പക്ഷാഘാതം ബാധിച്ച വ്യക്തികളുടെ സ്വാതന്ത്ര്യവും ചലനശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് ഈ മെഡിക്കൽ ഉപകരണത്തിന്റെ പ്രാഥമിക ഉദ്ദേശ്യമെന്ന് മാർക്കസ് ഗെർഹാർഡ് പറഞ്ഞു.
വിഷാദം, പക്ഷാഘാതം, അന്ധത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ജീവിതനിലവാരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്താൻ ശ്രമം നടത്തി ഒരു അമേരിക്കൻ കമ്പനി. ഇതിന്റെ ഭാഗമായി പരീക്ഷണാർത്ഥം ആളുകളുടെ തലച്ചോറിൽ പ്രത്യേകം തയാറാക്കിയ ചിപ്പുകൾ വിജയകരമായി സ്ഥാപിച്ചു. 50 ചിപ്പുകളാണ് ഇത്തരത്തിൽ സ്ഥാപിച്ചത്. ബ്ലാക്ക്‌റോക്ക് ന്യൂറോടെക്ക് എന്ന ബയോടെക് കമ്പനിയാണ് ഈ ആശയത്തിന് പിന്നിൽ. ചിപ്പുകൾ സ്ഥാപിച്ച വ്യക്തികളെ അവരുടെ ചിന്തകൾ ഉപയോഗിച്ച് റോബോട്ടിക് ആയുധങ്ങളും ഇലക്ട്രിക് വീൽചെയറുകളും നിയന്ത്രിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
കമ്പനി സൃഷ്ടിച്ച ചിപ്പുകൾ ഉപയോഗിക്കുന്ന വ്യക്തികളെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കാനും റോബോട്ടിക് ആയുധങ്ങളും വീൽചെയറുകളും നിയന്ത്രിക്കാനും വീഡിയോ ഗെയിമുകൾ കളിക്കാനും അവരുടെ മസ്തിഷ്ക സിഗ്നലുകൾ ഉപയോഗിച്ച് സംവേദനം വീണ്ടെടുക്കാനും അനുവദിക്കുമെന്നാണ് ബ്ലാക്ക്‌റോക്ക് ന്യൂറോടെക്കിന്റെ സഹസ്ഥാപകനായ മാർക്കസ് ഗെർഹാർഡ് അവകാശപ്പെടുന്നത്.
പക്ഷാഘാതം ബാധിച്ച വ്യക്തികളുടെ സ്വാതന്ത്ര്യവും ചലനശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് ഈ മെഡിക്കൽ ഉപകരണത്തിന്റെ പ്രാഥമിക ഉദ്ദേശ്യമെന്ന് മാർക്കസ് ഗെർഹാർഡ് പറഞ്ഞു. പക്ഷെ ഇതിന്റെ പൊതു ഉപയോഗത്തിന് അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ( FDA) അംഗീകാരം ആവശ്യമാണ്.
2004 -ൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നഥാൻ കോപ്‌ലാൻഡ് ഈ സാങ്കേതിക വിദ്യ 2014 ൽ സ്വീകരിച്ച വ്യക്തിയാണ്. തന്റെ മുന്നോട്ടുള്ള ജീവിതത്തെ ഈ നിർണായക തീരുമാനം ഏറെ സഹായിച്ചെന്നും താൻ സംതൃപ്തനാണ് എന്നുമാണ് ഇദ്ദേഹം ഡെയ്ലി സ്റ്റാറിനോട് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
