പശ്ചിമ ആഫ്രിക്ക, എത്യോപ്യ, ടാന്‍സാനിയ, കോംഗോ എന്നിവിടങ്ങളിലെ ഏതാണ്ട് 40 ശതമാനത്തില്‍ കൂടുതല്‍ വൃക്ഷങ്ങളും ചെടികളും പാടേ നശിക്കാന്‍ പോകുന്നുവെന്ന് കണ്ടെത്തല്‍. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വംശനാശം സംഭവിക്കാന്‍ പോകുന്ന ഇനങ്ങളില്‍ വ്യത്യസ്ത ഇനത്തില്‍പ്പെട്ട മരങ്ങളും കുറ്റിച്ചെടികളും ഔഷധ സസ്യങ്ങളും ഉള്‍പ്പെടുന്നു.

വനനശീകരണവും ജനസംഖ്യാ വര്‍ധനവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തുന്നു. ' ജൈവവൈവിദ്ധ്യം മനുഷ്യരാശിക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. ചെടികളും മരങ്ങളും നശിക്കുമ്പോള്‍ നമ്മുടെ ഭാവി തന്നെ അപകടത്തിലാകുന്നു.' ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റെയ്‌നബ്ള്‍ ഡെവലപ്‌മെന്റിലെ ഗവേഷകനായ ഡോ. തോമസ് കൗവ്‌രെര്‍ പറയുന്നു.

ആഫ്രിക്കയുടെ ഉഷ്ണമേഖല പ്രദേശങ്ങളിലുള്ള ജൈവവൈവിദ്ധ്യം നശിക്കുന്നത് വളരെയേറെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ കണ്ടെത്തല്‍ സയന്‍സ് അഡ്‌വാന്‍സസ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ച കണക്കുകള്‍ ഔദ്യോഗികമായി ഐ.യു.സി.എന്‍ പ്രസിദ്ധീകരിച്ച 'ദ റെഡ് ലിസ്റ്റ് ഓഫ് ത്രെട്ടന്‍ഡ് സ്പീഷിസ്' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പത്ത് സസ്തനികളില്‍ ഒന്‍പത് എണ്ണത്തിനെയും മൂന്നില്‍ രണ്ടുഭാഗം പക്ഷികളെയും ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. വംശനാശം സംഭവിക്കാന്‍ പോകുന്ന 20,000 -ല്‍ക്കൂടുതല്‍ ചെടികളെയും നിരീക്ഷിച്ചു. ഇതില്‍ 33 ശതമാനം സസ്യവര്‍ഗങ്ങള്‍ നാശത്തിന്റെ ഭീകരമായ അവസ്ഥ നേരിടുന്നതാണെന്നും മറ്റുള്ളവ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണെന്നും ഇവ സമീപഭാവിയില്‍ പൂര്‍ണമായും നാശോന്മുഖമാകുമെന്നും ഇവരുടെ കണ്ടെത്തല്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ 250 വര്‍ഷക്കാലയളവിനുള്ളില്‍ ഏകദേശം 600 സസ്യവര്‍ഗങ്ങള്‍ നശിച്ചതായി വിലയിരുത്തപ്പെടുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ 500 ഇരട്ടി വേഗത്തിലാണ് സസ്യങ്ങളുടെ വംശനാശം സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. 2019 മെയ് മാസത്തില്‍ യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഒരു മില്യണ്‍ സസ്യജന്തുജാലങ്ങള്‍ വംശനാശത്തിന് വിധേയമായിട്ടുണ്ട്.

സ്‌റ്റോക്ക് ഹോം യൂണിവേഴ്‌സിറ്റിയിലെ ഡോ. എയ്ല്‍സ് ഹംഫ്രീസ് പറയുന്നത് അടുത്ത കാലത്തായി നശിച്ചുപോയ പക്ഷികളെയും മൃഗങ്ങളെയും പലര്‍ക്കും തിരിച്ചറിയാനായേക്കാമെന്നാണ്. എന്നാല്‍, വംശനാശം സംഭവിച്ച സസ്യത്തെ അറിയാവുന്നവര്‍ വളരെ വിരളമായിരിക്കുമെന്ന് ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഏത് തരത്തില്‍പ്പെട്ട ചെടികളാണ് വംശനാശം സംഭവിച്ചതെന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടതെന്നും എവിടെ നിന്നാണ് അവ അപ്രത്യക്ഷമായതെന്നുമെല്ലാമുള്ള ആദ്യത്തെ പഠനമാണ് ഇതെന്ന് ഇവര്‍ പറയുന്നു.

എണ്ണ നിര്‍മിക്കാന്‍ വേണ്ടി വ്യാപകമായി ഉപയോഗിച്ചു വന്ന ചിലി സാന്‍ഡല്‍ വുഡ് എന്ന ചെടി വംശനാശം സംഭവിച്ച ഇനത്തില്‍പ്പെടുന്നു. ആയുസിന്റെ ഭൂരിഭാഗം സമയവും ഭൂമിക്കടിയില്‍ കഴിയുന്ന ബാന്‍ഡഡ് ട്രിനിറ്റി പ്ലാന്റ്, പിങ്ക് നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്ന സെന്റ് ഹെലെന ഒലിവ് എന്നിവയും നശിച്ചുപോയ വര്‍ഗങ്ങളാണ്. ദ്വീപുകളിലും ഉഷ്ണമേഖല പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ 250 വര്‍ഷങ്ങള്‍ കൊണ്ട് 571 സസ്യവര്‍ഗങ്ങള്‍ അപ്രത്യക്ഷമായെന്ന് റോയല്‍ ബൊട്ടാണിക് ഗാര്‍ഡനിലെയും സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സറ്റിയിലെയും ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വംശനാശം സംഭവിച്ച പക്ഷികളുടെയും സസ്തനികളുടെയും ഉഭയജീവികളുടെയും ആകെ എണ്ണത്തേക്കാള്‍ രണ്ടുമടങ്ങ് അധികമാണ് ഇത്.

ഭൂമിയിലെ മനുഷ്യരുടെ ജീവിതം സസ്യജാലങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. മില്യണ്‍ കണക്കിന് മറ്റുള്ള ജീവജാലങ്ങള്‍ സസ്യങ്ങളുമായി ബന്ധപ്പെട്ട് അതിജീവനം നടത്തുന്നു. ഏതൊക്കെ സസ്യങ്ങള്‍ എവിടെ വെച്ചാണ് വംശനാശം സംഭവിച്ചതെന്ന് മനസിലാക്കിയാല്‍ അവിടെയുള്ള മറ്റ് ജീവജാലങ്ങളെക്കൂടി സംരക്ഷിക്കാന്‍ കഴിയും.

സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വംശനാശം തടയാന്‍ ഗവേഷകര്‍ ചില മാര്‍ഗങ്ങള്‍ മുന്നോട്ട വെക്കുന്നു. ലോകത്തിലെ മുഴുവന്‍ സസ്യങ്ങളുടെയും രേഖകള്‍ സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ പടി. ഉണങ്ങിയ ചെടികളെ സംരക്ഷിക്കുക. ഈ രംഗത്ത് ഗവേഷണം നടത്തുന്ന സസ്യശാസ്ത്രജ്ഞന്‍മാരെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ ചുറ്റുപാടുമുള്ള ചെടികളെ നിരീക്ഷിക്കാനും തിരിച്ചറിയാനും പഠിപ്പിക്കണമെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.

ഏത്യോപ്യയില്‍ ഒരു ദിവസം 350 മില്യണ്‍ വൃക്ഷത്തൈകള്‍ നട്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ആകെയുള്ള വനഭൂമിയുടെ 35 ശതമാനം ഇവിടെ നഷ്ടമായിട്ടുണ്ടെന്ന് ഇരുപതാം നൂറ്റാണ്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 -ല്‍ ഇന്ത്യയില്‍ എട്ട് ലക്ഷം പേര്‍ ചേര്‍ന്ന് 50 മില്യണില്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.