പുസ്തകത്തിന്റെ പകർപ്പവകാശ പേജിൽ, ലോകപ്രശസ്ത എഴുത്തുകാരിയെ ജോവാൻ റൗളിംഗ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ലോകത്തെമ്പാടുമുള്ള എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ച കൃതിയാണ് ഹാരി പോട്ടര്‍. ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ. കെ റൗളിം​ഗ് രചിച്ച പുസ്തകം. ഈ സാങ്കൽപിക മാന്ത്രിക നോവൽ ഏറ്റവുമധികം വിറ്റഴിഞ്ഞിട്ടുള്ള പുസ്തകങ്ങളിലൊന്നാണ്. വലിയ സാമ്പത്തികനേട്ടമുണ്ടാക്കിക്കൊടുത്ത കൃതി. ഈ നോവലിന്റെ പ്രശസ്തി റൗളിം​ഗിനെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എഴുത്തുകാരിലൊരാളാക്കി. നിരവധി ചലച്ചിത്രങ്ങളും ഈ പരമ്പരകളെ ആധാരമാക്കി ഇറങ്ങി. തീർന്നില്ല, ഒട്ടനവധി ടൈ ഇൻ ഉത്പന്നങ്ങളുണ്ടായി. 

ഇപ്പോഴിതാ, ജെ.കെ റൌളിംഗ് രചിച്ച ഹാരി പോട്ടറിന്‍റെ ഒരു ആദ്യ പതിപ്പ് ലേലത്തില്‍ വിറ്റുപോയത് എത്ര രൂപയ്ക്കാണ് എന്നോ, ഏകദേശം 82 ലക്ഷം രൂപയ്ക്ക്. ആദ്യമായി 1997 -ല്‍ ഇറങ്ങിയ 500 പുസ്തകങ്ങളിലൊന്നാണിത്. നോട്ടിംഗ്ഹം പുസ്തകശാലയില്‍ നിന്നുമാണ് ഇത് വാങ്ങിയിരിക്കുന്നത്. 

പുസ്തകത്തിന്റെ പകർപ്പവകാശ പേജിൽ, ലോകപ്രശസ്ത എഴുത്തുകാരിയെ ജോവാൻ റൗളിംഗ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നോർത്ത് യോർക്ക്ഷെയറിലെ ലേബേണിലെ ലേലക്കാരായ ടെനന്റ്സ്, വോളിയം ഏകദേശം 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ രൂപയ്ക്ക് ഇത് വിൽക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് ഏകദേശം 82 ലക്ഷത്തിന് മുകളില്‍ രൂപയ്ക്ക് ഇത് വിറ്റുപോയിരിക്കുന്നത്. 

ബുധനാഴ്ചയാണ് ലേലം നടന്നത്. ആദ്യപതിപ്പിലെ യഥാര്‍ത്ഥ പ്രതികളില്‍ മുന്നൂറെണ്ണം വിവിധ ലൈബ്രറികളിലാണ് എന്നും ശേഷിച്ചവയില്‍ പലതും നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട് എന്നും ലേലം നടത്തിയവര്‍ പറയുന്നു. 

ഇതേ പുസ്തകത്തിന്റെ, രചയിതാവ് ഒപ്പിട്ട ആദ്യ പതിപ്പ് കഴിഞ്ഞ വർഷം എഡിൻബർഗിൽ ഒരുകോടി 29 ലക്ഷത്തിന് മുകളില്‍ രൂപയ്ക്കാണ് വിറ്റുപോയത്. സമാനമായ ഒരു കോപ്പി നേരത്തെ 70 ലക്ഷത്തിന് മുകളില്‍ രൂപയ്ക്ക് സ്റ്റഫോര്‍ഡ്ഷെയറിലെ ഒരു ലേലത്തില്‍ വിറ്റിരുന്നു.