എന്നാൽ, കുറച്ച് നാൾ കണ്ടുമുട്ടുകയും പ്രേമം പങ്കിടുകയും ഒക്കെ ചെയ്തുവെങ്കിലും പിന്നീട് ഇരുവരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചു.

പ്രണയത്തിന് ഒരിക്കലും കാലമോ ദേശമോ ഒന്നും തടസമല്ല എന്നാണ് പറയാറ്. എവിടെ വച്ചും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ ജോൺ ഗാൽസ്വർത്തി പറഞ്ഞത്, - “പ്രണയത്തിന് പ്രായമില്ല, പരിധിയില്ല; കൂടാതെ മരണവുമില്ല“ എന്നാണ്. അത് തെളിയിക്കുന്ന ഒരു സംഭവമാണ് ഇതും. 

93 വയസുള്ള അവിവാഹിതനായ ഒരാൾ തന്റെ 83 വയസുള്ള കാമുകിയെ വിവാഹം ചെയ്യാൻ പോകുന്നു. എന്നാൽ, അതിൽ വേറൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ സ്ത്രീയെ 64 വർഷങ്ങൾക്ക് മുമ്പ് ഒരു പാർട്ടിയിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്. 

ന്യൂജേഴ്‌സിയിൽ നിന്നുള്ള, ജോസഫ് പൊട്ടൻസാനോ, മേരി എൽകിൻഡ് എന്നിവരാണ് പ്രണയത്തിന് പ്രായമൊന്നും ഒരു തടസമല്ലെന്ന് തെളിയിക്കുന്ന ആ ദമ്പതികൾ. ജോസഫ് ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. ജോസഫും മേരിയും തമ്മിലുള്ള പ്രണയകഥ 64 വർഷങ്ങൾക്ക് മുമ്പ് 1959 -ലാണ് സംഭവിക്കുന്നത്. അന്ന് പാരാമസിൽ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിന്റെ സമയത്താണ് മേരിയെ താൻ കണ്ടുമുട്ടിയത് എന്ന് ജോസഫ് പറയുന്നു. 

എന്നാൽ, കുറച്ച് നാൾ കണ്ടുമുട്ടുകയും പ്രേമം പങ്കിടുകയും ഒക്കെ ചെയ്തുവെങ്കിലും പിന്നീട് ഇരുവരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചു. റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ ഒരു ബാലെ നർത്തകിയായി കരിയർ തുടരുക എന്നതായിരുന്നു മേരിയുടെ സ്വപ്നം. അവൾ അതിന് പിന്നാലെ സഞ്ചരിച്ചു. അതേസമയം ജോസഫ് സൈന്യത്തിൽ ചേരാനും തീരുമാനിച്ചു. 

പിന്നീട്, 1962 -ൽ മേരി മറ്റൊരാളെ വിവാഹം കഴിക്കുകയും അതിൽ മൂന്ന് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. മേരിയുടെ വിവാഹത്തിലും കുടുംബത്തിൽ നടന്ന പല ചടങ്ങുകളിലും ജോസഫ് പങ്കെടുത്തിട്ടുണ്ട്. പിന്നീട്, പല സ്ത്രീകളെയും ജോസഫ് പ്രേമിച്ചു നോക്കി, എങ്കിലും എന്തോ ഒന്ന് അതിലെല്ലാം മിസ്സിം​ഗ് ആയിരുന്നു. അവരാരും മേരിക്ക് പകരമായില്ല. 

പിന്നീട്, മേരിയുടെ ഭർത്താവ് മരിച്ച് ഒമ്പത് വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിൽ വച്ച് മേരിയും ജോസഫും വീണ്ടും കണ്ടുമുട്ടി. അന്ന് ഇരുവരും ഇനി പിരിയില്ല എന്ന് തീരുമാനമെടുത്തിരുന്നു. അങ്ങനെ, ഈ വർഷം ഒക്ടോബർ 15 -ന് വിവാഹം കഴിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ് ഇരുവരും.