തന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത് തന്നെ പരിഹസിക്കാനും ചിരിക്കാനുമുള്ള കാരണമായി മാറുമെന്ന് താൻ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്.

മാനസികാരോ​ഗ്യത്തിന്റെ കാര്യത്തിൽ നാം ഒട്ടും വളർന്നിട്ടില്ല. എന്തിനേറെ പറയുന്നു, മാനസികമായി വയ്യ എന്ന് പറഞ്ഞാൽ പലരും അത് ​ഗൗരവത്തിലെടുക്കാറില്ല. മാനസികാരോ​ഗ്യചികിത്സയുടെ കാര്യത്തിലും നാം വളരെ പിന്നോക്കം തന്നെയാണ്. ശാരീരികമായി വരുന്ന അസുഖങ്ങൾ പോലെ ഒരിക്കലും ആളുകൾ മാനസികമായി വയ്യാത്തതിനെ കണക്കാക്കുകയോ, പരി​ഗണിക്കുകയോ ചെയ്യാറില്ല. അത്തരത്തിലുള്ള ഒരു അനുഭവമാണ് റെഡ്ഡിറ്റിൽ ​ഗു​രു​ഗ്രാമിൽ നിന്നുള്ള ഒരു യുവതി ഷെയർ ചെയ്തിരിക്കുന്നത്. തനിക്ക് മാനസികമായി വയ്യ എന്ന് പറഞ്ഞതിനെ തുടർന്ന് ഓഫീസിൽ നിന്നുണ്ടായ ദുരനുഭവമാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്.

21 വയസുള്ള യുവതി പറയുന്നത്, ഇന്ത്യയിൽ മാനസികാരോ​ഗ്യമെന്ന് പറഞ്ഞാൽ ഇപ്പോഴും തമാശയായി കണക്കാക്കുന്നത് എന്തുകൊണ്ടാണ് എന്ന് തനിക്ക് മനസിലാവുന്നില്ല എന്നാണ്. തന്റെ മാനേജരോട് ആഴ്ചകളായി താൻ തനിക്ക് മാനസികമായി വയ്യ എന്ന് പറയുന്നുണ്ട്. എന്നാൽ, മാനേജർ അത് വേണ്ട ​ഗൗരവത്തിൽ എടുത്തില്ല. ആരും തന്നോട് സഹാനുഭൂതി കാണിച്ചില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓഫീസിൽ വച്ച് താൻ തകർന്നുപോയി. തനിക്ക് ശ്വസിക്കാനായില്ല, താൻ നിർത്താതെ കരഞ്ഞു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.

പിന്നീട്, താൻ ഔദ്യോ​ഗികമായി മെയിൽ അയച്ചു എന്നും അവർ പറയുന്നു. അതിൽ യുവതി അവർക്ക് മാനസികമായി വയ്യ എന്നും കുറച്ച് ദിവസം ഓഫ് വേണമെന്നും കോളുകളെടുക്കാനും മറ്റും പറ്റിയ അവസ്ഥയല്ല എന്നുമെല്ലാം വിശദീകരിക്കുന്നുണ്ട്. എന്നാൽ, പിന്നീട്, താൻ തന്റെ വളരെ വിശ്വസ്തയായ ഒരു സഹപ്രവർത്തകയിൽ നിന്നും അറിഞ്ഞത് ഈ മെയിൽ കിട്ടിയതിന് പിന്നാലെ അവർ തന്നെ പരിഹസിച്ചുകൊണ്ട് സംസാരിച്ചു എന്നാണ്. അത് തന്നെ പൂർണമായും തകർത്തുകളഞ്ഞു. തന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത് തന്നെ പരിഹസിക്കാനും ചിരിക്കാനുമുള്ള കാരണമായി മാറുമെന്ന് താൻ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. ജോലി സ്ഥലത്ത് താൻ എപ്പോഴും നന്നായി പെരുമാറുന്നയാളും നന്നായി ജോലി ചെയ്യുന്ന ആളുമായിരുന്നു. തന്നോട് ഇങ്ങനെ പെരുമാറും എന്ന് കരുതിയില്ല എന്നും യുവതി പറയുന്നു.

അനേകങ്ങളാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവതി പറഞ്ഞത് സത്യമാണ് എന്നും ഇന്ത്യയിൽ‌ ഇപ്പോഴും മാനസികാരോ​ഗ്യം ഒരു തമാശയായിട്ടാണ് പലരും കാണുന്നത് എന്നുമാണ് മിക്കവരും പ്രതികരിച്ചത്.