ലേലത്തിൽ തേയിലയുടെ വില ഏകദേശം 67,000 രൂപയിൽ ആരംഭിച്ച്, ഒടുവിൽ വളരെ ഉയർന്ന വിലയ്ക്ക് തേയില വിറ്റുപോവുകയായിരുന്നു. വർഷത്തിലൊരിക്കൽ ഉത്പാദിപ്പിക്കുന്ന ഇത് വേനൽക്കാലത്തിന്റെ തുടക്കത്തിൽ പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിൽ നിന്നാണ് ഉണ്ടാക്കുന്നത്. 

വ്യാഴാഴ്ച ഗുവാഹത്തി ടീ ലേല കേന്ദ്ര(Guwahati Tea Auction Centre)ത്തിൽ (ജിടിഎസി) ഒരു അപൂർവ ഇനം തേയില കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു പോയി. മനോഹരി ഗോൾഡ് ടീ(Manohari Gold Tea) എന്നറിയപ്പെടുന്ന അസാമീസ് തേയിലയാണ് റെക്കോർഡ് വിലയ്ക്ക് വിറ്റുപോയത്. അപ്പർ ആസാമിലെ ദിബ്രുഗഡ് ജില്ല(Assam’s Dibrugarh district)യിലെ മനോഹരി ടീ എസ്റ്റേറ്റാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

2020 -ൽ മനോഹരി ഗോൾഡ് ടീ കിലോയ്ക്ക് 75,000 രൂപയ്ക്കായിരുന്നു വിറ്റുപോയിരുന്നത്. ഇപ്പോൾ ആ റെക്കോർഡ് തകർത്ത് അവർ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ലേലത്തിൽ സൗരവ് ടീ ട്രേഡേഴ്‌സ് ആണ് ഗോൾഡ് ടീ വാങ്ങിയത്. പൊതുലേലത്തിൽ തേയിലയ്ക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്നാണ് പറയുന്നത്. 2018 -ൽ, മനോഹരി ഗോൾഡ് ടീ വിറ്റു പോയത് കിലോയ്‌ക്ക് 39,001 രൂപയ്‌ക്കാണ്. പിന്നീടുള്ള ലേലങ്ങളിൽ ഒന്നും വിലയുടെ കാര്യത്തിൽ ഈ തേയിലയെ ആരും മറികടന്നിട്ടില്ല.

"തേയില ലേലത്തിൽ ഇത് ലോക റെക്കോർഡാണ്. മനോഹരി ഗോൾഡൻ ടിപ്‌സ് ടീ കിലോയ്ക്ക് 99,999 രൂപയ്ക്ക് വിറ്റഴിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ ചായ സവിശേഷവും അപൂർവവുമാണ്. സൗരഭ് ടീ ട്രേഡേഴ്സിന്റെ മംഗിലാൽ മഹേശ്വരിയാണ് ചായ വാങ്ങിയത്" ഗുവാഹത്തി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു. ഗുവാഹത്തി ടീ ലേല കേന്ദ്രത്തിന്റെ ടീ ലോഞ്ച് പരിസരത്ത് ഇപ്പോൾ ഇത് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലേലത്തിൽ തേയിലയുടെ വില ഏകദേശം 67,000 രൂപയിൽ ആരംഭിച്ച്, ഒടുവിൽ വളരെ ഉയർന്ന വിലയ്ക്ക് തേയില വിറ്റുപോവുകയായിരുന്നു. വർഷത്തിലൊരിക്കൽ ഉത്പാദിപ്പിക്കുന്ന ഇത് വേനൽക്കാലത്തിന്റെ തുടക്കത്തിൽ പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിൽ നിന്നാണ് ഉണ്ടാക്കുന്നത്. പറിക്കുന്നത് മുതൽ പാക്കിങ് വരെ മുഴുവൻ വിദഗ്ധരായ ആളുകളാണ് കൈകാര്യം ചെയ്യുന്നത്. മനോഹരി ഗോൾഡ് ടീ നിർമ്മിക്കുന്നത് കൈകൊണ്ട് പറിച്ചെടുക്കുന്ന തളിരുകളിൽ നിന്നാണ്. അതും പ്രഭാതത്തിലാണ് തളിരുകൾ നുള്ളുന്നത്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ, സുഗന്ധമുള്ള, മഞ്ഞകലർന്ന നിറമുള്ള ചായയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് അസം. 200 വർഷമായി അവിടെ തേയില വ്യവസായം വേരുപിടിച്ചിട്ട്.