2005 -ൽ കുടുംബത്തിനൊപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയതായിരുന്നു അദ്ദേഹം. അവിടെ വച്ച് ഹോട്ടലിലെ സ്വിമ്മിം​ഗ്‍പൂളിൽ പന്തെറിഞ്ഞ് കളിക്കുന്ന കുട്ടികൾക്കൊപ്പം ചേരാനും അവർക്കൊപ്പം കളിക്കാനും മോ​ഗർന് വലിയ കൊതി തോന്നി. എന്നാൽ, അവൾ അടുത്തെത്തിയതും ആ കുട്ടികൾ പന്തുമെടുത്ത് അവിടെ നിന്നും പോവുകയാണ് ചെയ്തത്. മോ​ർ​ഗന്റെ മുഖത്ത് വേദനയും നിരാശയും നിറഞ്ഞു.

അച്ഛനും അമ്മയ്ക്കും മക്കളോടുള്ള സ്നേഹം അനിർവചനീയമായിരിക്കും. അങ്ങനെയല്ലാതെയുള്ള വാർത്തകളും നമ്മൾ കാണാറുണ്ടെങ്കിലും ഭൂരിഭാ​ഗം മാതാപിതാക്കളും തങ്ങളുടെ മക്കളെ വളരെ അധികം സ്നേഹിക്കുന്നവരാണ്. അവർക്ക് ഒരു കുറവുമുണ്ടാകരുത് എന്നും അവർ മിടുക്കരായിരിക്കണമെന്നും ഒക്കെ അവർ ആ​ഗ്രഹിക്കാറുണ്ട്. അതുപോലെ ഒരു അച്ഛന്റെ കഥയാണിത്. ഭിന്നശേഷിക്കാരിയായ തന്റെ മകൾക്ക് വേണ്ടി യുഎസ്സിൽ നിന്നുള്ള ഒരു അച്ഛൻ ഒരു തീം പാർക്ക് തന്നെ നിർമ്മിച്ച കഥയാണത്.

ടെക്സാസിലെ സാൻ അൻ്റോണിയോയിൽ നിന്നുള്ള ഗോർഡൻ ഹാർട്ട്മാനാണ് ഭിന്നശേഷിക്കാരിയായ മകൾ മോർ​ഗന് വേണ്ടി തീം പാർക്ക് തന്നെ നിർമ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ മോർ​ഗനോട് മറ്റ് കുട്ടികൾ വിവേചനം കാണിക്കുകയും അവളെ അകറ്റി നിർത്തുകയും ചെയ്യുന്നത് അവളുടെ അച്ഛനായ ഹാർട്ട്മാനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 

നേരത്തെ ഒരു ഹോം ബിൽഡറായിരുന്നു ഹാർട്ട്മാൻ. 2005 -ൽ കുടുംബത്തിനൊപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയതായിരുന്നു അദ്ദേഹം. അവിടെ വച്ച് ഹോട്ടലിലെ സ്വിമ്മിം​ഗ്‍പൂളിൽ പന്തെറിഞ്ഞ് കളിക്കുന്ന കുട്ടികൾക്കൊപ്പം ചേരാനും അവർക്കൊപ്പം കളിക്കാനും മോ​ഗർന് വലിയ കൊതി തോന്നി. എന്നാൽ, അവൾ അടുത്തെത്തിയതും ആ കുട്ടികൾ പന്തുമെടുത്ത് അവിടെ നിന്നും പോവുകയാണ് ചെയ്തത്. മോ​ർ​ഗന്റെ മുഖത്ത് വേദനയും നിരാശയും നിറഞ്ഞു. ഇത് ഹാർട്ട്മാനെ വല്ലാതെ അസ്വസ്ഥനാക്കി. അവൾക്കും അവളെ പോലെയുള്ള മറ്റുള്ളവർക്കും വേണ്ടി എന്ത് ചെയ്യാനാകുമെന്നായി പിന്നീട് ഹാർട്ട്മാന്റെ ചിന്ത. 

അങ്ങനെയാണ് ലോകത്തിലെ ആദ്യത്തെ ആക്സസബിലിറ്റി ഫോകസ്ഡായിട്ടുള്ള തീം പാർക്ക് എന്ന ആശയം ഉടലെടുത്തത്. അങ്ങനെ, തൻ്റെ ഹോം ബിൽഡിംഗ് ബിസിനസ്സ് വിറ്റ ശേഷം, ഹാർട്ട്മാൻ 2010 -ൽ ടെക്സാസിലെ സാൻ അൻ്റോണിയോയിൽ മോർഗൻസ് വണ്ടർലാൻഡ് സ്ഥാപിച്ചു. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കുതകുന്ന, അവർക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് മോർ​ഗൻസ് വണ്ടർലാന്റിന്റെ പ്രവർത്തനവും നിർമ്മാണവും. 

ഹാർട്ട്മാൻ തന്റെ മകളെ മനസിൽ വച്ച് ചെയ്ത ഈ പാർക്കിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി രണ്ട് മില്ല്യൺ സന്ദർശകരെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.