Asianet News MalayalamAsianet News Malayalam

ഈ പൂച്ചയ്ക്ക് ജോലി ട്രെയിൻ സ്റ്റേഷനിൽ, 'ചീഫ് മൗസ് ക്യാച്ചർ' താരമാണ്...

2021 അവസാനത്തോടെ ഇയാൻ വിരമിച്ചുകഴിഞ്ഞാൽ ജോർജ്ജിനെ മിക്കവാറും ഇയാന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവൻ വെറുമൊരു എലിപിടുത്തകാരനാണ് എന്ന് വിചാരിക്കരുത്. ജോർജ്ജിന് ഒരുപാട് ആരാധകരൊക്കെയുണ്ട്. 

this cat appointed chief mouse catcher
Author
Stourbridge, First Published Jul 7, 2021, 2:38 PM IST

ജോർജ്ജിന് ആറ് വയസ്സേയുള്ളൂ. പക്ഷേ, ട്രെയിൻ സ്റ്റേഷനിലാണ് ജോലി. ഇന്നലെയാണ് ഓഫീസറായി ജോലിയ്ക്ക് കയറിയത്. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരുടെ കണക്ക് അവനും സ്വന്തമായി ഒരു ഐഡി കാർഡുണ്ട്. അതിലെ അവന്റെ മുഖം അവൻ ഇടക്കിടെ കൗതുകത്തോടെ നോക്കും. തനിക്ക് ഇത്രയ്ക്ക് ഭംഗിയുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടും. എന്നാലും ഒരുപാടൊന്നും ആലോചിച്ച് ഇരിക്കാൻ അവന് സമയമില്ല. കാരണം പിടിപ്പത് ജോലിയുണ്ട് അവന് അവിടെ. ചില ദിവസം ഒന്നിരിക്കാൻ പോലും നേരം കിട്ടില്ല. ഒരു കാര്യം പറയാൻ മറന്നു പോയി, ഈ ജോർജ്ജ് ഒരു പൂച്ചയാണ്, കേട്ടോ. എലിയെ പിടിക്കലാണ് അവന്റെ ജോലി.  

വെസ്റ്റ് മിഡ്‌ലാന്റിലെ സ്റ്റോർബ്രിഡ്ജ് ജംഗ്ഷൻ സ്റ്റേഷനിലെ ചീഫ് മൗസ് ക്യാച്ചറാണ് അവൻ. അത് ചില്ലറ സ്ഥാനമൊന്നുമല്ല. തന്റെ കൂട്ടുകാരെല്ലാം അസൂയയോടെ തന്നെ നോക്കുന്നത് ജോർജ്ജിനറിയാം. കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റേഷനിൽ താമസിക്കുകയാണ് അവൻ. എലികളെ പിടിക്കാൻ തനിക്കാവുമെന്ന് ആ വർഷങ്ങളിൽ അവൻ തെളിയിച്ചതാണ്. അങ്ങനെയാണ് അവന് ഈ ജോലി ലഭിക്കുന്നത്. ട്രെയിൻ സ്റ്റേഷനിൽ അവന്റെ നിഴല് കണ്ടാൽ മതി എലികൾ ഓടി ഒളിക്കും. സ്റ്റേഷനിൽ അലഞ്ഞ് നടന്ന് ഒടുവിൽ വിശക്കുമ്പോൾ നല്ല സ്വാദേറിയ ആഹാരം അവനെ കാത്തിരിക്കുന്നുണ്ടാകും. അത് കഴിച്ച് സ്റ്റേഷനിൽ അവനായി മാത്രം ഒരുക്കിയ പ്രത്യേക മെത്തയിൽ കിടന്ന് ഒരു ഉറക്കം!  

സൂപ്പർവൈസർ ഇയാൻ ടോംലിൻസനാണ് അവനെ ടിക്കറ്റ് ഓഫീസിലേക്ക് കൊണ്ടുവന്നത്. ജോർജ്ജും, ഇയാനും തമ്മിൽ വല്ലാത്ത ഒരടുപ്പമാണ്. ജോർജ് പലപ്പോഴും ഇയാന്റെ ജോലി തീരാനായി ക്ഷമയോടെ കാത്തിരിക്കും. ആ സമയം മുഴുവൻ അവൻ സ്റ്റേഷനിൽ കറങ്ങി നടക്കും. വൈകുന്നേരം ഇയാന്റെ ജോലി തീരുമ്പോൾ ഇരുവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങും. 

2021 അവസാനത്തോടെ ഇയാൻ വിരമിച്ചുകഴിഞ്ഞാൽ ജോർജ്ജിനെ മിക്കവാറും ഇയാന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവൻ വെറുമൊരു എലിപിടുത്തകാരനാണ് എന്ന് വിചാരിക്കരുത്. ജോർജ്ജിന് ഒരുപാട് ആരാധകരൊക്കെയുണ്ട്. അവർക്കെല്ലാം അവനോട് എന്ത് സ്നേഹമാണെന്നോ? സ്റ്റേഷനിൽ എത്തുന്ന എല്ലാവരും അവനെയാണ് ആദ്യം തിരക്കുന്നത്. ജീവനക്കാരും, യാത്രക്കാരും അവനെ സമ്മാനങ്ങൾ കൊണ്ട് പൊതിയുന്നു. അവന് അവർ കളിപ്പാട്ടങ്ങളും ഇഷ്ടഭക്ഷണ സാധനങ്ങളും കൊണ്ട് വരുന്നു. "ജോർജ്ജിന് നിരവധി ആരാധകരുണ്ട്. അവനായി ഒരു ട്വിറ്റർ ഞങ്ങൾ തുടങ്ങി. എല്ലായിടത്തുനിന്നുമുള്ള ആളുകൾ ഇപ്പോൾ അവനെ പിന്തുടരുന്നു" ഇയാൻ പറഞ്ഞു. ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് പോലും അവനെത്തേടി സമ്മാനങ്ങൾ എത്തുന്നു. ഇപ്പോൾ അവന് കിട്ടുന്ന പണം എല്ലാം ചാരിറ്റിക്ക് സംഭാവന ചെയ്യുകയാണ്.  

അവന്റെ പ്രശസ്തി അവിടംകൊണ്ടൊന്നും തീരുന്നില്ല. ഒരു മദ്യശാല അവന്റെ പേരിൽ ഒരു ഡ്രിങ്ക് വരെ ഇറക്കി. "ജോർജ്ജ് റെയിൽ ബിയർ" എന്നാണ് അതിന്റെ പേര്. ഇങ്ങനെയൊക്കെയാണെങ്കിലും, അവന് ഒട്ടും അഹങ്കാരമില്ല, ജോലിയോട് കൂറുകുറവുമില്ല. എല്ലാദിവസവും എലികളെ അന്വേഷിച്ച് സ്റ്റേഷന്റെ മൂക്കിലും മൂലയിലും അവൻ എത്തും.  


 

Follow Us:
Download App:
  • android
  • ios