ചൈനയിൽ നടന്ന വന്യജീവി അതിജീവന മത്സരത്തിൽ പങ്കെടുത്ത ഷാവോ തീജു എന്ന യുവതി 35 ദിവസം ദ്വീപിൽ കഴിഞ്ഞത് ഞെട്ടിക്കുന്ന രീതിയിലായിരുന്നു. വിശപ്പടക്കാൻ ഞണ്ടുകളെയും കടൽജീവികളെയും കൂടാതെ 50-ഓളം എലികളെയും ഇവർ വേട്ടയാടി ഭക്ഷിച്ചു.  

ചൈനയില്‍ ഇപ്പോൾ ട്രെന്‍റുകളുടെ കാലമാണ്. അതില്‍ ഏറ്റവും ജനപ്രിയമായ ട്രെന്‍റുകളിലൊന്നാണ് വന്യജീവി അതിജിവന മത്സരം. അതെ കേട്ടത് തന്നെ. ഏറ്റവും കൂടുതല്‍ കാലം വനത്തില്‍, പുറത്ത് നിന്നുള്ള സഹായങ്ങളൊന്നുമില്ലാതെ അതിജീവിക്കുക. മത്സരം ഇപ്പോഴും തുടരുകയാണ്. ഇനി രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ (മൂന്നാം സ്ഥാനം നേടിയ) യുവതിയുടെ അതിജീവന കഥകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അതിജീവന മത്സരം

ഒക്ടോബർ 1 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ദ്വീപിലാണ് വനം അതിജീവന മത്സരം ആരംഭിച്ചത്. മറ്റുള്ളവരെല്ലാം മത്സരത്തില്‍ നിന്ന് പിന്മാറിയപ്പോഴും മൂന്ന് പേര്‍ മത്സരം തുടർന്നു. അതില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നവംബര്‍ 4 ന് ദ്വീപിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ഷാവോ തീജു എന്ന യുവതി മത്സരത്തില്‍ നിന്നും പിന്മാറി. ഇവര്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 7,500 യുവാനാണ് (ഏകദേശം 93,576 ഇന്ത്യന്‍ രൂപ) ഷാവോയ്ക്ക് ലഭിച്ച സമ്മാനം. അതിൽ 6,000 യുവാൻ 30 ദിവസം അതിജീവിച്ചതിനും അതിനുപുറമെ ഓരോ ദിവസത്തിനും 300 യുവാൻ വീതവുമാണ് ലഭിച്ചത്.

അസഹ്യം അതിജീവനം

ദ്വീപില്‍ കഴിഞ്ഞ കാലത്ത് ഷാവോയ്ക്ക് 40 ഡിഗ്രി ചൂട് വരെ സഹിക്കേണ്ടിവന്നു. അവളുടെ കൈകളിലും കാലുകളിലും നിരവധി പ്രാണികളുടെ കടിയേറ്റ് പാടുകെട്ടി. അവൾക്ക് ഗുരുതരമായി സൂര്യതാപമേറ്റിരുന്നു. വിശന്നപ്പോൾ ഞണ്ടുകൾ, കടൽച്ചക്കകൾ, അബലോൺസ് തുടങ്ങിയ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചു. അത് കാരണം തന്‍റെ ഭാരം 85 കിലോയിൽ നിന്ന് 71 കിലോയായി കുറഞ്ഞെന്ന് 25 കാരിയായ ഷാവോ പറയുന്നു.

35 ദിവസങ്ങളിലായി താൻ 50 -ഓളം എലികളെ വേട്ടയാടി, തൊലിയുരിച്ചു, വറുത്ത് തിന്നു, മത്സരത്തിൽ നിന്ന് പിന്മാറിയതിനു ശേഷവും കഴിക്കാനായി ദ്വീപില്‍ നിന്നും കുറച്ച് എലിയെ അവൾ കൊണ്ട് വരികയും ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. “എലികൾ വളരെ രുചികരമാണ്,” എന്നാണ് ഷാവോ ഇതേക്കുറിച്ച് പറഞ്ഞത്. ഇനി തനിക്ക് തന്‍റെ കിടക്കയില്‍ നല്ലൊരു ഉറക്കമാണ് വേണ്ടതെന്ന് അവര്‍ പറയുന്നു.

അതിജീവന മത്സരങ്ങൾ

50,000 യുവാൻ (6,23,864 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഒന്നാം സമ്മാനം നേടാനുള്ള ശ്രമത്തിൽ രണ്ട് പുരുഷന്മാർ ഇപ്പോഴും ദ്വീപിൽ തുടരുകയാണെന്ന് മത്സരത്തിന്‍റെ മാനേജർ, ഗെങ് പറയുന്നു. സമീപകാലത്ത് വന്യജീവി അതിജീവന ഗെയിമുകളിൽ ചൈനയിൽ താൽപര്യം വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളും പറയുന്നു. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങ്ജിയാജിയിലെ സെവൻ സ്റ്റാർ പർവതത്തിൽ നടന്നുകൊണ്ടിരിക്കുന്ന അതിജീവന മത്സരം ഈ ഇനങ്ങളിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. 

ആ മത്സരത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വ്യക്തിക്ക് 2,00,000 യുവാൻ (24,95,456 ഇന്ത്യന്‍ രൂപ) ക്യാഷ് പ്രൈസായി ലഭിക്കും. ഇത്തരം മത്സരങ്ങളിലേക്ക് നിരവധി സാധാരണക്കാരാണ് പങ്കെടുക്കാനെത്തുന്നത്. മത്സരങ്ങൾ കാട്ടില്‍ വച്ചിരിക്കുന്ന കാമറകൾ വഴി തത്സമയം ഓണ്‍ലൈനായി കാണാനും നിരവധി പേരാണ് ഉളളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ലോജിസ്റ്റിക്കൽ, മെഡിക്കൽ പിന്തുണ ഇല്ലാത്തതിനാൽ, ഇത്തരം മത്സരങ്ങൾ പകർത്തരുതെന്ന് അതിന്‍റെ സംഘാടകര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു.