രോഗികൾക്ക് ഏറെ പ്രിയപ്പെട്ട ഡോക്ടറാണ് അന്ന ലിവിംഗ്‌സ്റ്റൺ. ലണ്ടൻ ബംഗ്ലാ വോയ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് അവർ 80 -കളിലെ തന്റെ രോഗികൾക്ക് വേണ്ടി മാത്രം ബംഗാളി ഭാഷ പഠിച്ച കഥ തുറന്ന് പറഞ്ഞത്.
രോഗികളെ ചികിത്സിക്കാനായി അവരുടെ ഭാഷതന്നെ പഠിച്ച് ശ്രദ്ധേയ ആകുകയാണ് ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള ഒരു ഡോക്ടർ. രോഗികളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസിലെ റിട്ട. ജിപി ആയ ഡോ. അന്ന ലിവിംഗ്‌സ്റ്റൺ ആണ് ഇത്തരത്തിൽ സിൽഹെറ്റി ബംഗാളി ഭാഷ പഠിച്ചത്. ഭാഷ വിവര്‍ത്തനം ചെയ്ത് കൊടുക്കാന്‍ ആരേയും ലഭ്യമല്ലാതിരുന്ന 80 -കളിൽ തന്റെ രോഗികളെ മനസ്സിലാക്കാനുള്ള ഒരു ഉപാധിയായാണ് ലിവിംഗ്സ്റ്റൺ ഇത് പഠിച്ചത്. ഡോക്ടർ സിൽഹെറ്റി ബംഗാളിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാകുകയാണ്.
രോഗികൾക്ക് ഏറെ പ്രിയപ്പെട്ട ഡോക്ടറാണ് അന്ന ലിവിംഗ്‌സ്റ്റൺ. ലണ്ടൻ ബംഗ്ലാ വോയ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് അവർ 80 -കളിലെ തന്റെ രോഗികൾക്ക് വേണ്ടി മാത്രം ബംഗാളി ഭാഷ പഠിച്ച കഥ തുറന്ന് പറഞ്ഞത്. അക്കാലത്ത് തന്നെ കാണാൻ വന്നിരുന്ന രോഗികളിൽ ഭൂരിഭാഗം ആളുകൾക്കും ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്നും കൃത്യമായി അവരുടെ ഭാഷ വിവർത്തനം ചെയ്തു തരാനും ആളില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഇതിനെ തുടർന്നാണ് താൻ തനിയെ ബംഗാളി ഭാഷ പഠിക്കാൻ തീരുമാനിച്ചതെന്നും ഡോക്ടർ അഭിമുഖത്തിൽ പറയുന്നു.
സിൽഹെറ്റി ബംഗാളിക്ക് കൃത്യമായ ഒരു ലിപി ഇല്ലാതിരുന്നിട്ടുകൂടി ഇത്രമാത്രം വ്യക്തമായി ഭാഷ കൈകാര്യം ചെയ്യാൻ പഠിച്ച ഡോക്ടർക്ക് വീഡിയോ കണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. രോഗികൾക്ക് വേണ്ടി മാത്രം മറ്റൊരു ഭാഷ പഠിയ്ക്കാൻ തയ്യാറായ ഡോക്ടറുടെ ആന്മാർത്ഥതയേയും മഹാമനസ്കതയെയും അഭിനന്ദിക്കുകയാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും ഇപ്പോൾ.
കൂടാതെ സൂപ്പർ ഹീറോ എന്നാണ് മറ്റു ചിലർ ഡോ. അന്ന ലിവിംഗ്‌സ്റ്റണെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാലത്ത് സ്വന്തം തൊഴിലിനോട് ഇത്രമാത്രം ആന്മാർത്ഥതയുള്ളവർ കുറവാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും ഡോ. അന്ന ലിവിംഗ്‌സ്റ്റൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹീറോ ആണ്.
