ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ അവസ്ഥയെക്കുറിച്ച് സോ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെയും തന്നെ പോലെയുള്ളവരെയും സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി മുന്നോട്ടു വരണമെന്നും അവർ അഭ്യർത്ഥിച്ചു.
സ്വബോധത്തോടെ എത്ര ഭാഷ വേണമെങ്കിലും പഠിക്കാൻ ശേഷിയുള്ളവരാണ് മനുഷ്യർ. എന്നാൽ, പെട്ടെന്ന് ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ നിങ്ങൾ അതുവരെ സംസാരിച്ചുകൊണ്ടിരുന്ന ശൈലിക്ക് വ്യത്യാസം വന്നാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു കാര്യം തൻറെ ജീവിതത്തിൽ സംഭവിച്ചതിന്റെ ഞെട്ടലിലാണ് ഒരു ബ്രിട്ടീഷ് യുവതി ഇപ്പോൾ.
വെൽഷ് ഉച്ചാരണത്തോടെയാണ് താനിപ്പോൾ സംസാരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. സോ കോൾസ് എന്ന യുവതിയാണ് ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ മുതൽ തന്റെ ഉച്ചാരണം വെൽഷ് രീതിയിലേക്ക് മാറിയതായി പറയുന്നത്. ഇപ്പോൾ തന്റെ സംസാരശൈലി വീണ്ടെടുക്കാൻ ആരോഗ്യ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് സോ.
ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലിങ്കൺഷെയറിലെ താമസക്കാരിയാണ് സോ. വെൽഷിലേക്ക് മാറുന്നതിന് മുമ്പ് തന്റെ യഥാർത്ഥ ഉച്ചാരണം ജർമ്മൻ ഭാഷയിൽ ഉള്ളതായിരുന്നു എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഫങ്ഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ എന്ന രോഗം കഴിഞ്ഞവർഷം ഇവർക്ക് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന രോഗാവസ്ഥ കൂടി ഉണ്ട് എന്നാണ് ഇവർ വിശ്വസിക്കുന്നത്.
രോഗാവസ്ഥയുടെ തുടക്ക സമയത്ത് ന്യൂറോളജിസ്റ്റുകൾക്ക് തന്നെ സഹായിക്കാൻ കഴിയും എന്നാണ് വിശ്വസിച്ചിരുന്നത് എങ്കിലും ആ പ്രതീക്ഷ വെറുതെയായി പോയി എന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ അവസ്ഥയെക്കുറിച്ച് സോ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെയും തന്നെ പോലെയുള്ളവരെയും സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി മുന്നോട്ടു വരണമെന്നും അവർ അഭ്യർത്ഥിച്ചു. ആറാഴ്ചയിൽ ഏറെയായി താൻ ഇപ്പോൾ വെൽഷ് ഉച്ചാരണത്തിലാണ് സംസാരിക്കുന്നതെന്നും അതിനെ മറികടക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു. കൂടാതെ ഇതുമൂലം തൻറെ ജോലി നഷ്ടമായതായും ഇവർ പറഞ്ഞു.
തികച്ചും പുതിയ ഉച്ചാരണത്തിൽ സംസാരിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഒരു അപൂർവ മെഡിക്കൽ അവസ്ഥയാണ് ഫോറിൻ ആക്സന്റ് സിൻഡ്രോം. തലയ്ക്ക് പരിക്ക്, തലച്ചോറിന് ഗുരുതരമായ ക്ഷതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് ശേഷം ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഹെൽത്ത്‌ലൈൻ റിപ്പോർട്ട് പ്രകാരം, 1907 -ലാണ് ഈ അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം ഏകദേശം 100 പേർക്ക് മാത്രമേ ഈ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളൂ.
