2019 മാർച്ചിലാണ് ​ഗബ്രിയേലയുടെ വിവാഹമോചന പാർട്ടി നടക്കുന്നതും അവിടെ വച്ച് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നതും. ആ വിവാഹമോചനാഘോഷം തന്റെ ജീവിതം എന്നേക്കുമായി മാറ്റിത്തീർക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.

സ്നേഹം വിചിത്രമായ പല സ്ഥലങ്ങളിലും വച്ച് നമ്മെ കണ്ടുമുട്ടും എന്ന് പറയാറുണ്ട്. ​ഗബ്രിയേല ലാൻഡോൽഫി എന്ന യുവതിയുടെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. ഈ 29 -കാരി ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വച്ചാണ് വീണ്ടും തന്റെ പ്രണയത്തെ കണ്ടുമുട്ടിയത്. അത് സ്വന്തം വിവാഹമോചനത്തെ തുടർന്ന് സംഘടിപ്പിച്ച പാർട്ടിക്കിടയിലാണ്. 

വിവാഹമോചനത്തിന്റെ പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു വെയിറ്ററുമായി ​ഗബ്രിയേല പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഒരു മാസത്തെ ഡേറ്റിം​ഗിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഇപ്പോൾ അവർക്ക് ഒരു കുഞ്ഞുമുണ്ട്. ഈ പ്രണയം തുടങ്ങുന്നത് ഒരു മെസേജിലൂടെയാണ്. വിവാഹമോചനത്തിന്റെ പാർട്ടി കഴിഞ്ഞു പോയ ശേഷം വെയിറ്ററായിരുന്ന ജോൺ ലാൻഡോൽഫി എന്ന 28 -കാരൻ അവൾക്ക് മെസേജ് അയക്കുകയായിരുന്നു. ​ഗബ്രിയേല ഓക്കേയാണോ എന്ന് അറിയാനായിരുന്നു മെസേജ്. അങ്ങനെയാണ് വ്യത്യസ്തമായ ഈ പ്രണയത്തിന്റെ ആരംഭം. 

"എന്റെ വിവാഹമോചന പാർട്ടിക്കായി ഞാൻ വാടകയ്‌ക്കെടുത്ത വെയിറ്ററായിരുന്നു ജോൺ. ആ ടോപ്‍ലെസ് വെയിറ്ററുമായി ഒരു ബന്ധത്തിലാവുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവനെ അടുത്തറിഞ്ഞപ്പോഴാണ് എത്ര നല്ല വ്യക്തിയാണ് അവൻ എന്ന് എനിക്ക് മനസിലാവുന്നത്" എന്ന് ഗബ്രിയേല SWNS -നോട് പറഞ്ഞു.

2019 മാർച്ചിലാണ് ​ഗബ്രിയേലയുടെ വിവാഹമോചന പാർട്ടി നടക്കുന്നതും അവിടെ വച്ച് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നതും. ആ വിവാഹമോചനാഘോഷം തന്റെ ജീവിതം എന്നേക്കുമായി മാറ്റിത്തീർക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. 'അവസാനം ഞാൻ സ്വതന്ത്രയായി എന്ന് തിരിച്ചറിഞ്ഞപ്പോൾ അത് ഞാൻ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന് ജോൺ കൂടുതൽ സംസാരിച്ചതായോ ഒന്നും എനിക്ക് ഓർമ്മയില്ല. എന്നാൽ, അവിടെ നിന്നും പോയി കഴിഞ്ഞ് എനിക്ക് മെസേജ് അയക്കുകയായിരുന്നു' എന്ന് ​ഗബ്രിയേല പറയുന്നു. 

പിന്നീട്, ഇരുവരും കാണാൻ തുടങ്ങി. ഇരുവർക്കും പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങി. ഏപ്രിൽ മാസത്തിൽ ഇരുവരും ഔ​ദ്യോ​ഗികമായി ഡേറ്റിം​ഗ് തുടങ്ങി. അങ്ങനെ 2020 -ൽ ഇരുവരും വിവാഹിതരായി. ജോണിന് നേരത്തെ ഒരു ബന്ധത്തിൽ ഒരു മകളുണ്ട്. ​ഇപ്പോൾ ​ഗബ്രിയേലയ്ക്കും ജോണിനും ഒരു മകൻ കൂടി ഉണ്ട്.