ആദ്യമോഷണം അറുപതാം വയസ്സിലായിരുന്നു. അന്ന് ഭക്ഷണം മോഷ്ടിച്ചതിന് പിടിയിലായ അക്കിയോ മുത്തശ്ശിയെ രണ്ടുമാസത്തെ തടവിനുശേഷം വിട്ടയച്ചു. പിന്നീട് തുച്ഛമായ പെൻഷൻ തുകയെ ആശ്രയിച്ചായിരുന്നു ജീവിതം.

വാർദ്ധക്യത്തിൽ എത്തിയ നിരവധിയാളുകളാണ് നമ്മുടെ രാജ്യത്ത് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റയ്ക്ക് ജീവിക്കുന്നത്. ഇവരിൽ പലരും മറ്റൊരു വ്യക്തിയുടെ കൂട്ട് ജീവിതത്തിൽ ആഗ്രഹിക്കുന്നവരും ഏകാന്തജീവിതത്തെ ഭയക്കുന്നവരുമാണ്. എന്നാൽ, പലപ്പോഴും സാഹചര്യങ്ങൾ അത്തരം ജീവിതാവസ്ഥകളിൽ തുടരാൻ പലരെയും നിർബന്ധിക്കുകയാണ് എന്നതാണ് സത്യം. ഒരുപക്ഷേ വരും നാളുകളിൽ നമ്മുടെ നാട് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും ഒറ്റയ്ക്കായി പോകുന്ന വൃദ്ധ ജനങ്ങൾ. 

ഏതാനും ദിവസങ്ങൾക്കു മുൻപ് ജപ്പാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇതുമായി ചേർത്തുവച്ച് വായിക്കേണ്ടതാണ്. കൂട്ടായി ആരുമില്ലാത്ത ഒരു ജപ്പാൻ മുത്തശ്ശി തൻ്റെ ശിഷ്ടകാലം ആരുടെയെങ്കിലും ഒക്കെ കൂടെ ആയിരിക്കണം എന്ന ആഗ്രഹത്തോടെ ജയിൽവാസം തിരഞ്ഞെടുത്ത ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇത്. ഒറ്റയ്ക്ക് മരിക്കാൻ ഭയമായതിനാലാണ് ഈ മുത്തശ്ശി മനപ്പൂർവ്വം നിയമം ലംഘിച്ച് ജയിൽവാസം തേടിയത്. ജയിലിൽ ആണെങ്കിൽ തനിക്ക് കൃത്യസമയത്ത് ഭക്ഷണവും വൈദ്യസഹായവും ലഭിക്കുമെന്നാണ് ഈ മുത്തശ്ശി പറയുന്നത്.

ജപ്പാനിലെ ഏറ്റവും വലിയ വനിതാ ജയിലായ ടോച്ചിഗി വനിതാ ജയിലിൽ നിന്നാണ് ഈ വേറിട്ട സംഭവം പുറത്തുവന്നത്. ഏകദേശം 500 തടവുകാർ ഉള്ള ഈ ജയിലിൽ അവരിൽ അഞ്ചിൽ ഒരാൾ പ്രായമായവരാണ് എന്നാണ് ജയിൽ അധികൃതർ നൽകുന്ന റിപ്പോർട്ട്. ഒരു നേഴ്സിങ് ഹോമിൽ അന്തേവാസികളെ ശുശ്രൂഷിക്കുന്ന അതേ രീതിയിലാണ് ഇപ്പോൾ ഇവിടുത്തെ ജയിൽ ജീവനക്കാർ പല തടവു‌പുള്ളികളെയും ശുശ്രൂഷിക്കുന്നത്.

81 വയസ്സുകാരിയായ അക്കിയോ എന്ന മുത്തശ്ശിയാണ് ഇപ്പോൾ മനപ്പൂർവ്വം തെറ്റ് ചെയ്തു ജയിലിൽ അഭയം തേടിയതിന് വാർത്തകളിൽ നിറയുന്നത്. രണ്ടാം തവണയാണ് ഒരു ബാറിനു മുന്നിൽ നിന്നും മോഷണം നടത്തിയതിന് ഈ മുത്തശ്ശിയെ പിടികൂടുന്നത്. എന്നാൽ, ഈ രണ്ടു മോഷണങ്ങളും ഇവർ മനപൂർവ്വം ചെയ്തതായിരുന്നു. 

ആദ്യമോഷണം അറുപതാം വയസ്സിലായിരുന്നു. അന്ന് ഭക്ഷണം മോഷ്ടിച്ചതിന് പിടിയിലായ അക്കിയോ മുത്തശ്ശിയെ രണ്ടുമാസത്തെ തടവിനുശേഷം വിട്ടയച്ചു. പിന്നീട് തുച്ഛമായ പെൻഷൻ തുകയെ ആശ്രയിച്ചായിരുന്നു ജീവിതം. ഒടുവിൽ മറ്റൊരാളുടെ സഹായമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞതോടെ മുത്തശ്ശി വീണ്ടും ജയിലിൽ അഭയം തേടാൻ തീരുമാനിക്കുകയായിരുന്നു. അതിനായി വീണ്ടും ഒരു മോഷണം കൂടി നടത്തി.

സർക്കാർ കണക്കുകൾ പ്രകാരം, ജപ്പാനിൽ 2022 -ൽ, 80 ശതമാനത്തിലധികം പ്രായമായ സ്ത്രീ തടവുകാരും മോഷണത്തിന് തടവിലാക്കപ്പെട്ടവരാണ്. 65 വയസും അതിൽ കൂടുതലുമുള്ള അന്തേവാസികളുടെ എണ്ണം ജയിലുകളിൽ 2003 -നെ അപേക്ഷിച്ച് ഇപ്പോൾ നാലിരട്ടിയാണ്.

(ചിത്രം പ്രതീകാത്മകം)

കാറിൽ കയറിയ യാത്രക്കാരന് തോന്നിയ തെറ്റിദ്ധാരണ, 30 കൊല്ലം മുമ്പ് വേർപിരിഞ്ഞ കുടുംബത്തെ കണ്ടെത്തി യുവാവ്..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം