മജേര്‍ഹാട്ടിനും ന്യൂ അലിപൂര്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള പ്രദേശം... അവിടെയെത്തി കഴിഞ്ഞാല്‍ നിറയെ മരങ്ങളാണ്.. ശുദ്ധമായ വായുവാണ്.. പക്ഷികളുടെയും മൃഗങ്ങളുടേയും ശബ്ദമാണ്. അതിനു പിന്നില്‍ മാണ്ഡു ഹൈട്ട് എന്ന വക്കീലാണ്. ഈ വനം ഉണ്ടാക്കിയിരിക്കുന്നത് അദ്ദേഹമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25,000 മരങ്ങളാണ് മാണ്ഡു നട്ടുപിടിപ്പിച്ചത്. 

കുട്ടിയായിരിക്കുമ്പോള്‍ വെക്കേഷന് വേണ്ടി കാത്തിരിക്കുമായിരുന്നു മാണ്ഡു. ആ സമയമെല്ലാം അവന്‍ പറമ്പില്‍ മരങ്ങളോ, ചെടികളോ നട്ടുപിടിപ്പിക്കാനോ അല്ലെങ്കില്‍ വൃക്ഷത്തണലുകളില്‍ വിശ്രമിക്കാനോ ചെലവഴിച്ചു. ടീനേജായപ്പോഴേക്കും ഈ മരങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നത് മാണ്ഡുവിന്‍റെ ശ്രദ്ധയില്‍ പെട്ടു. 

അതുകഴിഞ്ഞപ്പോള്‍ മറ്റെല്ലാവരേയും പോലെ പഠനത്തിലും അത് കഴിഞ്ഞ് ഒരു ജോലി കണ്ടെത്തുന്നതിലും ശ്രദ്ധിക്കേണ്ടി വന്നിരുന്നു മാണ്ഡുവിന്. അപ്പോഴെല്ലാം ചുറ്റമുള്ള ലോകത്തിന്‍റെ പച്ചപ്പ് നഷ്ടപ്പെടുന്നത് അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ, 2010 -ലാണ് റോഡരികുകളില്‍ മരം നട്ടുപിടിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പക്ഷെ, അതിന് അനുമതി ലഭിച്ചില്ല. കല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ കീഴിലായിരുന്നു ആ സ്ഥലം. അങ്ങനെ അവിടെ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് മാണ്ഡു അധികൃതര്‍ക്ക് ഒരു അപേക്ഷയെഴുതി. പക്ഷെ, ആഴ്ചകളോളം കാത്തിരുന്നിട്ടും പ്രതികരണമുണ്ടായില്ല. 

അതിനെ തുടര്‍ന്നാണ് ചില സുഹൃത്തുക്കളോടും മറ്റും സംസാരിച്ചും ഇന്‍റര്‍നെറ്റില്‍ പരതിയും 'ഗൊറില്ല ഗാര്‍ഡനിങ്ങ്' എന്ന ആശയത്തിലേക്കെത്തുന്നത്. മരം നട്ടുപിടിപ്പിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ആദായമെടുക്കാനുള്ള അവകാശമില്ല എന്നതാണ് ഗൊറില്ല ഗാര്‍ഡനിങ്ങിന്‍റെ പ്രത്യേകത.. 

മാണ്ഡു ചില പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ വിത്തുകള്‍ വാങ്ങുകയും അവ നട്ടുപിടിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. പക്ഷെ, വെള്ളവും പരിചരണവും വേണ്ടത്ര കിട്ടാത്തതുകൊണ്ട് തന്നെ പലതും ഉണങ്ങിക്കരിഞ്ഞു. അങ്ങനെ, അവ ശ്രദ്ധിക്കാന്‍ കുറച്ച് തൊഴിലാളികളേയും അദ്ദേഹം നിയമിച്ചു. മഴക്കാലത്ത് അവ തളിര്‍ത്തു. 

ആഗസ്ത് മാസത്തില്‍ അവ പൂക്കുകയും കായ്ക്കുകയും ചെയ്തു. ഓരോ ദിവസവും അവയെ നോക്കിയിരിക്കുക എന്നത് ധ്യാനിക്കും പോലെയാണ് എന്നാണ് ഇതിനെ കുറിച്ച് അദ്ദേഹം പറയുന്നത്. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മാണ്ഡു ഇത് തുടര്‍ന്നു. സമീപവാസികളായ പലരും ആ മരങ്ങള്‍ പരിചരിച്ചു. 

ഇന്ന്, അവിടെ ഒരു കിലോമീറ്ററില്‍ 250 തരം ചെടികളും മരങ്ങളുമുണ്ട്. സമീപപ്രദേശത്തെല്ലാം ശുദ്ധമായ വായുവെത്തിക്കുന്നു ഇത്. മാത്രമല്ല നിരവധി മൃഗങ്ങളും പക്ഷികളുമുണ്ടിവിടെ.. 11 വര്‍ഷമാകുന്നു മാണ്ഡു ഇങ്ങനെ ചെടികള്‍ നട്ടുതുടങ്ങിയിട്ട്. വരും കാലങ്ങളിലും അത് തുടരണം എന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.