Asianet News MalayalamAsianet News Malayalam

അരച്ചപ്പാത്തിയുമായി വൈകുന്നേരം വരെ കഴിയേണ്ടി വന്നവര്‍, ​ഗ്രാമത്തിന്റെ ഭാവിതന്നെ മാറ്റാൻ നാലുപെണ്‍കുട്ടികള്‍

കാമ്പയിന്‍ സമയത്താണ് ഈ നാല് പെണ്‍കുട്ടികളും ഒരു കാര്യം മനസിലാക്കിയത്. മുസാഹര്‍ സമുദായത്തില്‍ നിന്നായി 216 കുട്ടികളാണ് പഠനം പാതിവഴിയിലുപേക്ഷിച്ചത്. അതില്‍ 103 ആണ്‍കുട്ടികളും 113 പെണ്‍കുട്ടികളുമാണ് ഉള്ളത്. 

these four girls fought for education
Author
Uttar Pradesh, First Published Sep 6, 2021, 2:10 PM IST

റിങ്കു കുമാരി, നിഷ, പുനീത, പിങ്കി കുമാരി അതാണ് ആ നാലുപെൺകുട്ടികളുടെ പേര്. വളരെ പിന്നോക്കം നിന്ന ഒരു ​ഗ്രാമത്തെ പുതിയ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പരിശ്രമിച്ച നാല് പെൺകുട്ടികൾ. കടുത്ത ദാരിദ്ര്യവും ലിംഗപരമായ വിവേചനവും അനുഭവിക്കുന്ന നാടായിരുന്നു അവരുടേത്. വിദ്യാഭ്യാസം അതുകൊണ്ട് തന്നെ പലര്‍ക്കും അപ്രാപ്യവും ആയിരുന്നു. ആ അവസ്ഥയ്ക്കാണ് ഇപ്പോൾ മാറ്റമായിരിക്കുന്നത്. 

'സമുദായ കല്യാൺ ഏവം വികാസ് സന്സ്ഥാൻ' എന്ന ഒരു പ്രാദേശിക എൻ‌ജി‌ഒ പിന്തുണയോടെ ഈ യുവ സന്നദ്ധപ്രവർത്തകർ തുല്യ അവസരത്തിനായി വാദിക്കുകയും യുവതലമുറയെ ശാക്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന കുശിനഗർ, ഇപ്പോൾ സാമൂഹിക പരിവർത്തനത്തിന്റെ ഒരു മാതൃകാ ഉദാഹരണമായി ഉയർന്നുവന്നിരിക്കുകയാണ്. 

(ചിത്രം പ്രതീകാത്മകം)

"ഈ പ്രദേശത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസി വിഭാഗമായ മുസഹർ സമുദായത്തിൽ നിന്നാണ്. അങ്ങേയറ്റം പാർശ്വവത്കരിക്കപ്പെട്ട ഈ സമൂഹം പതിറ്റാണ്ടുകളായി കഷ്ടപ്പെടുകയാണ്. അവർക്ക് കൃഷിചെയ്യാൻ ഭൂമിയോ കൂടുതൽ വിദ്യാഭ്യാസമോ ഇല്ല. അവരുടെ വീടുകൾ പണിത ഭൂമി പോലും അവർക്ക് അവകാശപ്പെട്ടതല്ല. ചരിത്രപരമായി അവർ അറിയപ്പെടുന്നത് തന്നെ 'എലിയെ പിടിക്കുന്ന' സമൂഹം എന്നാണ്. ദാരിദ്ര്യത്തിന്റെ തീവ്രത കാരണം അവർ എലികളെ ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. ഇതും സമുദായത്തോടുള്ള പാർശ്വവൽക്കരണത്തിലും വിവേചനത്തിനും കാരണമായിട്ടുണ്ട് എന്ന് ഈ പ്രദേശത്ത് വർഷങ്ങളായി പ്രവർത്തിച്ച് അനുഭവപരിചയമുള്ള പ്രാദേശിക സാമൂഹിക പ്രവർത്തകനായ അമർനാഥ് പറയുന്നു. 

2009 -ൽ മുസഹർ സമുദായത്തെ ശാക്തീകരിക്കാൻ അദ്ദേഹം SKVS- നോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ, താമസിയാതെ ജാതിപരമായ വിവേചനത്തോടൊപ്പം ലിംഗാധിഷ്ഠിത വിവേചനവും താഴ്ന്ന സാക്ഷരതയും അവരെ അലട്ടുന്നുവെന്ന് അദ്ദേഹത്തിന് മനസിലായി. ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുമ്പ്, കുശിനഗറിലെ  40,000 ആളുകളിൽ ഏകദേശം 4,000 പേർക്ക് മാത്രമേ എട്ടാം ക്ലാസില്‍ കൂടുതൽ പഠിക്കാനായുള്ളൂ എന്ന് SKVS കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളെ, പ്രത്യേകിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു പ്രാദേശിക ഇടപെടൽ അതുകൊണ്ട് തന്നെ അവിടെ വളരെ അത്യാവശ്യമായിരുന്നു. 

"വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനും സാമൂഹിക സമത്വം കൈവരിക്കാനും SKVS സ്വീകരിച്ച രണ്ട് വഴികളാണ്" SKVS പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിക്കുന്ന അമർനാഥ് പറയുന്നു. ദളിത് സ്ത്രീകളുടെ നേതൃത്വത്തിൽ, കുശിനഗർ ആസ്ഥാനമായുള്ള ഈ സന്നദ്ധ സംഘടന ഭൂമിയിന്മേലുള്ള അവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് വേണ്ടി വാദിച്ചു. 

ഇന്ന്, ഷാഹ്പൂർ ഖൽവാപട്ടി, മിശ്രോളി ഗ്രാമങ്ങളിലുടനീളമുള്ള പെൺകുട്ടികൾ റിങ്കു, നിഷ, പുനീത, പിങ്കി എന്നിവരെ മാതൃകയാക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, പെൺകുട്ടികൾക്ക് മെച്ചപ്പെട്ടതും തുല്യവുമായ ഭാവി ഉറപ്പാക്കാൻ വേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക അസമത്വത്തിനെതിരെ അവർ പോരാടി എന്നത് കൊണ്ട് തന്നെ. എസ്കെഎസ്‍വി -യുടെ പിന്തുണയോടെ അവര്‍ പെണ്‍കുട്ടികളുടെ ഒരു ഗ്രൂപ്പുണ്ടാക്കുകയും കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി 'സ്കൂള്‍ ചലോ അഭിയാന്‍' പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. പ്രദേശത്തെ പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഇത് സഹായിച്ചു. 

കാമ്പയിന്‍ സമയത്താണ് ഈ നാല് പെണ്‍കുട്ടികളും ഒരു കാര്യം മനസിലാക്കിയത്. മുസാഹര്‍ സമുദായത്തില്‍ നിന്നായി 216 കുട്ടികളാണ് പഠനം പാതിവഴിയിലുപേക്ഷിച്ചത്. അതില്‍ 103 ആണ്‍കുട്ടികളും 113 പെണ്‍കുട്ടികളുമാണ് ഉള്ളത്. പെണ്‍കുട്ടികള്‍ മിക്കവാറും വിവാഹിതരാവുകയോ വീട്ടുപണിക്ക് പോവുകയോ ആണ് ചെയ്യുന്നത്. അവരെ വിദ്യാഭ്യാസവും ജോലിയും നേടാന്‍ ബോധവല്‍ക്കരിക്കുകയാണ് സംഘടന ചെയ്തത്. പലപ്പോഴും രക്ഷിതാക്കള്‍ക്ക് അത് അംഗീകരിക്കാനായില്ല. എന്നാല്‍, ഈ നാല് യുവതികളും ചേര്‍ന്ന് പ്രദേശത്തെ കുട്ടികളുടെ മാതാപിതാക്കളെ ബോധവല്‍ക്കരിച്ചു. അങ്ങനെ വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്കെത്തി. 

ഇന്ന് വിദ്യാഭ്യാസത്തിലൂടെ പുതിയൊരു സാമൂഹിക മുന്നേറ്റത്തിലേക്ക് നടക്കാനൊരുങ്ങുകയാണ് ഈ ഗ്രാമങ്ങള്‍. അതിനവർ റിങ്കു കുമാരി, നിഷ, പുനീത, പിങ്കി കുമാരി എന്നീ നാല് യുവതികളോടും നന്ദി പറയുന്നു. 

Follow Us:
Download App:
  • android
  • ios