തനിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായി എന്ന് ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഡേവിഡിന്റെ ചേട്ടന്റെ വീട്ടിൽ എത്തുന്നത്. 

ഫ്ലോറിഡയിൽ സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ച ഒരു 64 -കാരനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചു. ചേട്ടൻ കഴിക്കാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ച പൈ എടുത്ത് അനിയൻ കഴിച്ചു. ഇതായിരുന്നു വഴക്കിന് കാരണമായി തീർന്നത്. 

ഡേവിഡ് ഷെർമാൻ പവൽസൺ എന്നാണ് 64 -കാരന്റെ പേര്. കൊടിയ കുറ്റകൃത്യമാണ് ഡേവിഡ് ചെയ്തത് എന്ന മട്ടിലാണ് അയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. അത് പ്രകാരം ഫ്ലോറിഡയിൽ ആരെങ്കിലും ഇത്തരം കുറ്റകൃത്യം ചെയ്താൽ അനുഭവിക്കേണ്ടുന്ന ശിക്ഷ തന്നെ ഡേവിഡും അനുഭവിക്കേണ്ടി വരും. അത് 30 വർഷത്തെ തടവാണ്. എന്നാൽ, കുറ്റം ചെയ്യുന്ന വ്യക്തി 65 വയസിന് മുകളിൽ പ്രായമുള്ള ആളാണ് എങ്കിൽ മൂന്ന് വർഷത്തെ തടവ് അനുഭവിച്ചാൽ മതിയാവും. 

തനിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായി എന്ന് ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഡേവിഡിന്റെ ചേട്ടന്റെ വീട്ടിൽ എത്തുന്നത്. അവിടെവച്ചാണ് ഡേവിഡ് തന്നെ ഉപദ്രവിച്ചതായി സഹോദരൻ പരാതി നൽകുന്നതും. കലഹം തുടങ്ങിയത് സഹോദരൻ കഴിക്കാൻ വച്ചിരുന്ന കീ ലൈം പൈ ഡേവിഡ് എടുത്തതിനെ തുടർന്നാണ്. 

സഹോദരൻ അത് ചോദ്യം ചെയ്തു. താൻ കഴിക്കാൻ വേണ്ടി സൂക്ഷിച്ചു വച്ചതായിരുന്നു ആ കീ ലൈം പൈ എന്ന് സഹോദരൻ പറയുന്നു. എന്നാൽ, അത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഡേവിഡ് അവിടെയുണ്ടായിരുന്ന രണ്ട് ​ഗ്ലാസ് വെള്ളമെടുത്ത് തന്റെ ദേഹത്തേക്ക് ഒഴിച്ചു. അതോടെ താൻ ഭയന്നു. ഡേവിഡ് തന്നെ അക്രമിക്കുമോ കൊല്ലുമോ എന്നൊക്കെയായിരുന്നു തന്റെ പേടി എന്നായിരുന്നു സഹോദരന്റെ പരാതി. 

എന്നാൽ, ആ പൈ ദിവസങ്ങളായി ഫ്രിഡ്ജിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് താൻ അത് എടുത്ത് കഴിച്ചത് എന്നായിരുന്നു ഡേവിഡ് പറഞ്ഞത്. ഏതായാലും ഈ വിചിത്രമായ സംഭവത്തിൽ ഡേവിഡിന് വിധിച്ചിരിക്കുന്നത് 30 കൊല്ലത്തെ തടവാണ്.