മേഘാലയയിലെ ഒരു ഐ എ എസ് ഓഫീസര്‍ ചെയ്ത വേറിട്ടൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്താണ് എന്നല്ലേ? ജൈവ പച്ചക്കറികള്‍ വാങ്ങുന്നതിനായി 10 കിലോമീറ്ററാണ് റാം സിങ് എന്ന ഐ എ എസ് ഓഫീസര്‍ നടക്കുന്നത്. വെസ്റ്റ് ഗാരോ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണറാണ് റാം സിങ്. ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതിനായി ഓരോ ആഴ്ചയും അദ്ദേഹം 10 കിലോമീറ്റര്‍ നടക്കും. അതിന്‍റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുക, വാഹനമുണ്ടാക്കുന്ന മലിനീകരണമുണ്ടാകില്ല, നടക്കുന്നത് ആരോഗ്യത്തിനും നല്ലതാണ് എന്നതൊക്കെയാണ്. ഏതായാലും റാം സിങ്ങിന്‍റെ പ്രവൃത്തി മറ്റ് ഉദ്യോഗസ്ഥരെയടക്കം പലരേയും ആകര്‍ഷിക്കുകയും അവര്‍ക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് റാം സിങ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അത് വൈറലായി. ടുറയ്ക്കടുത്തുള്ള ഒരു ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് അദ്ദേഹം പച്ചക്കറി വാങ്ങുന്ന ചിത്രമായിരുന്നു അത്. പച്ചക്കറി വാങ്ങിക്കുന്നതിനായി പരമ്പരാഗതമായ മുളക്കൂട ചുമലില്‍ തൂക്കിയിരിക്കുന്നതും ചിത്രത്തില്‍ കാണാമായിരുന്നു. 

'21 കിലോഗ്രാം ജൈവപച്ചക്കറി ഷോപ്പിങ്... പ്ലാസ്റ്റിക് ഇല്ല, വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമില്ല, ട്രാഫിക് ജാമില്ല, ഫിറ്റ് ഇന്ത്യ, ഫിറ്റ് മേഘാലയ. ജൈവ പച്ചക്കറികള്‍ കഴിക്കൂ, ക്ലീന്‍ ഗ്രീന്‍ ടുറ, 10 കിലോമീറ്റര്‍ മോണിംഗ് വാക്ക്...' എന്നാണ് റാം സിങ് ചിത്രത്തിനൊപ്പം എഴുതിയിരുന്നത്. നിരവധി പേരാണ് റാം സിങിനെ അഭിനന്ദിച്ച് കമന്‍റുകളിടുകയും പോസ്റ്റ് റീ ഷെയര്‍ ചെയ്യുകയുമുണ്ടായത്. 

എന്നാല്‍, റാം സിങിന്‍റെ പോസ്റ്റ് കൂടാതെ റോബര്‍ട്ട് ജി ലിങ്തോ എന്നൊരാള്‍ കൂടി റാം സിങിന്‍റെ ചിത്രങ്ങള്‍ വെച്ച് ഒരു പോസ്റ്റിട്ടിരുന്നു. 'ഇത് റാം സിങ്. എല്ലാ ആഴ്ചയും ഇദ്ദേഹം 10 കിലോമീറ്റര്‍ നടന്ന് ലോക്കല്‍ മാര്‍ക്കറ്റിലെത്തി ആദിവാസികളില്‍ നിന്ന് പച്ചക്കറി വാങ്ങുന്നു. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ പുതിയ മുഖം. ഇതെനിക്ക് പ്രചോദനമാകുന്നു...' തുടങ്ങിയ വാചകങ്ങളാണ് റോബര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. 

ലളിതമായ ജീവിതം, വലിയ പ്രവൃത്തി എന്നാണ് മറ്റൊരാള്‍ കമന്‍റ് ബോക്സിലെഴുതിയിരിക്കുന്നത്. ഏതായാലും തന്‍റെ പ്രവൃത്തിയെ കുറിച്ച് റാം സിങിന് പറയാനുള്ളത് ഇതാണ്, ''ഇത്രയധികം പച്ചക്കറികള്‍ ചുമന്നുപോകാനാവില്ലെന്ന് നിരവധി പേര്‍ പരാതി പറയുന്നുണ്ട്. ഞാനവരോട് പറയുന്നത് നമ്മുടെ പരമ്പരാഗതമായ മുളക്കൂട ഉപയോഗിക്കാനാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും അത് സഹായിക്കും. പക്ഷേ, എല്ലാവരും ഇതിനെ ചിരിച്ചുകൊണ്ട് തള്ളിക്കളയും. ഞാനും ഭാര്യയും മാര്‍ക്കറ്റിലേക്ക് പോകുന്നത് ഈ മുളക്കൂടയുമായാണ്. അതിന് പല പ്രയോജനങ്ങളുണ്ട്. ഇന്ന് പല യുവാക്കളും ആരോഗ്യവാന്മാരല്ല. അവരോട് എനിക്ക് പറയാനുള്ളത് നടക്കാനും ഡയറ്റ് നോക്കാനുമാണ്...'' എന്നാണ്. കഴിഞ്ഞ ആറ് മാസമായി ഞാനിത് തുടരുന്നുവെന്നും റാം സിങ് പറയുന്നു. ഇന്നത്തെ കാലമുണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം മുമ്പ് കാലത്ത് നാം ചെയ്തിരുന്ന കാര്യങ്ങളാണ്. അങ്ങനെ ജീവിച്ചാല്‍ ആരോഗ്യത്തോടെയിരിക്കാം എന്നും അദ്ദേഹം പറയുന്നു.