ജീവനക്കാരന്റെ നല്ല മനസ് കണ്ട് ജനെസ്സ ക്യാഷ് കൗണ്ടറിൽ ചെന്ന് ഭക്ഷണത്തിനുള്ള പണം അടക്കാമെന്ന് പറഞ്ഞു. പക്ഷേ, അതിന് ജീവനക്കാരൻ നൽകിയ മറുപടി അവളെ നിശബ്ദയാക്കി.
എല്ലാവരുടെയും മുഖത്ത് പുഞ്ചിരി സമ്മാനിക്കുന്ന ദയയുടെയും സ്നേഹത്തിന്റെയും നിരവധി ജീവിതാനുഭവങ്ങൾ ഇൻറർനെറ്റിൽ ആളുകൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഹൃദയസ്പർശിയായ ഒരു അനുഭവമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഒരു സ്ത്രീ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത്. അവിടെയുള്ള ഒരു റെസ്റ്റോറന്റ് തെരുവിൽ കഴിയുന്ന ഒരാൾക്ക് വർഷങ്ങളോളം സൗജന്യമായി ആഹാരം നൽകുന്നു എന്നാണ് അവർ എഴുതിയത്.
ഇന്ന് മിക്ക സ്ഥാപനങ്ങളും ലാഭത്തിന്റെ കണക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആ സ്ഥാപനം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആ വയോധികന് ആഹാരം നൽകുന്നു. അതും ഒന്നോ രണ്ടോ ദിവസമല്ല, മറിച്ച് നിത്യവും അദ്ദേഹത്തെ ഊട്ടുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. നെക്‌സ്റ്റഡോർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് യുവതി ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. "ബാഗെൽസ് എൻ ബൺസിൽ രാവിലെ ഞാൻ കണ്ട കാഴ്ച നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു" ഇങ്ങനെയാണ് ആ നീണ്ട കുറിപ്പ് ആരംഭിക്കുന്നത്.
"ഓർഡർ നൽകാൻ ഞാൻ കൗണ്ടറിൽ കാത്ത് നിൽക്കുകയായിരുന്നു. അപ്പോൾ തെരുവിൽ കഴിയുന്ന ഒരാൾ കടയിലേക്ക് കയറി വരുകയും, അവിടെയുള്ള ഒരു ജീവനക്കാരനോട് തന്റെ രണ്ട് ലിറ്റർ കുപ്പിയിൽ വെള്ളം നിറയ്ക്കാൻ ആവശ്യപ്പെടുന്നതായും കണ്ടു. വെള്ളം വേണമെങ്കിൽ പണമടക്ക് എന്ന് ജീവനക്കാരൻ പറയുമെന്ന് ഞാൻ കരുതി. എന്നാൽ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ആ ജീവനക്കാരൻ അദ്ദേഹത്തോട് കൂളറിന്റെ അടുത്ത് ചെന്ന് കുപ്പിയിൽ വെള്ളം നിറച്ചോളാൻ പറഞ്ഞു. കൂടാതെ പോകാൻ ഒരുങ്ങുമ്പോൾ ആ ജീവനക്കാരൻ അദ്ദേഹത്തിന്റെ കൈയിൽ ഒരു ഭക്ഷണപ്പൊതിയും വച്ച് കൊടുത്തു" അവർ എഴുതി.
ജീവനക്കാരന്റെ നല്ല മനസ് കണ്ട് ജനെസ്സ ക്യാഷ് കൗണ്ടറിൽ ചെന്ന് ഭക്ഷണത്തിനുള്ള പണം അടക്കാമെന്ന് പറഞ്ഞു. പക്ഷേ, അതിന് ജീവനക്കാരൻ നൽകിയ മറുപടി അവളെ നിശബ്ദയാക്കി. "ജനെസ്സ, നിങ്ങളുടെ നല്ല മനസ്സിന് നന്ദി. പക്ഷേ അദ്ദേഹത്തിന് വിശക്കുമ്പോഴെല്ലാം ഞങ്ങൾ ആഹാരം നൽകാറുണ്ട്. അദ്ദേഹത്തിനുള്ള ഭക്ഷണം എപ്പോഴും ഇവിടെ ഉണ്ട്" ജീവനക്കാരൻ പറഞ്ഞു. റെസ്റ്റോറന്റ് വർഷങ്ങളായി ഇത് ചെയ്യുന്നുണ്ടെന്നും ജനെസ്സ പോസ്റ്റിൽ പറയുന്നു. ഓൺലൈനിൽ പോസ്റ്റിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് റെസ്റ്റോറന്റിന്റെ ഈ നല്ല പ്രവൃത്തിയെ പ്രശംസിക്കാനായി മുന്നോട്ട് വരുന്നത്.
