കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തനിക്ക് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചു. യുപിഐയിൽ നിന്നും നമ്പറെടുത്താണ് അയച്ചത്. അപ്പോൾ തന്നെ താൻ അയാളെ ബ്ലോക്ക് ചെയ്തു.

സാധാരണയായി ഊബർ, ഓല, റാപ്പിഡോ പോലെയുള്ള ഓൺലൈൻ ആപ്പുകൾ വഴി റൈഡ് ബുക്ക് ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദം എന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ. എന്നാൽ, ഇപ്പോൾ കുറച്ച് നാളുകളായി ഈ ടാക്സി ഡ്രൈവർമാരിൽ ചിലരുടെ ഭാ​ഗത്ത് നിന്നും മോശം അനുഭവമുണ്ടാകുന്നതിനെ കുറിച്ച് പല സ്ത്രീകളും തുറന്നു പറയാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഈ യുവതിയും റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. കാബ് ഡ്രൈവർമാരോട് നന്നായി പെരുമാറുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കൂ എന്നും പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

​ഗുരു​ഗ്രാമിൽ നിന്നുള്ള യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. താൻ കാബ് ബുക്ക് ചെയ്തു. ഡ്രൈവർ നല്ലൊരാളാണ് എന്നാണ് തോന്നിയത്. റോഡുകൾ ബ്ലോക്ക് ചെയ്തതിനാൽ ബുദ്ധിമുട്ടൊന്നും കൂടാതെ അയാൾ മറ്റ് വഴികളിലൂടെ പോയി. എത്തിയപ്പോൾ താൻ ആപ്പിൽ കാണിച്ച പൈസ അയാൾക്ക് ഓൺലൈനിൽ നൽകുകയും ചെയ്തു. നല്ല സർവീസായിരുന്നതിനാൽ തന്നെ വീട്ടിലേക്ക് നടക്കുംവഴി താൻ അയാൾക്ക് യുപിഐ വഴി ഒരു 100 രൂപ കൂടി നൽകി. പെട്ടെന്ന് തന്നെ അയാൾ ആ പൈസ തിരിച്ചിട്ടു. അബദ്ധത്തിലാണ് താൻ പൈസയിട്ടത് എന്ന് കരുതിയിട്ടാവും എന്നാണ് താൻ ചിന്തിച്ചത്. താൻ അത് വിശദീകരിക്കാനും നിന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തനിക്ക് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചു. യുപിഐയിൽ നിന്നും നമ്പറെടുത്താണ് അയച്ചത്. അപ്പോൾ തന്നെ താൻ അയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ, പിന്നീടയാൾ പേ ടി എം വഴി മെസ്സേജ് അയച്ചു തുടങ്ങി. അവിടെയും അയാളെ ബ്ലോക്ക് ചെയ്ത ശേഷം താൻ ആപ്പിൽ അയാൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തു. വീടിന്റെ അടുത്താണ് അയാൾ എന്നെ ഇറക്കിയത് എന്നതിനാൽ തന്നെ താൻ വല്ലാതെ ഭയന്നുപോയി. അതിനാൽ ഡ്രൈവർമാരോട് നന്നായി പെരുമാറുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുന്നതാണ് നല്ലത് എന്നാണ് യുവതിയുടെ അഭിപ്രായം.

തനിക്കൊപ്പം കാബിൽ ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. ഡ്രൈവറോട് താൻ സംസാരിച്ചിട്ടേ ഇല്ലാ എന്നും യുവതി പറയുന്നു. നമ്പർ തന്നാൽ ആരെങ്കിലും അയാളെ വിളിച്ച് പേടിപ്പിക്കാമോ എന്നും ചോദിച്ചാണ് യുവതി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകി. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് നിരവധിപ്പേർ കമന്റ് നൽകിയിട്ടുണ്ട്.