മാവോ സേ തുംഗിന്റെ കോടികള്‍ വിലമതിക്കുന്ന കൈയെഴുത്തുകളുടെ ചുരുള്‍ അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ച് ഇറങ്ങുന്ന അവര്‍ അവ ഒരു സാധാരണ കച്ചവടക്കാരന് ചുളു വിലയ്ക്ക് വില്‍ക്കുന്നു. വില്‍പ്പനക്കാരനാവട്ടെ, ഇതിന്റെ മൂല്യം ഒട്ടും അറിയാതെ, നീളം കൂടി എന്നു പറഞ്ഞ് മാവോയുടെ എഴുത്തുള്ള ചുരുള്‍ രണ്ടായി മുറിച്ച് ഷെല്‍ഫില്‍ വെയ്ക്കുന്നു.
പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ഒരാളുടെ വീട്ടില്‍ മൂന്ന് കള്ളന്‍മാര്‍ കയറുന്നു. ചൈനീസ് കമ്യൂണിസ്റ്റ് ഇതിഹാസം മാവോ സേ തുംഗിന്റെ കോടികള്‍ വിലമതിക്കുന്ന കൈയെഴുത്തുകളുടെ ചുരുള്‍ അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ച് ഇറങ്ങുന്ന അവര്‍ അവ ഒരു സാധാരണ കച്ചവടക്കാരന് ചുളു വിലയ്ക്ക് വില്‍ക്കുന്നു. വില്‍പ്പനക്കാരനാവട്ടെ, ഇതിന്റെ മൂല്യം ഒട്ടും അറിയാതെ, നീളം കൂടി എന്നു പറഞ്ഞ് മാവോയുടെ എഴുത്തുള്ള ചുരുള്‍ രണ്ടായി മുറിച്ച് ഷെല്‍ഫില്‍ വെയ്ക്കുന്നു. സംഭവത്തില്‍ അന്വേഷണം മുറുകിയപ്പോള്‍ മോഷ്ടാക്കള്‍ അറസ്റ്റിലാവുന്നു. മാവോയുടെ അത്യപൂര്‍വ്വമായ എഴുത്തുകളുടെ ചുരുള്‍ രണ്ടായി മുറിച്ച വിവരം പുറത്തുവരുന്നു.
ഹോങ്കോംഗിലാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. സംഭവത്തിലെ പ്രതികള്‍ മൂവരെയും കഴിഞ്ഞ ദിവസം ഹോങ്കോംഗ് കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചു. ഇവരിപ്പോള്‍ ജയിലിലാണ്.

മാവോ
2020-ലാണ് ഹോങ്കോംഗിലെ പ്രശസ്തനായ പുരാവസ്തു ശേഖരണ സ്ഥാപനത്തിന്റെ ഉടമ ഫു ചുന്‍സിയാവോയുടെ വീട്ടില്‍ മോഷണം നടക്കുന്നത്. ഫു ചുന്‍സിയാവോ ഹോങ്കോംഗിലെ വീട്ടില്‍നിന്നും ചൈനയിലേക്ക് പോയ സമയത്താണ്, അല്ലറ ചില്ലറ മോഷണങ്ങളും തട്ടിപ്പറിക്കലുകളുമായി കഴിഞ്ഞു പോന്ന മൂന്ന് മോഷ്ടാക്കള്‍ മോഷണം നടത്താന്‍ തീരുമാനിച്ചത്. സംഘത്തിലെ 46-കാരനായ ഹോ യിക് ചിയു, 48 വയസ്സുള്ള ഹുയി ബിംഗ് കെയി, 45 കാരനായ ങ് വിംഗ് ലുന്‍ എന്നിവര്‍ അങ്ങനെ രാത്രിയില്‍ ഫു ചുന്‍സിയാവോയുടെ വീട് കുത്തിത്തുറന്ന് അകത്തുകയറി. അപൂര്‍വ്വമായ പുരാവസ്തുക്കള്‍ കൊണ്ട് നിറഞ്ഞ ആ വീട്ടില്‍ എത്തിയ
മോഷ്ടാക്കള്‍ കണ്ണില്‍ കണ്ടതെല്ലാം എടുത്തു. പുരാതനമായ വസ്തുക്കളും അമൂല്യമായ സ്റ്റാമ്പുകളും അത്യപൂര്‍വ്വ കലാസൃഷ്ടികളും കോടികള്‍ വിലമതിക്കുന്ന അമൂല്യ വസ്തുക്കളുമെല്ലാം എടുത്ത ഇവര്‍ ഇവയൊന്നിന്റെയും മൂല്യമോ വിലയോ അറിയായെ ഇവയുമായി സ്ഥലം വിട്ടു.
അവയില്‍ പലതും തോന്നിയതു പോലെ കിട്ടുന്ന വിലയ്ക്ക് പലര്‍ക്കും വിറ്റു. അങ്ങനെയാണ്, മാവോയുടെ അപൂര്‍വ്വമായ ചുരുള്‍ അടക്കമുള്ള മൂന്നാല് വസ്തുക്കള്‍ ചുളു വിലയ്ക്ക് ഒരു സാധാരണ കച്ചവടക്കാരന് ലഭിച്ചത്. 20 ഹോംങ്കോംഗ് ഡോളറാണ് (1874 രൂപ) കോടികള്‍ വില മതിക്കുന്ന മാവോയുടെ എഴുത്തുകള്‍ക്ക് മോഷ്ടാക്കള്‍ക്ക് ലഭിച്ചത്. അയാള്‍ അവ കടയില്‍ സൂക്ഷിച്ചുവെച്ചു. മാവോയുടെ എഴുത്തുള്ള ചുരുള്‍ നീളം കൂടിയതിനാല്‍ രണ്ടായി മുറിച്ചാണ് അയാള്‍ ഷെല്‍ഫില്‍ വെച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളുടെ വിവരങ്ങള്‍ മാവോ എഴുതിവെച്ച നീളന്‍ കടലാസ് കഷണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മാവോയുടെ നിരവധി കവിതകളും ഇതോടൊപ്പമുണ്ടായിരുന്നു. ഈ നീളന്‍ കടലാസുകള്‍ ചുരുളുകളായാണ് സൂക്ഷിച്ചിരുന്നത്. ഇതാണ് പുരാവസ്തു ശേഖരത്തില്‍ ഉണ്ടായിരുന്നത്.
ചൈനയില്‍നിന്നും ഫു ചുന്‍സിയാവോ മടങ്ങി വന്നപ്പോഴാണ് അപൂര്‍വ്വമായ വസ്തുക്കള്‍ മോഷണം പോയതറിയുന്നത്. അദ്ദേഹം പൊലീസില്‍ പരാതിപ്പെടുന്നു. അന്വേഷണം നടക്കുന്നു. സംഭവം വലിയ വാര്‍ത്തയാവുന്നു. തുടര്‍ന്നാണ് മാവോയുടെ ചുരുള്‍ വാങ്ങിയ ആള്‍ കാര്യം പുലിവാലായെന്ന് മനസ്സിലാക്കി അക്കാര്യം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് മൂന്ന് പ്രതികളും പിടിയിലായി.
മാവോയുടെ ചുരുളിന് മാത്രം 300 മില്യന്‍ ഹോങ്കോംഗ് ഡോളര്‍ (296 കോടി രൂപ) വില വരുമെന്നാണ് ഇതിന്റെ ഉടമസ്ഥാവകാശമുള്ള ഫു പറയുന്നത്. മോഷ്ടാക്കള്‍ കവര്‍ന്ന ആകെ സാധനങ്ങള്‍ക്ക് അഞ്ച് ബില്യന്‍ ഹോങ്കോംഗ് ഡോളര്‍ (4935 കോടി രൂപ) വില വരുമെന്നും ഇദ്ദേഹം പറയുന്നു. മോഷ്ടിച്ച അനേകം വസ്തുക്കള്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ല. മാവോ എഴുതിയ കടലാസ് ചുരുകള്‍ അടക്കമുള്ള ചില വസ്തുക്കള്‍ മാത്രം തിരികെ കിട്ടി. മാവോയുടെ ലിഖിതമുള്ള ചുരുള്‍ ആവട്ടെ രണ്ടായി മുറിച്ചിട്ടുമുണ്ടായിരുന്നു.
