Asianet News MalayalamAsianet News Malayalam

വെറും 60 സെക്കന്‍റ്, കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടുപോയത് അഞ്ച് ലക്ഷ്വറി കാറുകള്‍, വീഡിയോ വൈറല്‍

ഒരു വ്യവസായ യൂണിറ്റില്‍ നിന്നുമാണ് കാറുകള്‍ മോഷണം പോയിരിക്കുന്നത്. കാറുകളുടെ എല്ലാം വില കൂട്ടിയാല്‍ ഏകദേശം ഏഴ് കോടിക്ക് മുകളില്‍ വരും. 

thieves steal luxury cars within 60 seconds
Author
First Published Dec 8, 2022, 10:28 AM IST

കള്ളന്മാര്‍ തങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം മോഷ്ടിച്ച് കൊണ്ടുപോകും. അതിനി മോഷ്ടിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് എന്ന് നമുക്ക് തോന്നുന്ന വസ്തുക്കളാണ് എങ്കിലും അവര്‍ മോഷ്ടിക്കും. സിനിമാ സീനിലെന്ന പോലെയുള്ള ഈ മോഷണങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ നാം അന്തം വിട്ടുപോകാറുണ്ട്. 

വെറും അറുപത് സെക്കന്‍റ് കൊണ്ട് അഞ്ച് ആഡംബര കാറുകള്‍ മോഷ്ടിച്ചിട്ട് പോകാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന് നമുക്ക് ഊഹിക്കാനാവുമോ? കാരണം, അത്രയേറെ സുരക്ഷിതമായിട്ടായിരിക്കും ഉടമകള്‍ ഈ വില കൂടിയ കാറുകള്‍ സൂക്ഷിക്കുക. 

എന്നാല്‍, ഇംഗ്ലണ്ടിലെ എസ്സെക്സില്‍ നിന്നുമുള്ള കള്ളന്മാര്‍ ചെയ്തത് കണ്ടാല്‍ ആരായാലും ഞെട്ടിപ്പോവും. എസ്സെക്സ് കൗണ്ടിയില്‍ വെറും 60 സെക്കന്‍റുകള്‍ കൊണ്ടാണ് കള്ളന്മാര്‍ അഞ്ച് കാറുകള്‍ കടത്തിക്കൊണ്ടു പോയത്. 

സംഭവം സിസിടിവി -യില്‍ പതിഞ്ഞു. അധികം വൈകാതെ തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. വീഡിയോയില്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം നവംബര്‍ 11 -നാണ് ഈ മോഷണം നടന്നിരിക്കുന്നത്. 

വീഡിയോയില്‍ കള്ളന്മാര്‍ മുന്‍വശത്തെ ഗേറ്റ് വഴി കടന്നു വരുന്നത് കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ അഞ്ച് കാറുകളുമായി അവര്‍ പുറത്ത് കടക്കുകയാണ്. രണ്ട് പോർഷെകളും ഒരു മെഴ്‌സിഡസ് മെയ്ബാക്കും ഒരു അപൂർവ ഏരിയൽ ആറ്റവും ഉൾപ്പെടെയാണ് മോഷണം പോയത്. ഈ കാറുകളോടിച്ച് സംഘം തിരികെ പോയതും മുന്‍വശത്തെ ഗേറ്റ് വഴി തന്നെയാണ്. സംഘത്തിലെ ഒരാള്‍ ഗേറ്റ് തുറന്ന് പിടിച്ചു കൊടുത്തു. 

ഒരു വ്യവസായ യൂണിറ്റില്‍ നിന്നുമാണ് കാറുകള്‍ മോഷണം പോയിരിക്കുന്നത്. കാറുകളുടെ എല്ലാം വില കൂട്ടിയാല്‍ ഏകദേശം ഏഴ് കോടിക്ക് മുകളില്‍ വരും. 

എസ്സെക്സ് പൊലീസ് ഇപ്പോഴും കാറുകള്‍ക്കും മോഷ്ടാക്കള്‍ക്കും വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഒരു മെഴ്സിഡസ് മേയ്ബാക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഏതായാലും ബാക്കി കാറുകള്‍ക്കും ഈ കള്ളന്മാര്‍ക്കും വേണ്ടി അന്വേഷണം പൊലീസ് തുടരുകയാണ്. എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കില്‍ തങ്ങളെ അറിയിക്കണം എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios