നേരത്തെ 'ആണത്തം' തോന്നിയില്ല, ലക്ഷങ്ങൾ ചെലവഴിച്ച്, അതിവേദനയിലൂടെ കടന്നുപോയി ഉയരം കൂട്ടി യുവാവ്
തുർക്കിയിൽ നടന്ന സർജറി വളരെ അധികം വേദനയുണ്ടാക്കുന്നതും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. മാത്രവുമല്ല, എളുപ്പത്തിൽ ശരീരം ഇതിനോട് പൊരുത്തപ്പെടുകയും ഇല്ല. അതിന് ഒരുപാട് നേരം എടുക്കും. എന്നാൽ, ഇത്രയെല്ലാം സഹിച്ചാലും ഇതിന്റെ ഫലം ഒടുക്കം സന്തോഷം തരുന്നതാവും എന്നും തനിക്ക് അത് മതി എന്നും യുവാവ് പറയുന്നു.

ശാസ്ത്രവും ആരോഗ്യരംഗവും ഒരുപോലെ വളർച്ച പ്രാപിച്ച ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പണ്ട് മനുഷ്യർക്ക് സാധ്യമല്ല എന്ന് തോന്നിയിരുന്ന പലതും ഇന്ന് മനുഷ്യന് സാധ്യമാകുന്നുണ്ട്. ആളുകൾ സർജറികളിലൂടെയും മറ്റും തങ്ങളുടെ രൂപം തന്നെ മാറ്റുന്നു. അതുപോലെ നാം കരുതിയിരുന്നതാണ് നമ്മുടെ നീളം നമുക്ക് ഒരിക്കലും വർധിപ്പിക്കാൻ സാധിക്കില്ല എന്നത്. എന്നാൽ, ഇന്ന് ഒരുപാട് പണം ചെലവാക്കിയും വേദനയേറിയ ശസ്ത്രക്രിയയിലൂടെ കടന്നുപോയും നീളം കൂട്ടുന്നവരും ഉണ്ട്. ജർമ്മനിയിൽ നിന്നുള്ള ഈ 21 -കാരനും അത് തന്നെയാണ് ചെയ്തത്.
നീളം കൂട്ടുന്നതിന് വേണ്ടി മൂന്ന് സർജറികളിലൂടെയാണ് 21 -കാരനായ യുവാവ് കടന്നു പോയത്. അതിലൂടെ 5'8 -ൽ നിന്നും ഏഴിഞ്ച് കൂട്ടി 6’3 ആയിട്ടുണ്ട് ഇപ്പോൾ യുവാവിന്റെ നീളം. ഉയരം കുറവായിരുന്നത് കാരണം തനിക്ക് നേരത്തെ 'ആണത്തം' അനുഭവപ്പെട്ടിട്ടില്ല എന്നും ഇപ്പോഴാണ് തനിക്ക് അത് അനുഭവപ്പെടുന്നത് എന്നുമാണ് യുവാവിന്റെ വാദം. ടിക്ടോക്കിൽ @le_tremba എന്ന തന്റെ അക്കൗണ്ടിലൂടെ ഇയാൾ തന്റെ നീളം കൂട്ടുന്നതിന് വേണ്ടിയുള്ള യാത്രയുടെ വിവരങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.
"1.70 മീറ്റർ എന്ന് പറയുമ്പോൾ നീളം കുറവാണ്. അത് എന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചു. എനിക്ക് ആണത്തം ഉള്ളതായി തോന്നിയില്ല. 1.75 മീറ്ററോ അതിലധികമോ ഉയരമുള്ള സ്ത്രീകൾ പോലുമുണ്ട്" എന്നാണ് ഒരു ടിക്ടോക്ക് വീഡിയോയിൽ ഇയാൾ പറഞ്ഞത്. തുർക്കിയിൽ നടന്ന സർജറി വളരെ അധികം വേദനയുണ്ടാക്കുന്നതും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. മാത്രവുമല്ല, എളുപ്പത്തിൽ ശരീരം ഇതിനോട് പൊരുത്തപ്പെടുകയും ഇല്ല. അതിന് ഒരുപാട് നേരം എടുക്കും. എന്നാൽ, ഇത്രയെല്ലാം സഹിച്ചാലും ഇതിന്റെ ഫലം ഒടുക്കം സന്തോഷം തരുന്നതാവും എന്നും തനിക്ക് അത് മതി എന്നും യുവാവ് പറയുന്നു. ഉയരത്തിലൊന്നും ഒരു കാര്യവുമില്ല എന്ന് പറയുന്നത് കള്ളമാണ് എന്നാണ് യുവാവിന്റെ അഭിപ്രായം.
അമ്പത് ലക്ഷം രൂപ വരെയാണ് ഈ സർജറിക്ക് യുകെയിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. അതേ സമയം യുഎസ്സിൽ ഇത് 57 ലക്ഷം വരെയാണ്.