കമ്പനിയുടെ മാട്രിമോണിയല്‍ ഏജന്‍സി വഴി ജീവനക്കാര്‍ക്ക് സൗജന്യമായി ജീവിതപങ്കാളിയെ കണ്ടെത്താം.  കമ്പനിയുടെ ഈ മാട്രിമോണിയല്‍ സേവനം പ്രയോജനപ്പെടുത്തി വിവാഹം കഴിക്കുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

പല തൊഴില്‍ മേഖലകളും കോവിഡിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടി മുന്നേറുകയാണ്. അക്കൂട്ടത്തില്‍ ഐടി മേഖലയിലും ഇപ്പോള്‍ വലിയ രീതിയിലുള്ള ഉയര്‍ച്ചയാണ് കണ്ടുവരുന്നത്. രണ്ട് വര്‍ഷമായി നീട്ടിവച്ചിരുന്ന പ്രോജക്ടുകള്‍ എല്ലാം ഇപ്പോള്‍ വീണ്ടും പുനഃരാരംഭിക്കുമ്പോള്‍, തൊഴിലാളികളെ പിടിച്ച് നിര്‍ത്താന്‍ അവിശ്വസനീയമായ വാഗ്ദാനങ്ങളാണ് പല കമ്പനികളും നല്‍കുന്നത്. ശമ്പള വര്‍ദ്ധന, വാഹനം, ഫ്‌ലാറ്റ് തുടങ്ങി പലതും കമ്പനികള്‍ ഓഫര്‍ ചെയ്യുന്നു. 

എന്നാല്‍ തമിഴ് നാട്ടിലെ മധുര ആസ്ഥാനമായ ഒരു ഐടി കമ്പനി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജീവനക്കാര്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയാണ്. കമ്പനിയുടെ മാട്രിമോണിയല്‍ ഏജന്‍സി വഴി ജീവനക്കാര്‍ക്ക് സൗജന്യമായി ജീവിതപങ്കാളിയെ കണ്ടെത്താം. കമ്പനിയുടെ ഈ മാട്രിമോണിയല്‍ സേവനം പ്രയോജനപ്പെടുത്തി വിവാഹം കഴിക്കുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂകാംബിക ഇന്‍ഫോസൊല്യൂഷന്‍സ് എന്ന കമ്പനിയാണ് വിചിത്രമെന്ന് വിളിക്കാവുന്ന ഈ ഓഫര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

കമ്പനിയില്‍ മൊത്തം 750 ജീവനക്കാരാണ് ഉള്ളത്. അവര്‍ക്കായാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കമ്പനിയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകാന്‍ തുടങ്ങിയതോടെയാണ് ഈ തന്ത്രം പയറ്റാന്‍ കമ്പനി തീരുമാനിച്ചത്. അവര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് മാട്രിമോണിയല്‍ സേവനങ്ങള്‍ മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്. കെട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് പ്രത്യേക ഇന്‍ക്രിമെന്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ആറ് മുതല്‍ എട്ട് ശതമാനം വരെ ശമ്പളവര്‍ദ്ധനവും നല്‍കുന്നു.

തന്നെ ഒരു സഹോദരനെപ്പോലെയാണ് എല്ലാവരും കാണുന്നതെന്നും, ഇത്തരം വിവാഹങ്ങള്‍ ഒത്തുചേരാനുള്ള നല്ല വഴികളാണെന്നും കമ്പനി സ്ഥാപകന്‍ എംപി സെല്‍വഗണേഷ് പറഞ്ഞു.

അടുത്തിടയായി കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോക്ക് കൂടിയെങ്കിലും ഇവിടെയുള്ള ജീവനക്കാരില്‍ 40 ശതമാനവും അഞ്ച് വര്‍ഷമായി കമ്പനിയിലുള്ളവരാണ്. 'ഒരുപാട് വര്‍ഷമായി ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളുണ്ട് ഇവിടെ. അവര്‍ വേറെ എവിടെയും പോകില്ലെന്ന് കരുതി അവരെ നിസ്സാരമായി കണക്കാക്കാന്‍ സാധിക്കില്ല. അവര്‍ക്ക് കമ്പനിയെ വിട്ട് പോകാനുള്ള അവസരം ഞങ്ങള്‍ നല്‍കാറില്ല. അതിന് മുന്‍പ് തന്നെ ഞങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നു,' സെല്‍വഗണേഷ് പറഞ്ഞു. ഒരിക്കലും തന്റെ ജീവനക്കാരെ വേറെയായി താന്‍ കണ്ടിട്ടില്ല എന്നദ്ദേഹം പറയുന്നു.