കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നു വന്ന ആ നല്ല വാര്‍ത്ത ഓര്‍മ്മയില്ലേ? ഈ കൊറോണാ ഭീതിയുടെ കാലത്ത് 60 കടമുറികളുടെ വാടക വേണ്ടെന്നുവെച്ച കെട്ടിട ഉടമയെ കുറിച്ചുള്ള വാര്‍ത്ത. ചാലിശ്ശേരിയിലെ സി ഇ ചാക്കുണ്ണിയും അദ്ദേഹത്തിന്‍റെ അഞ്ച് ബന്ധുക്കളുമാണ് ഒരുമാസത്തെ വാടക ഒഴിവാക്കിയത്. നിരവധി പേരാണ് ആ നല്ല മനസിന് നന്ദി പറഞ്ഞത്. ഇങ്ങനെ പരസ്‍പരം മനസിലാക്കിയും ചേര്‍ത്തുനിര്‍ത്തിയും കൂടിയാണ് നാം ഈ കൊറോണ കാലത്തെ അതിജീവിക്കുന്നത്. 

അതുപോലൊരു വാര്‍ത്തയാണ് ഇതും. പോര്‍ട്ട്ലണ്ടിലെ നാല്‍പ്പത്തിയാറുകാരനായ നാതന്‍ നിക്കോള്‍സ് തന്‍റെ സ്ഥലത്ത് താമസിക്കുന്നവരോട് വാടക വേണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് മറ്റ് ഭൂവുടമകള്‍ കൂടി അവരുടെ സ്ഥലത്തിന്‍റെ വാടക വേണ്ടായെന്ന് വെക്കണമെന്നും അതിനവരെ പ്രചോദിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്‍തത് എന്നും നിക്കോള്‍സ് പറയുന്നു. 

കഴിഞ്ഞ കുറച്ചാഴ്‍ചകളായി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് തന്‍റെ സ്ഥലത്ത് താമസിക്കുന്നവരെ കുറിച്ച് നിക്കോള്‍സിന് ആശങ്കകളുണ്ട്. രണ്ട് സംഘം ആളുകളാണ് അദ്ദേഹത്തിന്‍റെ സ്ഥലത്ത് താമസിക്കുന്നത്. അവരെല്ലാം വിവിധ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നവരാണ്. അതും മണിക്കൂറിനൊക്കെ ശമ്പളത്തിന്. കൊവിഡ് 19 -ന്‍റെ പശ്ചാത്തലത്തില്‍ പലര്‍ക്കും ജോലി ഇല്ലാതായി. കടകളും റസ്റ്റോറന്‍റുകളുമെല്ലാം അടച്ചിട്ടു കഴിഞ്ഞു. 

''എനിക്ക് രണ്ട് വിഭാഗം വാടകക്കാരുണ്ട്. അതിലൊന്നില്‍ ഒരു കൊച്ചുകുടുംബമാണ് താമസിക്കുന്നത്. അവര്‍ക്ക് ഒന്നോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുകുട്ടിയുമുണ്ട്. ഒരാളുടെ വരുമാനത്തിലാണ് അവര്‍ ജീവിക്കുന്നത്. എനിക്കറിയാം, അവരിപ്പോള്‍ വളരെ മോശം അവസ്ഥയിലാണ് ജീവിക്കുന്നത് എന്ന്. എന്‍റെ മറ്റ് വാടകക്കാര്‍ പ്രായമായവരാണ്. എന്നിട്ടും അവര്‍ ചിലയിടങ്ങളിലൊക്കെ ജോലി ചെയ്‍തിരുന്നു. എനിക്കറിയാം കൊവിഡ് 19 അവരെയും ബാധിച്ചിട്ടുണ്ട് എന്ന്. അവര്‍ക്കാര്‍ക്കും വാടക തരാനുള്ള വകയുണ്ടാകില്ല. ഒരു ജോലിയും ചെയ്യാതെ എങ്ങനെയാണ് പണമുണ്ടാവുക? അപ്പോഴെങ്ങനെയാണ് അവര്‍ക്ക് വാടക നല്‍കാന്‍ കഴിയുക? അതുകൊണ്ടാണ് വാടക വേണ്ടെന്ന് വച്ചത്.'' നിക്കോള്‍സ് പറയുന്നു. ആ വാടകയ്ക്ക് വച്ചിരുന്ന പണത്തിന് അവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനാവുമെന്നും അദ്ദേഹം കരുതുന്നു. 

നിക്കോള്‍സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധിപ്പേരാണ് ഷെയര്‍ ചെയ്‍തത്. 'കൊവിഡ് 19, സേവനമേഖലയില്‍ ജോലി ചെയ്യുന്നവരേയും മണിക്കൂര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവരേയുമെല്ലാം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. എനിക്ക് അത് താങ്ങാനുള്ള കഴിവും ഉടമകളുടെ വിഭാഗത്തിലാണ് ഞാന്‍ പെടുന്നതെന്ന ഭാഗ്യവും ഉണ്ട്. അതുകൊണ്ട്, ഞാൻ ഏപ്രിലിൽ വാടക പിരിക്കില്ലെന്ന് വാടകക്കാരെ അറിയിച്ചു.' എന്നാണ് നിക്കോള്‍സ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. 

തന്നെപ്പോലെ മറ്റ് ഭൂവുടമകളും വാടകക്കാരില്‍നിന്നും ഒരു മാസത്തെ വാടക വാങ്ങാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിക്കോള്‍സ് പറഞ്ഞു. നിരവധിപേര്‍ പോസ്റ്റിനോട് പ്രതികരിച്ചു. എന്നാല്‍, എല്ലാവര്‍ക്കും നിക്കോള്‍സിനെ പോലെ വാടക ഒഴിവാക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകില്ലെന്നും അങ്ങനെയുള്ളവര്‍ അത് ചെയ്യണമെന്നും നിക്കോള്‍സിനെ മാതൃകയാക്കണമെന്നും പലരും എഴുതി. 

എത്രയും പെട്ടെന്ന് ലോകം ഈ മഹാമാരിയില്‍നിന്ന് മുക്തി നേടുമെന്ന് കരുതാം. അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും സഹജീവികളോടുകൂടി കരുതലോടെയിരിക്കാനും നമുക്ക് സാധിക്കട്ടെ.