നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ചു കൊണ്ടുപോകുവാനായി കയ്യിൽ കരുതിയിരുന്ന വസ്തുക്കളും പോലീസ് തൊണ്ടിമുതലായി പിടിച്ചെടുത്തു.

മോഷണത്തിനിടയിൽ കള്ളന്മാർക്ക് പറ്റുന്ന അബദ്ധങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജാർഖണ്ഡിലെ നോമുണ്ടിയിൽ നിന്ന് അത്തരത്തിൽ ഒരു സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മോഷ്ടിക്കാനായി ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും അടക്കം തനിക്ക് വേണ്ടതെല്ലാം എടുത്തു. പക്ഷേ മോഷണത്തിനിടയിൽ അല്പസമയം ഉറങ്ങാൻ കിടന്നു. പിന്നീട് കണ്ണ് തുറന്നത് രാവിലെ പൂജാരി വന്ന് തട്ടി വിളിച്ചപ്പോഴാണ്. പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ, പൂജാരിയും നാട്ടുകാരും ചേർന്ന് ആളെ ഭദ്രമായി പോലീസിന് കൈമാറി.

വീർ നായക് എന്ന യുവാവാണ് മോഷണത്തിനായി ക്ഷേത്രത്തിനുള്ളിൽ കയറിയത്. ക്ഷേത്രത്തിൽ കയറിയ ഉടൻതന്നെ തനിക്ക് വേണ്ടതെല്ലാം അയാൾ ഭദ്രമായി എടുത്തുവച്ചു. പക്ഷേ, അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ആളൊന്നു മയങ്ങി. പിറ്റേദിവസം നേരം പുലർന്നപ്പോൾ പതിവുപോലെ പൂജാരി അമ്പലത്തിൽ എത്തി. അപ്പോഴാണ് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻതന്നെ പൂജാരി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൂജാരിയും ചേർന്ന് തട്ടി വിളിച്ചപ്പോഴാണ് കള്ളൻ ഉണരുന്നത്. കണ്ണുതുറന്ന കള്ളൻ കാണുന്നതാകട്ടെ തനിക്ക് ചുറ്റിനും കൂടി നിൽക്കുന്ന നാട്ടുകാരെയും പൂജാരിയെയും.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ചു കൊണ്ടുപോകുവാനായി കയ്യിൽ കരുതിയിരുന്ന വസ്തുക്കളും പോലീസ് തൊണ്ടിമുതലായി പിടിച്ചെടുത്തു. മോഷ്ടിച്ച വസ്തുക്കളുമായി പോലീസിനൊപ്പം അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന കള്ളന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

Scroll to load tweet…

മോഷണത്തിന് കയറുന്നതിനു മുൻപ് സുഹൃത്തുക്കളോടൊപ്പം താൻ മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് അമ്പലത്തിലെത്തിയതും ഉറങ്ങിപ്പോയത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ക്ഷേത്രത്തിൻറെ പൂട്ടു തകർത്താണ് ഇയാൾ അകത്തു കയറിയത്. മോഷ്ടിച്ച വസ്തുക്കളെല്ലാം തനിക്ക് അരികിലായി തന്നെ ഒരു ബാഗിൽ ഭദ്രമായി വച്ചാണ് കക്ഷി കിടന്നുറങ്ങിയത്.

പോലീസ് റിപ്പോർട്ട് അനുസരിച്ച്, നായക് അമ്പലത്തിൽനിന്ന് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, ദേവിയുടെ കിരീടം എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ആണ് ശേഖരിച്ചു വെച്ചിരുന്നത്. ബരാജംഡ ഒപി ഇൻ-ചാർജ് ബലേശ്വർ ഒറാവോൺ ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ, മോഷണശ്രമം നടത്തിയതായി പ്രതി സമ്മതിച്ചു, എന്നാൽ എപ്പോൾ താൻ ഉറങ്ങിപ്പോയെന്ന് കൃത്യമായി അറിയില്ല എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.