. കഴുകന്മാരുടെ എണ്ണത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വർദ്ധനവ് വർഷങ്ങളായി നടപ്പിലാക്കി വരുന്ന സംരക്ഷണ നടപടികളുടെ ഫലമാണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന 9 ഇനം കഴുകന്മാരിൽ ഏഴ് ഇനവും മധ്യപ്രദേശിലാണ് ഉള്ളത്. ഇന്ത്യൻ ലോംഗ് ബിൽഡ് വുൾച്ചർ, വൈറ്റ്-റമ്പ്ഡ് വുൾച്ചർ, ഈജിപ്ഷ്യൻ കഴുകൻ, ചുവന്ന തലയുള്ള കഴുകൻ എന്നീ നാല് ഇനങ്ങളും ഹിമാലയൻ ഗ്രിഫൺ, യുറേഷ്യൻ ഗ്രിഫൺ, സിനറിയസ് വുൾച്ചർ എന്നീ മൂന്ന് ദേശാടന സ്പീഷീസുകളും ഇതിൽ ഉൾപ്പെടുന്നു.
രോഗബാധയെ തുടർന്ന് ചികിത്സയുടെ ഭാഗമായി ഡിക്ലോഫെനാക് എന്ന വെറ്ററിനറി മരുന്ന് ഉപയോഗിക്കുകയും എന്നാൽ, പിന്നീട് ചത്തു പോവുകയും ചെയ്ത കന്നുകാലികളുടെ ശവശരീരങ്ങൾ ഭക്ഷിച്ച കഴുകന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്നാണ് രാജ്യത്ത് കഴുകന്മാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായത്. ഒടുവിൽ 2006 -ൽ ഇന്ത്യൻ ഗവൺമെന്‍റ് വെറ്ററിനറി ആവശ്യങ്ങൾക്കായി ഡിക്ലോഫെനാക് നിരോധിച്ചത് കഴുകന്മാരുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ വലിയ വഴിത്തിരിവായി. അതിനോടൊപ്പം തന്നെ നടന്നുവന്ന, ആവാസവ്യവസ്ഥയുടെ സംരക്ഷണവും ബോധവൽക്കരണ പരിപാടികളും പോലുള്ള സംരംഭങ്ങളും കഴുകന്മാരുടെ ക്രമാനുഗതമായ വീണ്ടെടുക്കലിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചത്ത മൃഗങ്ങളെ ഭക്ഷിക്കുകയും അതുവഴി രോഗങ്ങൾ പടരുന്നത് തടയുകയും ചെയ്യുന്നതിലൂടെ ആവാസവ്യവസ്ഥയിൽ കഴുകന്മാർ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ഇവ സജീവ പങ്കാളികളാണ്. അതുകൊണ്ടുതന്നെ കഴുകന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിൽ മധ്യപ്രദേശിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ ആശ്വാസകരമാണ്.
