Asianet News MalayalamAsianet News Malayalam

മകന്‍ മരിച്ചത് മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം, വീടുവീടാന്തരം കയറി ബോധവല്‍ക്കരണം നടത്തുന്ന ദമ്പതികള്‍

ഓരോ ആഴ്ചാവസാനവും ബോധവല്‍ക്കരണപ്രചാരണവുമായി അഞ്ച് കുടുംബങ്ങളിലെങ്കിലും ഈ ദമ്പതികള്‍ ചെല്ലുന്നു.

this couple fighting against drugs that killed their son
Author
Punjab, First Published Oct 5, 2020, 12:30 PM IST

മുക്തിയാര്‍ സിങ്ങിനും ഭാര്യ ഭുപീന്ദര്‍ കൗറിനും ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. അത് മയക്കുമരുന്നിനെതിരെ പോരാടുക എന്നുള്ളതാണ്. പഞ്ചാബ് വര്‍ഷങ്ങളായി അനുഭവിച്ചുപോരുന്ന പ്രശ്‍നമാണ് മയക്കുമരുന്നിന്‍റെ ഉപയോഗം. നേരത്തെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ നടത്തിയ ഒരു സര്‍വേ പ്രകാരം പ്രദേശത്ത് മൂന്നിലൊരാളെങ്കിലും മയക്കുമരുന്നിന്‍റെ പിടിയിലാണെന്നാണ് പറയുന്നത്. അതിലൊരാളായിരുന്നു മന്‍ജീത് സിങ്ങും. 2016 മാര്‍ച്ച് 26 -നാണ് മയക്കുമരുന്നിന്‍റെ ഉപയോഗത്താല്‍ മന്‍ജീത് മരിക്കുന്നത്. മുക്തിയാര്‍ സിങ്ങിന്‍റെയും ഭുപീന്ദര്‍ കൗറിന്‍റെയും മകനാണ് മന്‍ജീത്. 

ഇന്ന് ഈ ദമ്പതികള്‍ സര്‍ക്കാരിനോട് മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. ഓരോ വീടുവീടാന്തരം ചെന്ന് വാതിലില്‍ മുട്ടിവിളിച്ച് മയക്കുമരുന്നിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. ടാണ്‍ ടരണ്‍ ജില്ലയിലെ തങ്ങളുടെ നഗരത്തിലെ താമസക്കാരെയെല്ലാം മുക്തിയാറും ഭുപീന്ദറും സമീപിക്കുന്നു. അവരോട് മയക്കമരുന്നില്‍ നിന്നും മക്കളെ അകറ്റി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാരകമായ മയക്കുമരുന്നുകള്‍ പോലും തങ്ങളുടെ കുട്ടികളുടെ അടുത്തെത്തുന്നുവെന്നും അതവരുടെ മരണത്തിന് വരെ കാരണമായേക്കാമെന്നും അവര്‍ വീട്ടുകാരോട് പറയുന്നു. ഒപ്പം തന്നെ തങ്ങളുടെ മകന്‍റെ മരണത്തെ കുറിച്ചും സംസാരിക്കുന്നു. അവരുടെ വീട്ടില്‍ ആര്‍ക്കെങ്കിലും ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചെല്ലുകയും സഹായം വേണമെങ്കില്‍ അത് തേടിച്ചെല്ലണമെന്നും ഉപദേശിക്കുന്നു. 

'സര്‍ക്കാരുകള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല, കാര്യങ്ങള്‍ എന്നത്തേയും പോലെ മോശമായിത്തുടരുകയാണ്' എന്നാണ് ഈ ദമ്പതികള്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് നേരത്തെ പറഞ്ഞത്. പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്‍റ് ലൈന്‍മാനാണ് മുക്തിയാര്‍. ഓരോ ആഴ്ചാവസാനവും ബോധവല്‍ക്കരണപ്രചാരണവുമായി അഞ്ച് കുടുംബങ്ങളിലെങ്കിലും ഈ ദമ്പതികള്‍ ചെല്ലുന്നു. 'രണ്ട് കുടുംബങ്ങള്‍ അവരുടെ മക്കളുടെ ശരീരം ശവസംസ്‍കാരത്തിനായി എനിക്ക് വിട്ടുനല്‍കിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർ മയക്കുമരുന്ന് മൂലമാണ് മരിച്ചതെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. മറ്റ് കേസുകളിൽ, തങ്ങളുടെ കുട്ടികൾ മയക്കുമരുന്നിന് അടിമകളായി മരിച്ചുവെന്ന് കുടുംബങ്ങൾക്ക് അറിയാം. പക്ഷേ, സാമൂഹികമായിട്ടുള്ള കളങ്കത്തെയും സമൂഹത്തിൽ നിന്നും പോലീസിൽ നിന്നുമുള്ള സമ്മർദ്ദത്തെയും തുടർന്ന് അത് അംഗീകരിക്കുന്നില്ല.' എന്നും അദ്ദേഹം പറയുന്നു.

നേരത്തെ, മുക്തിയാർ തന്റെ മകന്റെ മൃതദേഹവുമായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിനെ സമീപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പഞ്ചാബിലെ യുവാക്കളെ മയക്കുമരുന്നിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios