വെസ്റ്റ് വിങ്ങിന് പുറത്തുവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് പിച്ചൈയെ പരിചയപ്പെടുത്തിയത്. "ഇദ്ദേഹം ഒരു 'മോൺസ്റ്റർ' ആണ്, അത് അധികമാർക്കും അറിയില്ല" എന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു.

വൈറ്റ് ഹൗസിൽ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി മേധാവികളുമായി നടത്തിയ പ്രധാന കൂടിക്കാഴ്ചയിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയെ പ്രശംസ കൊണ്ട് മൂടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിച്ചൈയെ 'മോൺസ്റ്റർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, സാങ്കേതികവിദ്യാ രംഗത്ത് അദ്ദേഹത്തിനുള്ള വലിയ സ്വാധീനത്തെയും വിജയത്തെയുമാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.

മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ്, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരടങ്ങുന്ന പ്രമുഖ സാങ്കേതിക വിദഗ്ദ്ധരുമായാണ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. എ.ഐ സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേൽനോട്ടം ശക്തമാക്കുന്നതിനുമുള്ള പുതിയ കരാറിൽ ഒപ്പുവെക്കാനാണ് ഇവർ യോഗം ചേർന്നത്.

വെസ്റ്റ് വിങ്ങിന് പുറത്തുവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് പിച്ചൈയെ പരിചയപ്പെടുത്തിയത്. "ഇദ്ദേഹം ഒരു 'മോൺസ്റ്റർ' ആണ്, അത് അധികമാർക്കും അറിയില്ല" എന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു.

സാങ്കേതിക മേഖലയിലെ സ്വയം നിയന്ത്രണം

പുതിയ കരാറിനെക്കുറിച്ച് വിശദീകരിച്ച സുന്ദർ പിച്ചൈ, സാധാരണ കമ്പനികളിൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുപോലുള്ള കോർപ്പറേറ്റ് ഭരണരീതികൾ ഇനി എ.ഐ വികസനത്തിലും കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ശക്തമായ പരിശോധനകൾ, പുറത്തുനിന്നുള്ള ഓഡിറ്റിംഗ്, കമ്പനി ബോർഡുകളുടെ സ്വതന്ത്ര അവലോകനങ്ങൾ എന്നിവ ഉൾപ്പെടുന്ന ബഹുതല മേൽനോട്ട സംവിധാനമാണ് ഈ കരാറിലൂടെ നടപ്പിലാക്കുന്നതെന്ന് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

എ.ഐ കമ്പനികൾ വലിയ രീതിയിൽ സ്വയം നിയന്ത്രണത്തിന് തയ്യാറാകുന്നുണ്ടെന്നും സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തം അവർ മനസ്സിലാക്കുന്നുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡാറ്റാ സെന്ററുകൾക്ക് പിന്തുണയുമായി ട്രംപ്

രാജ്യത്തുടനീളം ഡാറ്റാ സെന്ററുകൾ ഉൾപ്പടെയുള്ള എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെ ട്രംപ് പിന്തുണച്ചു. 'റിയൽ എസ്റ്റേറ്റ് മേഖലയിൽ പരിചയസമ്പത്തുള്ള ആളാണ് ഞാൻ. ഇത്തരം വലിയ കെട്ടിടങ്ങൾ ശക്തവും മനോഹരവുമാണ്, ഒപ്പം അവ പ്രാദേശിക സമൂഹങ്ങൾക്ക് വലിയ സാമ്പത്തിക അഭിവൃദ്ധി നൽകുകയും ചെയ്യും' ട്രംപ് പറഞ്ഞു.

അതേസമയം, എ.ഐ സാങ്കേതികവിദ്യയിൽ വലിയ അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ് അഭിപ്രായപ്പെട്ടു.

Scroll to load tweet…

ചർച്ചയ്ക്ക് ശേഷം സുന്ദർ പിച്ചൈ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവരങ്ങൾ പങ്കുവെച്ചു. 'ഞങ്ങൾ ഇന്ന് പ്രസിഡന്റുമായി വളരെ പ്രധാനപ്പെട്ട ഒരു ചർച്ച നടത്തുകയും 'വൈറ്റ് ഹൗസ് അക്കോർഡ് ഓൺ സൂപ്പർ ഇന്റലിജൻസ്' (White House Accord on Super Intelligence) കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. എ.ഐ വികസനത്തിൽ ഉത്തരവാദിത്തമുള്ള സമീപനമാണ് ഗൂഗിൾ സ്വീകരിക്കുന്നത്. ഇന്ന് ഒപ്പുവെച്ച കരാർ സുരക്ഷിതമായ വികസനത്തിനും സാങ്കേതികവിദ്യയുടെ സാമ്പത്തിക-ശാസ്ത്രീയ നേട്ടങ്ങൾ ലോകത്തിന് നൽകുന്നതിനും ശക്തമായ അടിത്തറയാകും' എന്ന് പിച്ചൈ വ്യക്തമാക്കി.