Asianet News MalayalamAsianet News Malayalam

Collarwali : 29 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കടുവ, സൂപ്പര്‍ അമ്മ 'കോളര്‍വാലി' ഇനിയില്ല

2008 മെയ് മാസത്തിൽ കോളർവാലി ആദ്യമായി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവ ജീവിച്ചില്ല. അവസാനമായി, 2018 ഡിസംബറിലാണ് കടുവ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതോടെ അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം 29 ആയി. 

Tigress Collarwali mother of 29 dies
Author
Madhya Pradesh, First Published Jan 17, 2022, 10:53 AM IST

മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിലെ ( Pench Tiger Reserve- PTR) 'കോളർവാലി'(Collarwali) എന്നും മാതരം എന്നും വിളിക്കപ്പെട്ടിരുന്ന കടുവ ഓര്‍മ്മയായി. വളരെ പ്രശസ്തയായ കോളര്‍വാലിയുടെ വിയോഗത്തില്‍ നിരവധിപ്പേരാണ് വേദന അറിയിച്ചത്. 16 വയസുള്ള കോളര്‍വാലിയെ ശനിയാഴ്ച വൈകുന്നേരമാണ് ചത്തനിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമായ മരണമാണ് എന്നും പിടിആര്‍ അധികൃതര്‍ പറയുന്നു. 

ജനുവരി 14 -നാണ് ഔദ്യോഗികമായി ടി -15 എന്ന് പേരിട്ടിരിക്കുന്ന കടുവയെ അവസാനമായി കണ്ടെത്തിയത്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്നു അന്നവള്‍. വിദഗ്ധര്‍ പറയുന്നത് ഒരു കടുവയുടെ ശരാശരി പ്രായം 12 വരെയാണ് എന്നാണ്. കോളര്‍വാലി 2005 സെപ്റ്റംബറിൽ പ്രശസ്ത കടുവ ടി -7 യുടെ നാല് കുട്ടികളിൽ ഒന്നായി ജനിച്ചു. 2010 ഒക്ടോബർ 23 -ന് അഞ്ച് കുഞ്ഞുങ്ങൾക്ക് (നാല് പെണ്ണും ഒരു ആണും) ജന്മം നൽകി. 

2008 മാർച്ചിൽ റേഡിയോ കോളർ ചെയ്തു. ആ റേഡിയോ കോളറിന്റെ പ്രവർത്തനം നിലച്ചതിന് ശേഷം, 2010 ജനുവരിയിൽ അവൾക്ക് വീണ്ടും റേഡിയോ കോളർ ചെയ്തു. അങ്ങനെയാണ് കടുവ പിന്നീട് "കോളർവാലി" എന്ന പേരിൽ പ്രശസ്തയായത്. എന്നാൽ, 2008 -നും 2018 -നും ഇടയിൽ 11 വർഷത്തിനിടെ 29 കുഞ്ഞുങ്ങളുടെ അമ്മയായി എന്ന നിലയിലാണ് കടുവ ഏറ്റവും പ്രശസ്തമായത്. 

2008 മെയ് മാസത്തിൽ കോളർവാലി ആദ്യമായി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവ ജീവിച്ചില്ല. അവസാനമായി, 2018 ഡിസംബറിലാണ് കടുവ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതോടെ അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം 29 ആയി. അതില്‍, 25 എണ്ണവും അതിജീവിച്ചു. പിടിആറിലെ കടുവകളുടെ എണ്ണം ഉയര്‍ത്തിയതില്‍ അവള്‍ വലിയ പങ്ക് വഹിച്ചു. അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട കടുവ കൂടിയായിരുന്നു കോളര്‍വാലി. ഒപ്പം ലോകത്തിലെ തന്നെ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട കടുവ കൂടിയാവും കോളര്‍വാലി. 

നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അവളുടെ വിയോഗത്തിലുള്ള വേദന പങ്കുവച്ചത്. സൂപ്പര്‍ അമ്മയ്ക്ക് സല്യൂട്ട് എന്ന് പലരും കുറിച്ചു. 

Follow Us:
Download App:
  • android
  • ios