കാണാന്‍ ഏറെക്കുറെ നമ്മളെ പോലെ തന്നെയുള്ളൊരാള്‍, പേരും ഒന്ന്, ഫേസ്ബുക്ക് പ്രൊഫൈലും ഒരുപോലെ... അങ്ങനെയൊരാളെ കാണാന്‍ നമ്മളാണെങ്കില്‍ എത്രദൂരം യാത്ര ചെയ്യും? എന്തായാലും അധികദൂരമൊന്നും യാത്ര ചെയ്യാന്‍ സാധ്യതയില്ല. ഒന്നുകില്‍ മെസ്സേജ് അയക്കും, അല്ലെങ്കില്‍ വിളിക്കും, അതുമല്ലെങ്കില്‍ ചിലപ്പോള്‍ വീഡിയോ കോള്‍ ചെയ്തേക്കും. എന്നാല്‍, ഇവിടെ ഒരാള്‍ തന്നെപ്പോലെ എന്ന് തോന്നിയ മറ്റൊരാളെ കാണാന്‍ യാത്ര ചെയ്തത് 5800 കിലോമീറ്ററാണ്. 

ബെന്‍ കോഡ്രിങ്ടണ്‍, കെന്‍റിലെ ഒരു ജ്യോഗ്രഫി വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്കില്‍ വെറുതെ സ്ക്രോള്‍ ചെയ്തു പോകുന്നതിനിടെയാണ് കാണാന്‍ തന്നെപ്പോലെ തന്നെയിരിക്കുന്നൊരാളെ ബെന്‍ കാണുന്നത്. യാദൃശ്ചികമാണ് എങ്കിലും അവന്‍റെ പേരും ബെന്നില്‍ തുടങ്ങുന്നതായിരുന്നു. രണ്ടുപേരുടേയും പ്രൊഫൈല്‍ ചിത്രങ്ങളാകട്ടെ ഒരുപോലെയുള്ള ഡ്രസ് ധരിച്ചെടുത്തതും. 

മിക്കവരും ഇതിനെ തികച്ചും യാദൃശ്ചികമായി കാണും. പക്ഷെ, കെന്‍റിലെ ബെന്‍ ഏതായാലും ടൊറന്‍റോയിലെ ബെന്നിനോട് ചാറ്റ് ചെയ്തു തുടങ്ങി. പരിചയപ്പെട്ട് അഞ്ചാമത്തെ ദിവസം കെന്‍റിലുള്ള ബെന്‍ കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്നു അവിടെയുള്ള ബെന്നിനെ കാണാന്‍. പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോഴാണ് രണ്ടുപേരുടേയും ഇഷ്ടങ്ങളും താല്‍പര്യങ്ങളുമെല്ലാം ഏറെക്കുറേ ഒരുപോലെ തന്നെയാണെന്ന് മനസിലാകുന്നത്. ഒരു ദിവസം രണ്ടുപേരും ഒരുമിച്ച് താമസിച്ചു. ബെന്‍ കെന്‍റിലേക്ക് തിരികെ പോരാന്‍ നേരം പറഞ്ഞത് 'എന്നേക്കും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും' എന്നാണ്. 

'ഞാനവനോട് സംസാരിച്ചു തുടങ്ങി. വിശ്വസിക്കാനായില്ല. നമ്മുടേത് ഒരേ പേരായിരുന്നു, ഒരേ ബനാന കോസ്റ്റ്യൂമാണ് പ്രൊഫൈല്‍ ചിത്രത്തില്‍ ധരിച്ചിരുന്നത്. അവനെന്നെ ഒരുമിച്ച് കുറച്ച് നേരം ചെലവഴിക്കാന്‍ ടൊറന്‍റോയിലേക്ക് ക്ഷണിച്ചു. വേറൊന്നും ആലോചിച്ചില്ല. ഞാന്‍ പോയി' എന്ന് ബെന്‍ പറയുന്നു. 

'ഒരുപാട് ദൂരമാണ്. പക്ഷെ, അതുവരെ ഞാന്‍ സമ്പാദിച്ച് വച്ചതുപയോഗിച്ച് അവന്‍റെ അടുത്ത് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരസ്പരം കണ്ടപ്പോള്‍ അദ്ഭുതമെന്നോണം ഞങ്ങളൊരുപോലെയായിരുന്നു'വെന്നും ബെന്‍ പറയുന്നു. 

'എനിക്ക് വിശ്വസിക്കാനായില്ല. അവനെനിക്ക് മെസ്സേജ് അയക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നെ കാണാനെത്തുന്നു. ഇത്ര ദൂരത്ത് നിന്ന് അവനെന്നെ കാണാനെത്തിയതില്‍ എനിക്ക് വളരെ വളരെ സന്തോഷമുണ്ടെ'ന്ന് ടൊറന്‍റോയിലെ ബെന്നും പറയുന്നു.

നോക്കൂ, വേണമെന്നുവച്ചാല്‍ ദൂരമെത്ര ചെറുതാണല്ലേ...