ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് അരുണ്‍ കൃഷ്‍ണമൂര്‍ത്തി. പരിസ്ഥിതി സ്നേഹം കാരണം ഈ യുവാവ് ഉപേക്ഷിച്ചത് ഗൂഗിളിലെ തന്‍റെ ജോലിയാണ്. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ്... ജോലി ഉപേക്ഷിച്ച് ഒരു വലിയ എക്കോ മൂവ്മെന്‍റിന് തന്നെ അരുണ്‍ തുടക്കം കുറിച്ചു. രാജ്യത്തിലെ 14 സംസ്ഥാനങ്ങളിലായി 93 ശുദ്ധജലാശയങ്ങളാണ് അരുണ്‍ വൃത്തിയാക്കിയത്. എന്‍വയോണ്‍മെന്‍റലിസ്റ്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (EFI) എന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പും അരുണ്‍ തുടങ്ങി. 

32 വയസ്സുകാരനായ അരുണിന് ജലാശയങ്ങളോടുള്ള ഇഷ്‍ടമാണ് അവ വൃത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യമായി ചെന്നായിലായിരുന്നു പ്രവര്‍ത്തനം. ലോക്കല്‍ പഞ്ചായത്തുകളുടെ സഹായത്തോടെ തുടങ്ങിയ പ്രവര്‍ത്തനം വിജയത്തിലെത്തിയതോടെ രാജ്യത്തിലാകെ അത് വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.  'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ഫണ്ടിങ്ങും കിട്ടുന്നില്ല. പക്ഷേ, അവരുടെ അനുവാദത്തോട് കൂടി ഞങ്ങളിത് ചെയ്യുന്നു. രാജ്യത്തിലാകെ ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയുണ്ട്...' എന്നും അരുണ്‍ പറയുന്നുണ്ട്. 

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അരുണും അവന്‍റെ പ്രവര്‍ത്തനങ്ങളും പ്രചോദനമാകുന്നു. അരുണിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധസംഘമായി ഈ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവുമുണ്ടാകാറുണ്ട്. 2007 മുതല്‍ EFI പ്രവര്‍ത്തിക്കുന്നുണ്ട്. അന്നുമുതല്‍  ഓരോ ജലാശയങ്ങള്‍ക്കും ഹാനികരമാകുന്ന വസ്‍തുക്കള്‍ നീക്കം ചെയ്യുകയും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്നുണ്ട് ഈ സംഘം. ചെന്നൈ, മുംബൈ, ദില്ലി, കൊല്‍ക്കത്ത, പുണെ, ഹൈദ്രാബാദ്, കൊയമ്പത്തൂര്‍, പുതുച്ചേരി, തിരുവനന്തപുരം, ബംഗളൂരു, തിരുനെല്‍വേലി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം അരുണും സംഘവും എത്തിക്കഴിഞ്ഞു. 2012 -ലെ റോളക്സ് അവാര്‍ഡ് ഫോര്‍ എന്‍റര്‍പ്രൈസ് ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. 

ഓരോ പ്രദേശത്തെയും ആളുകളെ ഈ ജലാശയങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം എന്ന് അരുണ്‍ പറയുന്നു. ജലാശയങ്ങള്‍ വൃത്തിയാക്കുക മാത്രമല്ല. ഈ ജലാശയങ്ങള്‍ വൃത്തിയായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സമീപവാസികളെ ബോധവല്‍ക്കരിക്കുക കൂടി ചെയ്യുന്നു അരുണും സംഘവും.